ബൈബിള്‍ സ്റ്റഡി
ക്രിസ്തുവിന്റെ സൗമ്യത (ഫിലിപ്പ്യര്‍ 2. 5-11)
വി. പൌലൊസ് യൂറോപ്പില്‍ സ്ഥാപിച്ച ഒന്നാമത്തെ സഭയാണ് ഫിലിപ്യ സഭ. മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ പിതാവ് ഫിലിപ്പ് പണിയിച്ച പട്ടണം അദ്ദേഹത്തിന്റെ നാമത്തില്‍ അറിയപ്പെടുന്നു. ഫിലിപ്യ സഭയുടെ വളര്‍ച്ചക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഈ ലേഖനത്തിലൂടെ പൌലൊസ് നല്‍കുന്നു. യേശുക്രിസ്തുവിന്റെ പ്രവര്‍ത്തനത്തെപ്പറ്റി ഇനിയും മനോഹരമായ വിധത്തില്‍ പ്രസ്താവിക്കുന്ന മറ്റ് വേദഭാഗങ്ങള്‍ അധികം ഇല്ല തന്നെ. പൌലൊസ് കാരാഗ്രഹത്തില്‍ അയിരിക്കുമ്പോഴും വേലതുടരുന്നു. യേശുക്രിസ്തുവിന്റെ ദൈവത്വവും മനുഷ്യത്വവും ഒരുപോലെ അംഗീകരിക്കുന്ന ഒരു വേദഭാഗമത്രേ ഇത്.
ഈ ലോകത്തിന്റെ ചിന്തകള്‍ക്ക് അധീനരാകാതെ, നമ്മുടെ ചുറ്റുപാടും കാണുന്ന സ്‌കൂള്‍ ജീവിതങ്ങളില്‍ കാണുന്ന തെറ്റായ ജീവിതരീതികള്‍ക്ക്, ചിന്തകള്‍ക്ക് അധീനരാകാതെ ക്രിസ്തുയേശുവിനാല്‍ വിളിക്കപ്പെട്ട വിളിക്ക് യോഗ്യമായ ജീവിതം നയിക്കുക അത്രേ വേണ്ടത്. ഇങ്ങനെ വി. പൌലൊസ് ഓര്‍പ്പിക്കുന്നത് നാം മറ്റുളളവരെ കരുതുന്നവരും, കൂട്ടായ്മ നല്‍കുന്നവരും, ഐക്യവും, സൗമ്യതയും പുലര്‍ത്തുന്നവരും ആയിരിക്കേണം. അതില്‍ കൂടി ആണ് യേശു തന്റെ പിതാവിനെ സകലത്തിലും അനുസരണയുളളവനായിരുന്ന് പിതാവിന്റെ ഇഷ്ടം അതേപടി നിറവേറിയത്.
നമ്മുടെ യേശുകര്‍ത്താവ് നമ്മോട് പറക തന്നെയല്ല, തന്റെ ജീവിത്തില്‍ കാട്ടിത്തരികയും ചെയ്തു. താന്‍ തന്റെ ജഡീകമാതാപിതാക്കള്‍ക്ക് പൂര്‍ണ്ണ അനുസരണം ഉളളവനായി കീഴ് അടങ്ങിയിരുന്നു എന്ന് വി. ലൂക്കോസ് 2.51 ല്‍ വായിക്കുന്നു. അതുപോലെ നാമും, നമ്മുടെ അമ്മയപ്പന്‍മാരെ അനുസരിച്ച്, താഴ്മ ഉളളവരായി അവര്‍ക്ക് കീഴ്അടങ്ങി ജീവിക്കേണ്ടതാണ്. യേശു അതുപോലെ ജ്ഞാനത്തില്‍ വളര്‍ന്നുവോ, അതുപോലെ മറ്റളളവരില്‍ നിന്നും പഠിക്കുന്നതിനും, നല്ല ജീവിതത്തിന്റെ ഉടമകളായി നല്ല സാക്ഷ്യം ലഭിച്ചവരായി തീരുകയും ചെയ്യേണം എന്നത്രേ അപ്പോസ്‌തോലന്‍ ആവശ്യപ്പെടുന്നത്.
ഇപ്രകാരമുളള ഒരു ജീവിതത്തിന്റെ ഉടമകളായിതീരുമ്പോള്‍ വെറുതെയായി എന്നല്ല, പ്രതിഫലം നല്‍കുന്ന ഒരു ദൈവം ആണു നമുക്ക് ഉളളത് എന്ന് 9-ാം വാക്യം നമ്മെ ഓര്‍പ്പിക്കുന്നു. ദൈവം നമ്മെ ഉയര്‍ത്തും എന്ന് തന്നെയല്ല സകലത്തിലും മേലായി നമ്മെ ഉയര്‍ത്തുകയും, സകലനാമത്തിനും മേലായനാമം നല്‍കി നമ്മെ ആദരിക്കുകയും ചെയ്യുന്ന ദൈവമാണ് നമുക്ക് ഉളളത്. നമ്മുടെ ജീവിതത്തില്‍ സംശയത്തിന് കാരണം വേണ്ട. നമ്മുടെ കര്‍ത്താവിന്റെ വാഗ്ദത്തങ്ങള്‍ അത്രേ ഇത്. ആ ദൈവം വാക്കുമാറാത്തവനാണ്. വാഗ്ദത്തങ്ങളില്‍ വിശ്വസ്തനായ ഒരു ദൈവമാണ് നമുക്കുളളത്. ആ ദൈവവുമായിട്ടാകുന്നു നമുക്ക് കൂട്ടായ്മ ഉളളത്. ആ ദൈവീക കൂട്ടായ്മയില്‍ വളരുവാനും ആ ദൈവത്തെ വണങ്ങി നമസ്‌ക്കരിക്ക മാത്രമല്ല, സ്വര്‍ലോകരും ഭൂലോകരും, അധോലോകരും എല്ലാം തന്നെ യേശുകര്‍ത്താവിന്റെ മുമ്പില്‍ വണങ്ങി, യേശു ദൈവമാകുന്ന കര്‍ത്താവാകുന്നു എന്ന് പൂര്‍ണ്ണമായി വിശ്വസിച്ച് ഏറ്റുപറവാന്‍ തക്കവണ്ണം നമ്മെ ഭരമേല്‍പിച്ചിരുന്ന താലന്തുകള്‍ക്ക് ഒത്തവണ്ണം പ്രവര്‍ത്തിക്കാം.
ഇപ്രകാരം ഏറ്റുപറയേണ്ട നാളുകള്‍ അടുത്തിരിക്കയാല്‍ നമുക്ക് നമ്മെ തന്നെ ഒരുക്കാം. നമ്മുടെ യേശുകര്‍ത്താവിന്റെ നല്ല സാക്ഷ്യം ലഭിച്ച് അതിന്റെ ഉടമകള്‍ ആയിത്തീരുവാനും നമ്മെ തന്നെ ഒരുക്കാം. അതിനായി ദൈവത്തിന്റെ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ.
കര്‍ത്താവ് അങ്ങയുടെ പ്രതികരണം ജീവിതത്തിന്റെ എല്ലാ അനുഭവങ്ങളിലും പ്രതിഫലിക്കുവാന്‍ ഞങ്ങളെ സഹായിക്കേണമെ എന്ന് നമുക്കു പ്രാര്‍ത്ഥിക്കാം.