കൗണ്‍സിലിംഗ് കോര്‍ണര്‍ – നിയന്ത്രണം അധികമായാല്‍
ഇതിലെ കഥാപാത്രങ്ങള്‍ സാങ്കല്പികമാണ്. സമാനമായ സംഭവങ്ങളെ
വായനക്കാര്‍ക്ക് പ്രയോജനപ്പെടുന്ന രീതീയിലാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്.
ഡോ. ലൂക്കോസ് മന്നിയോട്ട്
സോണിയും റീമയും വിവാഹം കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുളളു. ഭാര്യ തന്നെ നിയന്ത്രിക്കുന്നു എന്ന പരാതിയുടെ കെട്ടഴിക്കുകയായിരുന്നു സോണി. ”ഇവള്‍ക്ക് ഭരണം കൂടുതലാണ്, എനിക്ക് യാതൊരു സ്വാതന്ത്ര്യവും തരാറില്ല, എവിടെപോയാലും ഞാന്‍ അവളോടു പറഞ്ഞില്ലെങ്കില്‍ അവള്‍ക്ക് സംശയമാണ്, വീട്ടുകാര്യങ്ങള്‍ മുഴുവന്‍ അവള്‍ അവളുടെ സുഹൃത്തുക്കളോടു പറയുന്നു. എനിക്കു കിട്ടുന്ന പണം പോലും ഉപയോഗിക്കാന്‍ കഴിയുന്നില്ല. ഞാന്‍ എന്തിനാണു സാറ് ഇവളുടെ കൂടെ ജീവിക്കുന്നത്?” സോണിയുടെ വാക്കുകള്‍ ഇങ്ങനെ നീണ്ടു പോകുന്നു.
ഇവിടെ നാം മനസ്സിലാക്കേണ്ടത് ഭാര്യാഭര്‍തൃബന്ധത്തില്‍ നിയന്ത്രണത്തിന്റെ അതിര്‍ വരമ്പുകള്‍ ലംഘിക്കുമ്പോള്‍ പ്രതിസന്ധിയുടെ ആരംഭത്തിന് തുടക്കം ആകുന്നു. ഈ യുവ ദമ്പതികളുടെ പശ്ചാത്തലം നോക്കിയാല്‍ റീമ സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ത്തപ്പെട്ട പെണ്‍കുട്ടിയായിരുന്നു. സോണിയുടേത് സമ്പന്നമായ കുടുംബവും. സോണിയുടെ ജീവിതത്തിലേക്ക് റീമ പ്രവേശിച്ചപ്പോള്‍ ഈ സാമ്പത്തിക അസന്തുലിതാവസ്ഥയും, പഴയകാല ജീവിത സാഹചര്യങ്ങളും വ്യക്തിബന്ധങ്ങള്‍ക്കിടയില്‍ അസ്വാരസ്യം ഉണ്ടാക്കി. സോണിയെ സംബന്ധിച്ചിടത്തോളം പഠനസമയത്ത് നിര്‍ലോഭമായി പണം ചിലവഴിച്ചുളള ജീവിതമായിരുന്നു. കുടുംബജീവിതത്തില്‍ പ്രവേശിച്ചപ്പോള്‍ പണത്തിന്റെ പരിമിതി അനുഭവിച്ചിട്ടുളള റീമാ ഭര്‍ത്താവിന്റെ കുടുംബത്തിലെ ഉയര്‍ന്ന സാമ്പത്തികസ്ഥിതിയും ധൂര്‍ത്തും അവള്‍ക്ക് തീരെ സഹിക്കുന്നില്ലായിരുന്നു.. പണം കൂടുതല്‍ ചിലവാക്കുന്നതു ശീലമായിരുന്ന സോണിക്ക് കുടുംബ ബിസിനസ്സില്‍ നിന്നുളള സ്രോതസും വലുതായിരുന്നു. അതീവ സുന്ദരിയായിരുന്ന റീമയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് ആദ്യം ഒന്നും സോണി എതിര് നില്‍ക്കാറില്ലായിരുന്നു. അവളുടെ ആകര്‍ഷണവും സൗന്ദര്യവും മറ്റു ചില കഴിവുകളും അവനെ ഏറെ ആകര്‍ഷിച്ചിരുന്നു. സോണിയുടെ കൂട്ടുകാരുടെ, അവളെ ഉയര്‍ത്തുന്ന വാക്കുകളിലും അവളെ അഭിമാനത്തോടുകൂടിയാണ് കണ്ടത്. മൂന്നു മാസം കഴിഞ്ഞപ്പോള്‍ നിയന്ത്രണത്തിന്റെ അതിര്‍ വരമ്പുകള്‍ ലംഘിക്കപ്പെടുവാന്‍ തുടങ്ങി. വര്‍ഷങ്ങളായി സോണിയുടെ കമ്പനിയില്‍ കൂടെ ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ സഹപ്രവര്‍ത്തകരോടു മിണ്ടുന്നതില്‍ അവള്‍ പരിഭവം കാണിച്ച് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തുടങ്ങി. ഇതുമൂലം കുടുംബ ബിസിനസ്സില്‍ സഹായിച്ചുകൊണ്ടിരുന്ന സാധാരണക്കാരുപോലും അകലുവാന്‍ തുടങ്ങി.
