പുരോഹിതന്റെ ആവശ്യം
പാസ്റ്റര്‍ കെ.എം. ജോസഫ്.
ക്രിസ്തീയ സഭാമണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു ഉപദേശം ആണ് പൌരോഹിത്യം. ജനകോടികള്‍ക്ക് ഇതിന്റെ സത്യ ഉപദേശം അറിവാന്‍ സാധിച്ചിട്ടില്ല. ഇന്നു കാണുന്ന മാര്‍പാപ്പ, പാത്രിയര്‍ക്കീസ്, കാതോലിക്കോസ് നേതൃത്വത്തില്‍ ഉളള ബലിപീഠങ്ങളും പുരോഹിതന്‍മാരും യേശുവിനാല്‍ സ്ഥാപിതമായതാണോ. ഇന്ന് അഹരോന്യ പൌരോഹിത്യം ഉണ്ടോ? ബലികള്‍ ഉണ്ടോ? തിരുവചനത്തില്‍ ഇതിന് തെളിവുകള്‍ ഉണ്ടോ?. ക്രിസ്തീയ സഭയില്‍ ഉണ്ടായ സകല ദുരുപദേശങ്ങള്‍ക്കും വഴി തെളിയിച്ചത് ഈ മാനുഷിക പൌരോഹിത്യം ആണ്.
മനുഷ്യനും ദൈവത്തിനും മദ്ധ്യേ നിന്നു പ്രവര്‍ത്തിക്കുന്ന ആളാണ് പുരോഹിതന്‍. ദൈവജീവനില്‍ നിന്ന് അകന്നു മനംകഴമ്പിച്ച മനുഷ്യന്‍ പാപിയും കുറ്റക്കാരനും ആകുന്നു. വേദപുസ്തകം വളരെ വ്യക്തമായി അവന്റെ വീണുപോയ പ്രകൃതിയെക്കുറിച്ചു സവിസ്തരം പ്രദിപാദിക്കുന്നുണ്ട്. നീതിമാന്‍ ആരുമില്ല, ഒരുത്തന്‍ പോലും ഇല്ല, എല്ലാവരും വഴിതെറ്റി കൊളളരുതാക്കവരായിതീര്‍ന്നു എന്ന് റോമാലേഖനത്തിലും അതിക്രമങ്ങളിലും പാപങ്ങളിലും മരിച്ചവര്‍ എന്ന് എഫേസ്യലേഖനത്തിലും കാണുന്നു. ഇങ്ങനെയുളള അവസ്ഥയില്‍ ദൈവത്തോടു നിരപ്പു പ്രാപിക്കാതെ അവന് ദൈവസന്നിധിയില്‍ കടന്നുചെല്ലുവാന്‍ അവകാശമില്ലായിരുന്നു. ആദാം പാപം ചെയ്തപ്പോള്‍ അവന്‍ ദൈവസന്നിധി വിട്ടു ഓടിപ്പോകുവാനെ ആഗ്രഹിക്കുന്നുളളു. മുടിയന്‍ പുത്രന്റെ കഥയിലും അവന്‍ അപ്പനെ വിട്ട് ദൂരെ പോകുവാന്‍ ആഗ്രഹിച്ചു. മനുഷ്യനെ ദൈവത്തോടു നിരപ്പിപ്പാന്‍ ഒരു മദ്ധ്യസ്ഥന്‍ ആവശ്യമായിരുന്നു. മനുഷ്യന്റെ വീണുപോയ അവസ്ഥക്ക് ഉളള ഒരു തെളിവാണ് ‘പൌരോഹിത്യം’ പഴയനിയമയിസ്രയേലില്‍ പുരോഹിതന്‍, പ്രവാചകന്‍, രാജാവ് എന്നീ മൂന്നു നിലകളിലുളള ശുശ്രൂഷകള്‍ കാണുവാന്‍ സാധിക്കും. പുരോഹിതന്‍ ബലി അര്‍പ്പിക്കുന്നവനും, പ്രവാചകന്‍ ദൈവത്തിന്റെ അരുളപ്പാടുകള്‍ ജനത്തോടു അറിയിക്കുന്നവനും, രാജാവ് ജനത്തെ പാലിക്കുന്നവനും ആയിരുനനു. ഇവ മൂന്നും വരുവാനിരിക്കുന്ന ക്രിസ്തുവിന്റെ നിഴലുകളായിരുന്നു. യേശുക്രിസ്തുവിന്റെ വരവിനാല്‍ ഇവര്‍ക്കു മാറ്റം വരുത്തി താന്‍ നിത്യ രാജാവും പുരോഹിതനും പ്രവാചകനും ആയിരിക്കയാണ്. ക്രിസ്തു നമ്മുടെ പിരോഹിതനായിരിക്കുന്നതുകൊണ്ട്, തന്റെ പ്രായശ്ചിത്ത ബലിയാല്‍ എന്നേക്കുമുളള വീണ്ടെടുപ്പ് സാധിച്ചതുകൊണ്ട്, ബലികള്‍ അര്‍പ്പിക്കുന്ന മാനുഷീക പുരോഹിതന്‍ ഇനിയും ഇല്ല എന്ന് തിരുവചനം പഠിക്കുന്നവര്‍ക്കു മനസ്സിലാക്കുവാന്‍ കഴിയും.