ക്രിസ്തുമസ് നക്ഷത്രം
സാബു സാമുവേല്‍
ലോകമെങ്ങും ഭവനങ്ങളില്‍ ക്രിസ്തുമസ് നക്ഷത്രം തൂക്കുന്ന ഈ കാലഘട്ടത്തില്‍ ആദ്യ ക്രിസ്തുമസിലെ നക്ഷത്രത്തെപ്പറ്റി നമുക്ക് ഒന്നു ചിന്തിക്കാം.കിഴക്ക് ഉദിച്ച ഒരു നക്ഷത്രമാണ് അന്നത്തെ വിദ്വാന്മാരുടെ ജീവിതത്തെ മാറ്റി മറിച്ചത്. പ്രവാചകന്മാര്‍ മുഖാന്തരം നൂറ്റാണ്ടുകളായി ക്രിസ്തുവിനെക്കുറിച്ചുളള വാഗ്ദത്തം ലഭിച്ചിട്ടും എഴുതപ്പെട്ട ലിഖിതങ്ങള്‍ കൈയിലുണ്ടായിട്ടും യെഹൂദ സമൂഹം ഉറക്കത്തില്‍ ആയപ്പോള്‍ കിട്ടിയ വെളിച്ചമനുസരിച്ച് ക്രിസ്തുവിനെ അന്വേഷിച്ചിറങ്ങിയ ആ വ്യക്തികള്‍ എത്രയോ ശ്രേഷ്ടരാണ്.
ഏകദേശം രണ്ടു വര്‍ഷത്തോളം തുടരേണ്ടി വന്ന ആ യാത്രയെക്കുറിച്ച് എത്ര വര്‍ണ്ണിച്ചാലും മതിയാകില്ല. ദീര്‍ഘമായ ഒരു യാത്രയ്ക്കു വേണ്ടി ഏറെ ഒരുക്കങ്ങള്‍ അന്നത്തെ കാലത്ത് ആവശ്യമായിരുന്നു. പക്ഷേ യെഹൂദന്മാരുടെ രാജാവിനെ വണങ്ങുവാന്‍ ഈ ബുദ്ധിമുട്ടുകളൊന്നും തന്നെ അവര്‍ കാര്യമാക്കിയില്ല.അവര്‍ നടന്ന് നക്ഷത്രം വഴികാട്ടിയായി യെരുശലേമിലെത്തിയപ്പോള്‍ നക്ഷത്രം കാണുന്നില്ല എന്ന് നാം ബൈബിളില്‍ വായിച്ചിട്ടുണ്ട്. യഹൂദന്മാരുടെ രാജാവായി പിറന്നവനെ അവരുടെ കേന്ദ്രമായ യെരുശലേമില്‍ അവര്‍ അന്വേഷിക്കുകയായിരുന്നു. അവരുടെ വരവും അന്വേഷണവും യെരുശലേമിനെ ഇളക്കിമറിച്ചു.
വിവരമറിഞ്ഞ ഹെരോദാ രാജാവ് പണ്ഡിതന്മാരെ മുഴുവന്‍ വിളിച്ച് ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. അവരുടെ ബൈബിള്‍ ജ്ഞാനം അപാരമായിരുന്നു. മിശിഹാ ജനിക്കുന്ന സ്ഥലം കൃത്യമായി അവര്‍ക്ക് അറിയാമായിരുന്നു. എന്നിട്ടും അവരാരും തന്നെ വിദ്വാന്മാരെ ബേത്‌ലഹേമിലേക്ക് നയിച്ചില്ല. അവരാരും ആ വഴി പോയി നോക്കിയതുമില്ല.
പിന്നീട് ഹെരോദാവ് അവരെ വിളിച്ച് നക്ഷത്രം കണ്ടെത്തിയ സമയമൊക്കെ ചോദിച്ചറിഞ്ഞു. അയാള്‍ അതെല്ലാം സൂക്ഷ്മമായി കണ്ടെത്തി വിവരം അറിയിക്കാന്‍ പരിചാരകരെ വിട്ടു. ഇത് അയാള്‍ക്ക് രക്ഷകനെ കാണുവാനായിരുന്നില്ല അവന്റെ സിംഹാസനം നഷ്ടപ്പെടുമെന്ന് ഓര്‍ത്തിട്ടായിരുന്നു.
എന്നാല്‍ ഒരു ചോദ്യം അവശേഷിക്കുന്നു. എന്തുകൊണ്ട് യെരുശലേമില്‍ നക്ഷത്രം അല്പ സമയത്തേക്ക് മാഞ്ഞുനിന്നു? ഇനി വഴി കണ്ടെത്തേണ്ടത് ദൈവത്തിന്റെ മക്കളാണ്. ഏതെങ്കിലും മാര്‍ഗ്ഗത്തിലൂടെ സത്യാന്വേഷികളെ ദൈവീകബന്ധമുളളവരിലേക്ക് ദൈവം എത്തിക്കും. അവര്‍ക്ക് രക്ഷകനെ കാണിച്ചുകൊടുക്കേണ്ടത് ദൈവജനത്തിന്റെ ഉത്തരാവാദിത്വമാണ്. വചനം കൈയിലുളളവര്‍ അതിലൂടെ അവരെ ഉറപ്പിക്കുകയും നിരാശരായി മടക്കാതിരിക്കുകയും വേണം. പക്ഷേ യെരുശലേമിലെത്തിയ വിദ്വാന്മാരെ വേണ്ടവിധം വഴി നടത്തുവാന്‍ ആരും ഉണ്ടായിരുന്നുല്ല. ആരും വഴി പറഞ്ഞുകൊടുക്കാനില്ലെങ്കില്‍ ദൈവം തന്നേ അതു ചെയ്യും. താന്‍ ക്രിസ്തുവിനെ അറിയാവുന്നവര്‍ അവനെ പരിചയപ്പെടുത്തിയില്ലെങ്കില്‍ അടുത്ത തലമുറയ്ക്കാണ് നാശമെന്ന് അനേകരും ഓര്‍ക്കുന്നില്ല. ക്രിസ്തുവിന്റെ ജനനം ഒരു കൂട്ടര്‍ക്ക് ആനന്ദം ആയിരുന്നപ്പോള്‍ മറുഭാഗത്ത് നിലവിളിയാണ് ഉയര്‍ന്നത്.