അത്മീയത്തിന്റെ പേരില്‍ വന്‍ കച്ചവടം.
തങ്കം ജോണ്‍
ആത്മീയത്തിന്റെ പേരില്‍ വന്‍കച്ചവടം നടക്കുന്നതായി യുഎസ് ട്രിബ്യൂണ്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. സഭാ, മത വ്യത്യാസമില്ലാതെ ആത്മീയ വ്യവസായം തഴച്ചുവളരുകയാണ്. ചൂഷണം ചെയ്യപ്പെടുന്ന ജനങ്ങള്‍ അവരറിയാതെ അവരുടെ സമ്പത്ത് ദൈവത്തിന്റെ പേരില്‍ ഊറ്റിയെടുക്കുന്നു. ആള്‍ ദൈവങ്ങളുടെ അത്ഭുതങ്ങള്‍ കണ്ട് വലിയൊരു കൂട്ടം അവരില്‍ വിശ്വസിച്ച് അന്ധമായ ആത്മീയ വിശ്വാസത്തിന് അടിമകളായി മാറുന്നു. ആത്മീയത്തിന്റെ പേരില്‍ നടക്കുന്ന അരാജകത്വങ്ങള്‍ പലതും പുറംലോകം അറിയാതെ കുഴിച്ചുമൂടപ്പെടുന്നു. ലൈംഗിക ചൂഷണവും സാമ്പത്തിക ചൂഷണവും വ്യാപകമായി മാറി. പ്രതികരിക്കുന്നവരെ ഉന്മൂലനം ചെയ്യുവാന്‍ ആള്‍ദൈവങ്ങള്‍ക്ക് പ്രത്യേക സംരക്ഷണപ്പടയും നിലകൊളളുന്നു.
ക്രൈസ്തവസമൂഹത്തില്‍ ആത്മീയ ചൂഷകരുടെ കടന്നുകയറ്റമായിരുന്നു കഴിഞ്ഞ ചില വര്‍ഷങ്ങളില്‍. രോഗത്തിന്റെ പേരിലും, ശാപത്തിന്റെ പേരിലും വേദപുസ്തക വചനങ്ങളെ കൂട്ടികൂഴച്ചുകൊണ്ട് ഒരു കൂട്ടര്‍ സമ്പന്നരായി മാറിക്കഴിഞ്ഞു. സാമ്പത്തികമായി ഒന്നും ഇല്ലാത്തവരും മറ്റു വിദ്യാഭ്യാസ യോഗ്യതകളും ഇല്ലാത്ത ഇവര്‍ ഇന്നു താമസിക്കുന്ന ആഡംബര സൗധങ്ങളും യാത്ര ചെയ്യുന്ന വാഹനങ്ങളും ജീവിതരീതിയും കണ്ടാല്‍ അന്താളിച്ചുപ്പോകും. എപ്പിസ്‌കോപ്പല്‍ സഭകളിലെ ചില കരിസ്മാറ്റിക് ഗ്രൂപ്പുകളും പകുതി പെന്തക്കോസായ ന്യൂ ജനറേഷന്‍ വ്യക്തികളുടെ സംഘടനകളും വ്യാപകമായി വിശ്വാസികളെ ചൂഷണം ചെയ്യുന്നു. ദശാംശത്തിന്റെ പേരു പറഞ്ഞ് അവരുടെ അദ്ധ്വാനത്തിന്റെ പത്തിലൊന്ന് ഈ ആള്‍ രൂപങ്ങളുടെ സംഘടനകള്‍ക്ക് നല്‍കി ചതിക്കപ്പെടുകയാണ്. മനുഷ്യരെ ഭയപ്പെടുത്തി രോഗത്തിന്റെ പേരിലും പൂര്‍വ തലമുറയുടെ ശാപത്തിന്റെ പേരിലും വിശ്വാസത്തിനടിമകളാകുന്നവരുടെ നിര കൂടിക്കൊണ്ടേയിരിക്കുന്നു.
രോഗസൗഖ്യത്തിന്റെ പേരില്‍ ഒരു സമൂഹത്തെ പണംകൊടുത്ത് ഒരുക്കിയെടുക്കുന്ന പ്രൊഫഷണല്‍ ആരാധനാരീതികളില്‍പോലും മാറ്റങ്ങള്‍ അവലംബിച്ച ഈ കൂട്ടര്‍ വിശ്വാസികളെക്കൊണ്ട് ആരാധനയുടെ പേരില്‍ അട്ടഹസിപ്പിക്കുക, വിശുദ്ധചിരി, ഊതിവീഴ്ത്തല്‍, ശര്‍ദ്ദിപ്പിക്കുക, , ഉന്തിവീഴ്ത്തുക, ഭരതനാട്യം ഇങ്ങനെ നീണ്ടു പോകുന്നു. അടുത്ത സമയത്ത് ഇന്ത്യയിലെ പ്രമുഖ പട്ടണത്തില്‍ നടത്തിയ ഒരു വ്യക്തിഗത സംഘടനയുടെ ക്രിസ്തീയ സമ്മേളനത്തില്‍ രോഗ സൗഖ്യം വിളിച്ചുപറയുന്നതിനുവേണ്ടി കൂലിക്കാരായ രോഗികളെ അഭിനയിപ്പിച്ചുകൊണ്ടുളള സമ്മേളനവേദിയില്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ പിടിക്കപ്പെട്ടു. മറ്റുളളവരെ വിശ്വസിപ്പിക്കുവാന്‍ വേണ്ടി മാരകരോഗങ്ങള്‍ക്ക് അടിമപ്പെട്ടവരായിരുന്നു എന്നു പറഞ്ഞുകൊണ്ട് പണംകൊടുത്ത് ആളുകളെ ഇറക്കുന്ന രീതി വ്യാപകമാവുകയാണ്. സഭാ നേതൃത്വങ്ങളും സംഘടനകളും മൗനം ഭജിക്കുന്നത് ഇത്തരം സംഘടനകളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നു. തിരുവചനസത്യങ്ങളെ കോട്ടികളയുന്ന ആരാധനാരീതികള്‍ ക്രൈസ്തവസമൂഹത്തിന് അപമാനകരമാണ്. ഇത്തരം ആരാധന രീതികളെ പ്രോത്സാഹിപ്പിക്കാതെ എപ്പിസ്‌കോപ്പല്‍ പ്രൊട്ടസ്റ്റന്റ് സഭകളിലെ നേതൃതം വിശ്വാസികളെ ബോധവല്‍ക്കരിക്കണമെന്ന് ഗ്ലോബല്‍ ക്രിസ്ത്യന്‍ ബിലീവേഴ്‌സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.