ആരോഗ്യരംഗം – റേഡിയേഷനും കീമോതെറപ്പിയും
സ്തനാര്‍ബുദ ചികിത്സയിലെ പ്രാഥമികമാര്‍ഗം ശസ്ത്രക്രിയയാണെങ്കിലും ഇപ്പോള്‍ റേഡിയേഷനും കീമോതെറപ്പിയും സംയോജിപ്പിച്ച ചികിത്സയാണ് ചെയ്യുന്നത്. ഇന്ന് സ്തനാര്‍ബുദം ബാധിച്ചാല്‍ ശസ്ത്രക്രിയയിലൂടെ മുഴ മാത്രം നീക്കി സ്തനവും സമീപപ്രദേശങ്ങളും കഴിയുന്നത്ര ആരോഗ്യകരമായി സംരക്ഷിക്കുകയാണ് ഇപ്പോള്‍ വൈദ്യശാസ്ത്രം ചെയ്യുന്നത്. ശസ്ത്രക്രിയ പ്രധാനമായും രണ്ടു വിഭാഗത്തിലുള്‍പ്പെടുന്നു. (1) ബ്രസ്റ്റ് കണ്‍സര്‍വിങ് സര്‍ജറി (2) മാസ്റ്റക്റ്റമി. ഇവയുടെ ഭാഗമായി ആക്‌സിലറി ലിംഫ്‌നോഡ് ഡിസക്ഷനും ചെയ്യാറുണ്ട്്. ഹോര്‍മോണല്‍ തെറപ്പി, കീമോതെറപ്പി എന്നിവയും ചികിത്സയില്‍ ഉള്‍പ്പെടുന്നു.
ലംപക്റ്റമി: സ്തനാര്‍ബുദ ശസ്ത്രക്രിയയില്‍ ഏറ്റവും സാധാരണമാണ് ലംപക്റ്റമി. പരിശോധനയില്‍ സ്തനത്തില്‍ കണ്ടെത്തിയ മുഴയും സമീപ പ്രദേശങ്ങളിലെ കുറച്ചു സാധാരണ കോശങ്ങളും കക്ഷത്തിലെ ഗ്രന്ഥികളും ഇതോടൊപ്പം നീക്കം ചെയ്യുന്നതാണിത്. ലംപക്റ്റമിക്കു ശേഷം അഞ്ചു മുതല്‍ ഏഴാഴ്ച നീളുന്ന റേഡിയേഷന്റെയും മിശ്രണമാണ് സാധാരണയായി ബ്രസ്റ്റ് കണ്‍സര്‍വിങ്ങ് തെറപ്പി. ഇത് മിക്ക സ്തനാര്‍ബുദരോഗികളിലും ഫലപ്രദമാണ്.
മാസ്റ്റക്റ്റമി: സ്തനം പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതാണ് മാസ്റ്റക്റ്റമി.അര്‍ബുദം ബാധിച്ച സ്തനം ശസ്ത്രക്രിയ ചെയ്തു മാറ്റിയശേഷം അതേ സ്ഥാനത്തു തന്നെ അര്‍ബുദം ആവര്‍ത്തിക്കുന്നതിനുളള ചെറിയൊരു സാധ്യത ചില സാഹചര്യങ്ങളില്‍ ഉണ്ട്. റേഡിയേഷേന്‍ നല്‍കുന്നതിലൂടെ ഈ സാധ്യത കുറയ്ക്കാം.
ഹോര്‍മോണ്‍ തെറപ്പി : സ്ത്രീഹോര്‍മോണായ ഈസ്ട്രജനെ നിയന്ത്രിക്കുന്ന മരുന്നുകള്‍ നല്‍കുകയാണ് ഹോര്‍മോണ്‍ തെറപ്പിയിലൂടെ ചെയ്യുന്നത്. ട്യുമറില്‍ ഇആര്‍പിആര്‍ പരിശോധന നടത്തിയാണ് കോശങ്ങളെ തിരിച്ചറിയുന്നത്. അതിനു ശേഷമാണ് ഹോര്‍മോണ്‍ തെറപ്പി തുടങ്ങുന്നത്. ഏകദേശം അഞ്ചു വര്‍ഷത്തോളം ഈ ചികിത്സ തുടരണം.
