പുതിയ വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ – അനുഭവംകൊണ്ട് നാം പഠിക്കണം.
ലോകത്ത് അതിധനികനായ ഒരു മനുഷ്യന്‍ എല്ലാം നഷ്ടപ്പെട്ട് വൃദ്ധസദനത്തില്‍കിടന്ന് മരിച്ച സംഭവം അടുത്ത സമയത്ത് പ്രധാനപ്പെട്ട ഒരു വാര്‍ത്ത ആയിരുന്നു. അതിസമ്പന്നരും രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, വ്യാപാര മേഖലകളില്‍ പ്രമുഖരും കാലത്തിന്റെ യവനികയിലേക്ക് മറഞ്ഞു. അതില്‍ വിരലില്‍ എണ്ണാവുന്ന ചിലരുടെ പേരുകള്‍ മാത്രം വര്‍ഷത്തിലൊരിക്കലെങ്കിലും പിന്‍തലമുറ ഓര്‍ക്കുന്നുണ്ട.് എന്നാല്‍ വലിയൊരു ശതമാനം അവരുടെ നല്ല സമയത്ത് ഭൗതിക നന്മകള്‍ക്കുവേണ്ടി ജീവിതം അനുഭവിക്കാതെ സമ്പാദ്യത്തിന്റെ പെരുപ്പം കണ്ട് മണ്‍മറയുകയും ചെയ്തു.
2014 കടന്നുപോകുവാന്‍ ദിവസങ്ങള്‍ മാത്രമുളളപ്പോള്‍ നിരവധി ആളുകള്‍ 2015 ല്‍ ഇല്ലാ എന്നുളളത് ഉള്‍ക്കൊളളുവാന്‍ കുടപ്പിറപ്പുകളും സമൂഹവും തയ്യാറായി കഴിഞ്ഞു. വേദപുസ്തകത്തിലെ സമ്പന്നനായ രാജാവായിരുന്നു ശലോമോന്‍. സമ്പത്തും, സൗകര്യങ്ങളും, അറിവും, വെപ്പാട്ടിമാരും, എല്ലാ പ്രതാപങ്ങളും ഉണ്ടായിരുന്ന ശലോമോന്‍ കഴിഞ്ഞ കാല ജീവിതത്തെ നോക്കി ഇങ്ങനെ പറയുന്നു. ”എല്ലാം മായ, മായ”.
പണത്തിനും ജീവിതസൗകര്യങ്ങള്‍ക്കും വേണ്ടി ന്യായമല്ലാത്ത എന്തു ചെയ്തും സ്വന്തസുഖത്തിനുവേണ്ടി സ്വരൂപിക്കുന്ന വലിയൊരുകൂട്ടം നമ്മുടെ മുമ്പിലുണ്ട്. ജീവിതം നൈമിഷികമാണെന്നും, അടുത്ത ദിവസം എന്തും സംഭവിക്കാമെന്നുമുളള ചിന്ത പലപ്പോഴും ഇവര്‍ വിസ്മരിച്ചു പോകുന്നുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. മനുഷ്യന്റെ പരാക്രമങ്ങള്‍ സഹജീവികളോടും സഹോദരങ്ങളോടും പ്രകടിപ്പിക്കുമ്പോള്‍ അവരറിയാതെ അതു തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മറ്റുളളവരെ ചതിച്ചും, മാനസികമായും, ശാരീരികമായും പിഢിപ്പിച്ച് സഹപ്രവര്‍ത്തകരുടെ നന്മകളെ തട്ടിക്കളഞ്ഞ് അവരുടെ അധികാരങ്ങള്‍ കൂട്ടുവാനും സ്വന്തം കുടുംബത്തെ ഉന്നതിയിലെത്തിക്കുവാനും ഉളള തത്രപ്പാടും കാലത്തിന്റെ അന്ത്യം എത്തിയപ്പോള്‍ അവരുടെ ജീവിതം ശൂന്യമായി എന്നൊരു തോന്നല്‍ അനുഭവപ്പെടുന്നു.
