കഷ്ടതയുടെ മാര്‍ഗം
ജോബി കാലായില്‍
കര്‍ത്താവ് വിശ്വാസിയുടെ ജീവിതത്തില്‍ വരുത്തുന്ന പോരാട്ടങ്ങളെക്കുറിച്ചും കഷ്ടതകളെയും എതിര്‍പ്പുകളെയും കുറിച്ചു ചിന്തിക്കാം. മത്തായി 5:” 10-12 ല്‍ ഇപ്രകാരം പറയുന്നു. ”നീതി നിമിത്തം ഉപദ്രവിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാര്‍, സ്വര്‍ഗരാജ്യം അവര്‍ക്കുളളത്. എന്റെ നിമിത്തം നിങ്ങളെ പഴിക്കുകയും ഉപദ്രവിക്കുകയും നിങ്ങളെക്കൊണ്ട് എല്ലാ തിന്മയും കളവായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍, സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിന്‍; നിങ്ങള്‍ക്കു മുമ്പേയുണ്ടായിരുന്ന പ്രവാചകന്മാരെയും അവര്‍ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ.
വിശ്വാസജീവിതത്തിലേക്കു കടന്നുവരുന്ന ഒരു വിശ്വാസി അതിവേഗം കണ്ടുപിടിക്കുന്ന ഒരു കാര്യമുണ്ട്. ”ക്രിസ്തീയ ജീവിതം കഷ്ടതയുടെ മാര്‍ഗമാണെന്നുളള അനൂഭവം”. കര്‍ത്താവിനോടുളള ബന്ധത്തില്‍ ഐക്യത പ്രാപിച്ചു കഴിയുമ്പോള്‍ അതിവേഗത്തില്‍ നമുക്കു മനസ്സിലാകും നാം നില്‍ക്കുന്നതു പോര്‍ക്കളത്തിലാണെന്ന്. ക്രിസ്തീയ ജീവിതം സൗഭാഗ്യകരവും സന്തോഷകരവും ആനന്ദദായകവുമായ ജീവിതമാണ്. എന്നാല്‍ കര്‍ത്താവിനോടുളള ബന്ധത്തിലുളള ജീവിതം കഷ്ടതയുടെ മാര്‍ഗം കൂടെയാണ്. അതുകൊണ്ടാണ് വിശ്വാസത്തിലേക്കും രക്ഷയുടെ അനുഭവത്തിലേക്കും തീരുമാനത്തിലേക്കും പ്രതിഷ്ഠയുടെ അനൂഭവത്തിലേക്കും കടന്നുവരുമ്പോള്‍ ചിലര്‍ പറയുന്നത് ”ഇതുവരെയും എനിക്കു ഇതുപോലെ ജീവിതത്തില്‍ പ്രയാസങ്ങള്‍ നേരിട്ടിട്ടില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രയാസങ്ങള്‍ നേരിടുന്നു”. വളരെ ശരിയാണ്. എല്ലാ കാലഘട്ടത്തെക്കാളും ക്രിസ്തീയ വിശ്വാസത്തിനു പോരാട്ടം വര്‍ദ്ധിച്ച കാലവുമാണിത്. ”ഇരുപതാം നൂറ്റാണ്ടിലാണ് ക്രിസ്തീയ വിശ്വാസത്തിലുണ്ടായിരുന്ന എതിര്‍പ്പുകള്‍ വര്‍ദ്ധിച്ചതും കൂടുതല്‍ ആളുകള്‍ വിശ്വാസത്തിനുവേണ്ടി മരിച്ചതും, അപ്പോള്‍ അധികം പോരാട്ടം ഉണ്ടാകും. നമുക്കു പോരാട്ടം ഉണ്ടാകുന്ന മേഖലയിലൊന്നാണ് ‘ലോകം’.
കര്‍ത്താവു പറഞ്ഞു: ”ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടം ഉണ്ട്” (യോഹ. 16.33). ലോകത്തിലാണ് നമുക്ക് കഷ്ടം ഉണ്ടാകുന്നത്. കാരണം വിശ്വാസി ലോകത്തിലാണ് ജീവിക്കുന്നത്. അതായത് നമ്മുടെ ഹൃദയവും മനസ്സും സ്വര്‍ഗ്ഗത്തിലാണെങ്കിലും കാല്‍ ഭൂമിയിലാണ്. കാരണം നാം ക്രിസ്തുവിനോടുകൂടെ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എങ്കില്‍ നാം ഭൂമിയിലുളളതല്ല ഉയരത്തിലുളളതു തന്നേ ചിന്തിക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ സ്വര്‍ഗ്ഗീയ കാര്യങ്ങളെക്കൊണ്ടാണ് മനസ്സു നിറഞ്ഞിരിക്കുന്നതെങ്കിലും കാല്‍ ഇപ്പോഴും ഭൂമിയിലാണ്. (യോഹ. 17:15) ”അവരെ ലോകത്തില്‍നിന്ന് എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യില്‍ അകപ്പെടാത്തവിധം അവരെ കാത്തുകൊളളണം എന്നത്രേ ഞാന്‍ അപേക്ഷിക്കുന്നത്”. ഈ ഭൂവില്‍ വന്നു പിറക്കുവാന്‍ ദൈവം അനുവദിച്ചതുകൊണ്ട് നാം ഇവിടെ വസിക്കുന്നു. അപ്പോള്‍ നമ്മെ ലോകത്തില്‍ ആക്കിയിരിക്കുകയാണ്. നാം ലോകത്തില്‍ ആയതല്ല. യോഹന്നാന്‍ 17:18 ല്‍ പറയുന്നു. ”നീ എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാന്‍ അവരെയും ലോകത്തിലേക്ക് അയച്ചിരിക്കുന്നു” അപ്പോള്‍ ഒരു നിയോഗത്തോടുകൂടിയാണ് നമ്മെ ഈ ലോകത്തേക്ക് അയച്ചിരിക്കുന്നത്. അതുകൊണ്ട് നാം ആയിരിക്കുന്ന സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്.