കീമോതെറപ്പി : ലിംഫ്‌നോഡുകളിലെ അര്‍ബുദം, മുഴയുടെ വലിപ്പം, ആര്‍ത്തവസ്ഥിതി എന്നിവയെല്ലാം കണക്കിലെടുത്താണ് കീമോതെറപ്പി ചെയ്യുന്നത്. മുഴ വലുതാകുംതോറും രോഗം മറ്റുഭാഗങ്ങളിലേയ്ക്കു പടരാന്‍ സാധ്യത കൂടുതലായതിനാല്‍ അതിനെ പ്രതിരോധിക്കാനാണ് കീമോതെറപ്പി. മൂന്നാഴ്ചയിലൊരിക്കല്‍ വീതം ആറു തവണ കീമോതെറപ്പി ചെയ്യണം. ശാരീരിക പരിശോധനയും രക്തപരിശോധനയും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചെയ്യണം. മറ്റു മരുന്നുകള്‍ കഴിക്കും മുമ്പ് ഡോക്ടറുടെ ഉപദേശം തേടണം. ഛര്‍ദ്ദി, മുടികൊഴിച്ചില്‍, വായില്‍ വൃണം, ശ്വേതരക്താണുക്കളുടെ കുറവ് ഇവയെല്ലാം കീമോതെറപ്പിയുടെ പാര്‍ശ്വഫലങ്ങളാണ്. ശ്വേതരക്താണുക്കളുടെ കുറവ് ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുന്നതിനാല്‍ രോഗങ്ങള്‍ പിടിപെടാനുളള സാധ്യത വളരെ കൂടുതലാണ്. ഈ സമയത്ത് രോഗി തിളപ്പിച്ചാറിയ വെളളം ധാരാളം കുടിക്കണം. പൊടി, പുക എന്നിവയാല്‍ മലിനമായ വായു ശ്വസിക്കരുത്. വലിയ തിരക്കുളള സ്ഥലങ്ങളില്‍ പോകാതിരിക്കുക, പനി, ജലദോഷം, പകര്‍ച്ച വ്യാധികള്‍ ഉളളവരില്‍ നിന്ന് അകന്നു നില്‍ക്കുക. പഴങ്ങളും, കാരറ്റ് പോലുളള പച്ചക്കറികളും മറ്റും നന്നായി കഴുകി വൃത്തിയാക്കിയിട്ടേ കഴിക്കാവൂ.
വന്ധ്യതയും ഷണ്ഡത്വവും.
പ്രജനനത്തിന് കഴിവില്ലാത്ത സ്ത്രീയെ വന്ധ്യയെന്നും അപ്രകാരമുളള പുരുഷനെ ഷണ്ഡനെന്നും വിളിക്കുന്നു.
വിവിധ കാരണങ്ങള്‍കൊണ്ട് വന്ധ്യതയുണ്ടാകാം. ഗര്‍ഭാശയത്തിനും അനുബന്ധഭാഗങ്ങള്‍ക്കും രചനാപരമോ പ്രവര്‍ത്തനപരമോ ആയുണ്ടാകുന്ന തകരാറുകളും ഗര്‍ഭാശയത്തിലോ അനുബന്ധഭാഗങ്ങളിലോ ഉണ്ടാകുന്ന മുഴകള്‍, ഗ്രന്ഥികള്‍ എന്നിവയും യോനിയിലെ അമിതമായ അമ്ലത്വവും ഗുഹ്യരോഗവും വന്ധ്യതയുടെ കാരണങ്ങളാവാം. കൂടാതെ കന്യചര്‍മ്മം കട്ടിയേറിയതാണെങ്കില്‍ സംഭോഗം തന്നെ അസാദ്ധ്യമാവാം.
ഷണ്ഡത്വത്തിന്റെ കാരണങ്ങള്‍
1. പുരൂഷബീജം ഉല്പാദിപ്പിക്കപ്പെടാതിരിക്കുക
2. ബീജങ്ങളുടെ എണ്ണം കുറവായിരിക്കുക
3. ബീജങ്ങളുടെ മാര്‍ഗ്ഗം പൂര്‍ണ്ണമല്ലാതിരിക്കുക
4. ഗുഹ്യരോഗങ്ങള്‍ക്കുശേഷം ഉണ്ടാകുന്ന തകരാറുകള്‍
5. മുണ്ടിനീരുമുലമുണ്ടാകുന്ന വൃഷണവീക്കം
6. ബീജമാര്‍ഗ്ഗതടസ്സം
7. ക്ഷീണാവസ്ഥ
8. എക്‌സ്-റേ തുടങ്ങിയവുമായി ബന്ധപ്പെട്ട ജോലി. (അവയുടെ കാരണങ്ങള്‍ സ്ഥിരമായി എല്ക്കുന്നത് ബീജനാശം ഉണ്ടാക്കാം.