വിവാഹത്തിനുമുമ്പുളള അലസമായ ജീവിതത്തില്‍നിന്നും തളയ്ക്കപ്പെട്ട ജീവിതത്തിലേക്ക് സോണി മാറ്റപ്പെട്ടു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണ്‍കോളുകള്‍ വന്നാല്‍ പോലും സോണി പറയാതെയായി. സുന്ദരിയായ റീമ ഇന്നു സോണിക്ക് അസമാധാനത്തിന്റെ ബോംബായി മാറി. കുടുംബജീവിത്തില്‍ താളപ്പിഴകള്‍ സംഭവിച്ച ഇരു ദമ്പതികളും ആദ്യം ഒന്നും ശ്രദ്ധിക്കാതിരുന്നു മാതാപിതാക്കളോട് പരാതി പറഞ്ഞുതുടങ്ങി. സോണിയുടെ മാതാപിതാക്കള്‍ അതിനെ കാര്യമായി ഗൗനിച്ചില്ല. എന്നാല്‍ റീമയുടെ മാതാവ് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍ തുടങ്ങി. അവര്‍ അവളുടെ കുടുംബജീവിത്തില്‍ ഇടപെടുകയും റീമക്ക് തെറ്റായ ഉപദേശങ്ങള്‍ നല്‍കുവാനുംതുടങ്ങി. ”അവന്റെ സ്വത്തുക്കള്‍ നിന്റെ കൂടിയാണ്, നീയാണ് അത് സൂക്ഷിക്കേണ്ടത്, പഴയതുപോലെ ജീവിക്കാന്‍ അവനെ അനുവദിക്കരുത്”. അമ്മയുടെ ഉപദേശം അനുസരിച്ചായിരുന്നു റീമയുടെ പോക്ക്. സോണിയുടെ ഏക സഹോദരിയായിരുന്ന ആന്‍സി സ്വന്തം മാതാപിതാക്കളെ കാണാന്‍ വരുന്നതുപോലും റീമ നിയന്ത്രിക്കുവാന്‍ തുടങ്ങി. ഇത് സോണിയുടെ മാതാപിതാക്കളിലും ആശങ്ക ഉളവാക്കി. ഈ ഘട്ടത്തിലാണ് സോണിക്ക് ഒരു തരത്തിലും മുന്നോട്ടു പോകുവാന്‍ കഴിയില്ല എന്നു മനസ്സിലാക്കി കൗണ്‍സിലറെ സമീപിക്കുന്നത്.
ഇരു കൂട്ടരുമായി സംസാരിച്ചപ്പോള്‍ ഒരു തരത്തിലും വിട്ടുവീഴ്ചയ്ക്ക് സമ്മതമല്ലായിരുന്നു. റീമയുടെ മാതാപിതാക്കള്‍ പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കുകയും വിവാഹ മോചന ഭീഷണി ഉയര്‍ത്തുകയും ചെയ്തു. പ്രതിസന്ധി കൂടുതല്‍ വഷളായപ്പോള്‍, ദമ്പതികളോടു വ്യക്തിപരമായി സംസാരിച്ചപ്പോള്‍ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ റീമ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു. കുടുംബ ജീവിതത്തില്‍ പരിജ്ഞാനമോ അനുഭവമോ ഇല്ലാത്തവരുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകാനെ സാധിക്കുകയുളളു. ഇരു കുടുംബങ്ങളുടെയും മാതാപിതാക്കളുടെ ഇടപെടല്‍ ഒഴിവാക്കിക്കൊണ്ട് ദമ്പതികളുടെ കുറവുകളും പരിഗണനകളും അവരെക്കൊണ്ട് തന്നെ ബോധ്യപ്പെടുത്തിയാല്‍ കുടുംബജീവിതത്തില്‍ അന്തമായ ആത്മീയ അടിത്തറ ശക്തമാകും. ശത്രുക്കളായിരുന്നവര്‍ നിങ്ങളുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിക്കുവാന്‍ സമീപിക്കുമ്പോള്‍ സൂക്ഷിച്ചുവേണം അവരുമായി ഇടപെടുവാന്‍. നിങ്ങളോട് അവര്‍ കാണിക്കുന്ന പ്രീതി ഒരുപക്ഷേ നിങ്ങളുടെ പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കുവാന്‍ ആയിരിക്കും.