2014 ന്റെ അവസാനം സമ്പന്നവും അല്ലാത്തതുമായ രാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ ഒന്നായിരുന്നു ”എബോള”. ആയിരക്കണക്കിന് മനുഷ്യജീവികളെ മതത്തിന്റെ പേരില്‍ കൊന്നൊടുക്കിയ വര്‍ഷവുമാണ് 2014. ജീവനോടെ കഴുത്തറത്ത്, മൃതശരീരങ്ങളില്‍ ചവുട്ടിനിന്നട്ടഹസിക്കുന്ന മതഭ്രാന്തന്മാരുടെ ഭ്രാന്തിന് അറുതി വന്നിട്ടില്ല. വര്‍ഷങ്ങള്‍കൊണ്ട് നേടിയെടുത്ത സമ്പാദ്യം, പ്രശസ്തി, അധികാരങ്ങള്‍ ഒരു ചെറിയ പനിയിലൂടെ നിമിഷങ്ങള്‍കൊണ്ടു ജീവിതം നഷ്ടപ്പെട്ടുപോകുമെന്ന ഭീതി മനുഷ്യനെ വല്ലാതെ അലട്ടിയ സമയമാണിത്. ബഹിരാകാശത്തേക്ക് വാഹനവ്യുഹങ്ങളെ അയയ്ക്കുന്ന ശാസ്ത്ര ലോകം നമ്മുടെ മുമ്പിലുളളപ്പോള്‍ എബോള എന്ന വൈറല്‍ പനിക്ക് മരുന്നു കണ്ടെത്തുവാന്‍ വൈദ്യലോകത്തിന് ഇതുവരെ കഴിഞ്ഞില്ലാ എന്നുളളത് ഏറെ അതിശയിപ്പിക്കുന്നു. ”മനുഷ്യാ നീ ഇന്നു മരിച്ചാല്‍ നിന്റെ ഈ തേരോട്ടത്തിന്റെ പ്രസക്തിയെന്ത്”? അല്‍പ്പായുസ്സിന്റെ വലിപ്പമെന്തെന്നറിയാതെ സഹജീവികളുടെ കണ്ണുനീരു കണ്ടിട്ടും നമ്മുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കുവേണ്ടി നാം യാത്ര ചെയ്യുകയാണോ? പരിഹാസികളെ, ദുഷ്ടന്മാരെ, പാപികളെ, പ്രതാപശാലികളെ ”ഒരു നിമിഷം നിങ്ങളുടെ ജീവിതത്തിലേക്കൊന്നു തിരിഞ്ഞുനോക്കിയാല്‍ നിങ്ങളാല്‍ വിതയ്ക്കപ്പെട്ട നാശത്തിന്റെ വിത്തുകള്‍ എത്രമാത്രം പാവപ്പെട്ടവരായ മനുഷ്യരുടെ ജീവിതം തുലച്ചിട്ടുണ്ട”്. നിങ്ങളുടെ ആയുസ്സ് കടം എടുത്തതാണന്നുളള ബോധ്യം മറക്കാതെ പാപകരമായ ജീവിതത്തില്‍ നിന്ന് മനതിരിവിലൂടെ ഈ പുതിയ വര്‍ഷത്തിലേക്കു കണ്ണുനീരോടെ മടങ്ങിവരുവാന്‍ കഴിയുമോ? നശ്വരമായ ഈ ജീവിതത്തില്‍ അനശ്വരമായ ഒന്നു കെട്ടിപ്പൊക്കുവാന്‍ ഈ പുതിയ വര്‍ഷത്തിലെങ്കിലും ഒരു തിരിഞ്ഞുനോട്ടം നടത്തുവാന്‍ കഴിയുമോ? ആയുസ്സും ആരോഗ്യവും നീട്ടിത്തന്ന സൃഷ്ടാവിനോട് ഒരു കടപ്പാട് നമുക്കുണ്ടോ? പാവങ്ങളെ പിന്തിരിയുന്ന പുതിയ തീരുമാനത്തിലേക്കൂ എത്തുവാന്‍ ദൈവം നിങ്ങളെ സഹായിക്കട്ടെ !!!
വര്‍ഗീസ് മാത്യു
പത്രാധിപര്‍.