ദൈവ സാന്നിദ്ധ്യം
തോമസ് ജോര്‍ജ്
ദൈസാന്നിദ്ധ്യത്തിന്റെ മനോഹാരിതയില്‍ ദൈവത്തോടൊപ്പം വസിക്കാനുളള ഒരു ചിത്രമാണ് തെളിഞ്ഞുകാണുന്നത്. ആദാമിനും ഹവ്വാക്കുമൊപ്പം ഏദെന്‍ തോട്ടത്തില്‍ സഞ്ചരിച്ച ദൈവം ഹാനോക്കിന് നല്ലൊരു സഹയാത്രികനായിരുന്നു. മോശയുടെ സമാഗനകൂടാരം നിര്‍മ്മിക്കുവാന്‍ ആവശ്യപ്പെടുന്നതിന്റെ പ്രധാന ഉദ്ദേശ്യം തന്നെ മനുഷ്യരോടൊപ്പം ദൈവത്തിന് സദാ വസിക്കുവാനാണ്. ജനമൊക്കെയും ദൈവത്തിന്റെ സാന്നിദ്ധ്യത്തെ ഭയപ്പെട്ടപ്പോള്‍ (എബ്രായര്‍ 12.21) മോശയ്ക്ക് ദൈവസാന്നിദ്ധ്യമല്ലാത്ത അവസ്ഥയെപ്പ്റ്റി ചിന്തിക്കാനാവില്ല.
പഴയനിയമത്തിന്റെ പല ഭാഗങ്ങളില്‍ ദൈവത്തിന്റെ ശ്രേഷ്ഠ സാന്നിദ്ധ്യം അനുഭവിപ്പാന്‍ ഭാഗ്യം ലഭിച്ച അനേകം ഭക്തന്‍മാരുടെ ചരിത്രം കാണാനാവും. ”നിന്റെ സന്നിധിയില്‍ നിന്ന് എന്നെ തളളിക്കളയരുതേ” (സങ്കീര്‍ത്തനം) എന്ന് ഹൃദയം തകര്‍ന്ന ദാവീദ് നിലവിളിക്കുന്നത് വളരെ ശ്രദ്ധേയമാണ്. അനേക രാജാക്കന്മാരും പ്രവാചകന്‍മാരും കാണുവാന്‍ കൊതിച്ച ദൈവപുത്രനായ ക്രിസ്തു)ലൂക്കോസ് 10.24) മനുഷ്യനായി കാരണം അവന്‍ ”ദൈവം നമ്മോടുകൂടെ” എന്നര്‍ത്ഥമുളള ഇമ്മാനുവേലാണ് ! (മത്തായി 1.22) ”വചനം ജഡമായിത്തീര്‍ന്നു കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു”. (യോഹന്നാന്‍ 1.14) യേശു തന്റെ ശിഷ്യന്‍മാരെ വിളിക്കുന്നത് സ്‌നേഹിതന്‍മാരെന്നാണ് (യോഹന്നാന്‍ 15.15)
മനുഷ്യരോടൊപ്പം അവരിലൊരാളായി ജീവിക്കാനാഗ്രഹിക്കുന്ന ദൈവത്തിന്റെ മഹാമനസ്‌കത മനുഷ്യാവതാരത്തിലൂടെ ഒരളവുവരെ ദൈവം പ്രകടിപ്പിക്കുന്നത്. എന്നാല്‍ പാപത്തില്‍ വസിക്കുന്ന മനുഷ്യന് ദൈവസാന്നിദ്ധ്യം അരോചകവും ഭയം ജനിപ്പിക്കുന്നതുമാണ്. പാപപ്രവര്‍ത്തനത്തില്‍ മുഴുകി ജീവിക്കുന്ന ഒരു മകന്‍ നീതിമാനായ പിതാവിന്റെ സാന്നിദ്ധ്യത്തെ ഭയപ്പെടുന്നതുപോലെ. അതുകൊണ്ടാണ് യെശയ്യാ പ്രവാചകനിലൂടെ ദൈവം ഓര്‍മ്മിപ്പിക്കുന്നത്. ”നിങ്ങളുടെ അകൃത്യങ്ങള്‍ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മില്‍ ഭിന്നിപ്പിച്ചിരിക്കുന്നത്” (യെശ.59.2.)