പരിശോധനകള്‍ – പ്രതിവിധികള്‍
ദാമ്പത്യജീവിതം തുടങ്ങിയശേഷം ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഒന്നും ഉപയോഗിക്കാതിരുന്നിട്ടും ആറുമാസം മുതല്‍ ഒരു വര്‍ഷം വരെയുളള കാലയളവില്‍ ഗര്‍ഭംധരിക്കുന്നില്ലായെങ്കില്‍ പരിശോധനകള്‍ നടത്തുന്നു. ആദ്യപടിയായി ലൈംഗികബന്ധം തൃപ്തികരമായും ഗര്‍ഭധാരണയോഗ്യമായകാലത്തും നടത്തുന്നില്ലായെന്ന് അന്വേഷിക്കുന്നു. ആര്‍ത്തവം തുടങ്ങിയ ദിവസം മുതല്‍ കണക്കാക്കി 12 മുതല്‍ 18 വരെയുളള ദിവസങ്ങളിലേതെങ്കിലുമാണ് ഗര്‍ഭധാരണത്തിന് സാദ്ധ്യതയേകുന്ന അണ്ഡനിര്‍ഗമനം നടക്കുന്നത്.
ആര്‍ത്തവചക്രത്തിന്റെ വ്യതിയാനമനുസരിച്ച് 8-21 ദിവസംവരെ ഈ കാലയളവ് ദീര്‍ഘിപ്പിച്ചുപറയാറുണ്ട്. ഈ ദിവസങ്ങളില്‍ സംഭോഗത്തില്‍ ഏര്‍പ്പെട്ടിരിക്കണം. അതിനുമുമ്പുളള കുറച്ചുദിവസങ്ങള്‍ രതിയില്‍നിന്ന് വിട്ടുനില്‍ക്കുന്നത് കൂടുതല്‍ താത്പര്യവും ലൈംഗികോര്‍ജ്ജവും നല്‍കും. ആര്‍ത്തവചക്രം ക്രമത്തിലുളള സ്ത്രീക്ക് 2-3 മാസം വരെ ഇപ്രകാരം ലൈംഗീകജീവിതം തുടര്‍ന്നശേഷവും ഗര്‍ഭധാരണം നടക്കുന്നില്ല എങ്കില്‍ ആദ്യം പുരുഷബീജമാണ് പരിശോധിക്കേണ്ടത്. സൂക്ഷ്മദര്‍ശനിയിലൂടെ പരിശോധിച്ച് ശുക്ലത്തിന്റെ അളവ്, ഗുണം, ചലനാത്മകത എന്നിവ മനസ്സിലാക്കുന്നു. ബീജങ്ങളുടെ എണ്ണം കുറവുണ്ടെങ്കില്‍ അത് കൂട്ടുവാനുളള ചികിത്സയും ഗൂണക്കുറവോ ചലനശേഷിക്കുറവോ ഉണ്ടെങ്കില്‍ അതിനുളള ഔഷധങ്ങളും നല്‍കുന്നു.
ഇവയെല്ലാം സാധാരണനിലയിലാണെങ്കില്‍ സ്ത്രീയുടെ ഗര്‍ഭാവയവും അനുബന്ധഭാഗങ്ങളും പരിശോധിച്ച് ഏതെങ്കിലും തരത്തിലുളള മുഴകള്‍, വളര്‍ച്ചകള്‍, ബീജവാഹിനിക്കുഴലുകളിലെ തടസ്സം, അണ്ഡോല്പാദനത്തിലും നിര്‍ഗമനത്തിലുമുളള തകരാറുകള്‍, അണുബാധ എന്നിവയില്ലെന്നുറപ്പുവരുത്തണം. വൈകാരികമായ സ്വഭാവവും പഠനവിധേയമാക്കണം. വളര്‍ന്നുവന്ന സാഹചര്യം, മാതാപിതാക്കളുമായുളള ബന്ധം, ലൈംഗികകാര്യങ്ങളെക്കുറിച്ചുളള അറിവും മനോഭാവവും, മുന്‍കാലാനുഭവങ്ങള്‍ എന്നിവ മനസ്സിലാക്കണം.
ചില ദമ്പതികള്‍ക്ക് ആദ്യത്തെ കുട്ടി ജനിച്ചശേഷം പിന്നീട് എത്രശ്രമിച്ചാലും കുഞ്ഞുങ്ങളുണ്ടാവുന്നില്ല. ഭര്‍ത്താവിന് ദിനചര്യയിലുളള അപാകതകള്‍ (ക്രമം തെറ്റിയുളള ഭക്ഷണം, ഉറക്കക്കുറവ്, തൊഴില്‍പരമായ പ്രശ്‌നങ്ങള്‍, ഗാര്‍ഹികവൈഷമ്യങ്ങള്‍ മുതലായവ) ശാരീരികവും മാനസികവുമായ ആരോഗ്യം കുറയ്ക്കുന്നതിനാല്‍ സന്താനോല്പാദനം തടസ്സപ്പെടും. ഇങ്ങനെയുളളവര്‍ തുറന്ന ചര്‍ച്ചകളിലൂടെയും അരോഗ്യപരമായ ദിനചര്യകളിലൂടെയും പ്രശ്‌നപരിഹാരം നേടണം.