ഹൃദയവാതില്‍ക്കല്‍ സദാ മുട്ടിക്കൊണ്ടു നില്‍ക്കുന്ന കര്‍ത്താവ് മാന്യതയുടെ പ്രതീകമാണ്. അനുവാദമില്ലാതെ തളളിക്കയറുന്ന സ്വഭാവം അല്ല പിന്നെയോ അറുക്കുവാനും, മുടിക്കുവാനും കയറിവരുന്ന സാത്താന്റെ ശൈലിയാണ്. ”മുട്ടുന്നു” എന്ന വാക്ക് ഇടതടവില്ലാതെ തുടരുന്ന പ്രക്രിയയെയാണ് കുറിക്കുന്നത്. തുറക്കുന്നതുവരെയും ക്ഷമയോടെ മുട്ടിക്കൊണ്ടിരിക്കുന്ന ക്രിസ്തുവിനെയാണ് നാം കാണുന്നത്. അത് തുറന്ന് അകത്തേയ്ക്ക് ക്ഷണിക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ അവരുമായി ”അത്താഴം” കഴിക്കുമെന്നാണ് ക്രിസ്തു അരുളിച്ചെയ്യുന്നത്. കര്‍ത്താവ് വാതില്‍ക്കല്‍ നിന്ന് മുട്ടിക്കൊണ്ടിരിക്കുന്നത് സന്ദര്‍ശിച്ച് വേഗം മടങ്ങിപ്പോകാനല്ല, മറിച്ച് നമ്മോടൊപ്പം സ്ഥിരതാമസമാക്കാനാണ്.
ചെറുതും വലുതുമായ ഭാരങ്ങള്‍ ഇറക്കിവയ്ക്കാന്‍, സങ്കടങ്ങള്‍ പറയാന്‍, ഹൃദയം തുറന്ന് അല്‍പം സല്ലപിയ്ക്കാനായി നാം എത്രയോ തവണ കൊതിച്ചിട്ടുണ്ടാകണം. മുന്‍വിധികളില്ലാത്ത നമ്മെ നമസ്സിലാക്കാന്‍ ഉത്തരം നല്‍കാന്‍ തയ്യാറുളള ക്രിസ്തുവിനെ അവഗണിച്ച് എത്ര കാലങ്ങള്‍ നാം വ്യര്‍ത്ഥമാക്കി. സര്‍വേശ്വരന്റെ സാമീപ്യ ലഹരിയില്‍ സര്‍വ്വം മറന്നിരിക്കാന്‍ കഴിയുന്നത് എത്ര ഭാഗ്യമാണ്. യോഹന്നാനിലൂടെ ക്രിസ്തു ലോകത്തിന് നല്‍കിയ വെളിപ്പാടില്‍ നിത്യതയെപ്പറ്റി പ്രദിപാതിച്ചിരിക്കുന്നത് ഇപ്രകാരമാണ്. ”ഇതാ മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം. അവന്‍ അവരോടുകൂടെ വസിക്കും; അവര്‍ അവന്റെ ജനമായിരിക്കും. ദൈവം താന്‍ അവരുടെ ദൈവമായി അവരോടുകൂടി ഇരിക്കും”. വെളിപ്പാട് 21.3).
ലോകം അഘോഷങ്ങളുടെ നിരര്‍ത്ഥകതയില്‍ അഭിരമിക്കുമ്പോള്‍ ക്രിസ്തു സാന്നിദ്ധ്യത്തിന്റെ നിറ സൗരഭ്യത്തില്‍ നമുക്ക് മറഞ്ഞിരിക്കാം.