ഭക്തന്മാരുടെ കഷ്ടതകള്‍
ഞാന്‍ യേശുക്രിസ്തുവിനെ രക്ഷകനും കര്‍ത്താവുമായി സ്വീകരിച്ചു. എന്നാല്‍ അതിനു ശേഷവും എന്റെ കഷ്ടതകളൊന്നും വിട്ടു മാറുന്നില്ല. എന്തുകൊണ്ട് ഭക്തന്മാര്‍ കഷ്ടപ്പെടുന്നു? ബൈബിളിലെ ഏറ്റവും പുരാതനമായത് എന്ന് അറിയപ്പെടുന്ന ഇയ്യോബിന്റെ പുസ്തകവും ഉയര്‍ത്തുന്ന ചോദ്യവും അതുതന്നെ. ഈ ചോദ്യത്തിന് പൂര്‍ണ്ണ തൃപ്തി നല്കുന്ന ഒരു ഉത്തരം കണ്ടെത്താന്‍ ഇന്നും മനുഷ്യന് സാധിച്ചിട്ടില്ല. അതിന്റെ ഉത്തരം വെളിപ്പെടുത്താന്‍ സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിനു മാത്രമേ സാധിക്കുകയുള്ളൂ. എന്നാല്‍ നമുക്ക് നല്കപ്പെട്ടിരിക്കുന്ന ദൈവവചനം കഷ്ടതയെക്കുറിച്ച് സംസാരിക്കുന്നത് ശ്രദ്ധയോടെ പഠിച്ചാല്‍ ഇത്തരമൊരു ചോദ്യം ഉന്നയിക്കേണ്ടിവരുകയില്ല.
‘കാര്‍മേഘവും സൂര്യപ്രകാശവും’ എന്ന പുസ്തകത്തിന്റെ രചയിതാവായ ഹന്നാ ഹിഗ്ഗിന്‍സ് തളര്‍ച്ച ബാധിച്ച് 50 വര്‍ഷത്തോളം കിടക്കയില്‍ തന്നെ ജീവിതം ചിലവഴിച്ച ഒരു വ്യക്തിയാണ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഹന്നയ്ക്ക് പിടിപെട്ട ഒരു അസ്ഥിരോഗം മൂലം കാല്‍പാദങ്ങള്‍ മുറിച്ചു മാറ്റേണ്ടിവന്നു. വളരെ വേദനയോടുകൂടിയാണ് അവര്‍ ജീവിതം ചിലവഴിച്ചത്. എന്നാല്‍ അതിന്റെ മധ്യത്തിലും ദൈവത്തിന്റെ ധാരാളമായ കൃപയും ശക്തിയും അവര്‍ക്കു പ്രാപിക്കുവാന്‍ സാധിച്ചു. വേദനയിലും അതേക്കുറിച്ചോര്‍ത്ത് അവര്‍ നിലവിളിച്ചില്ല.
ഹന്നയെ സന്ദര്‍ശിക്കാനെത്തിയവര്‍ക്ക് അവര്‍ ഒരു അത്ഭുതമായിരുന്നു. ഹന്നയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ഒടുവില്‍ സ്വര്‍ഗ്ഗീയ ആശ്വാസം പ്രാപിച്ച് മടങ്ങിപ്പോകുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരുന്നത്. അവര്‍ തന്റെ കിടക്കയെ ”നന്ദിപറയുന്ന സ്ഥലം” എന്നാണ് വിശേഷിപ്പിച്ചിരുന്നത്. കിടക്കയില്‍ നിരന്തരമായ പ്രാര്‍ത്ഥനയില്‍ അവര്‍ സമയം ചിലവഴിച്ചിരുന്നു. ഹന്നയുടെ മദ്ധ്യസ്ഥപ്രാര്‍ത്ഥനയുടെ പട്ടികയില്‍ ഇരുന്നൂറോളം സുവിശേഷ പ്രവര്‍ത്തകരുടെ പേരുണ്ട്. അവര്‍ സുവിശേഷ പ്രവര്‍ത്തകര്‍ക്കു വേണ്ടി നിരന്തരമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. കൂടാതെ അവര്‍ പ്രാര്‍ത്ഥിക്കുന്നതോടൊപ്പം ആ സുവിശേഷകര്‍ക്ക് പ്രോത്സാഹനമായി ഓരോ എഴുത്തും വര്‍ഷത്തില്‍ ഒരിക്കല്‍ എഴുതിയിരുന്നു. ഹന്ന തന്റെ പുസ്തകം എഴുതുമ്പോള്‍ അവര്‍ക്ക് 77 വയസുണ്ടായിരുന്നു. അവര്‍ ഇങ്ങനെ പറഞ്ഞു. ‘കര്‍ത്താവിന്റെ സഹായംകൊണ്ട് എനിക്കു ഇതു സാധിക്കുമെന്നു തെളിഞ്ഞിരിക്കുന്നു’. ഒരിക്കലും കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആ കിടക്കയെ അനുഗ്രഹങ്ങളുടെ വറ്റാത്ത കലവറയായി മാറ്റിയെടുക്കാന്‍ ഹന്നാ ഹിഗ്ഗിന്‍സിന് സാധിച്ചു.
17-ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ജിവിച്ചിരുന്ന അനുഗ്രഹീതനായ കര്‍തൃദാസനാണ് ജോണ്‍ ബനിയന്‍. ദുഷ്ടവഴികളിലൂടെ പാപം നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹം ബാല്യകാലത്ത് നയിച്ചിരുന്നത്. 15-ാം വയസില്‍ അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു സംഭവമുണ്ടായി. ഒരു ദിവസം താന്‍ കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഒരു ശബ്ദം തന്നോടു സംസാരിക്കുന്നതായി അദ്ദേഹം കേട്ടു. ‘നീ ഇപ്പോള്‍ തുടരുന്ന പാപവഴികളിലൂടെയുള്ള ജീവിതം തുടര്‍ന്നാല്‍ നിത്യനരകമായിരിക്കും നിന്റെ ഓഹരി. അതല്ല ദൈവത്തെ സ്വീകരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ പോകുവാന്‍ സാധിക്കും. നീ ഇതില്‍ ഏതാണ് തെരഞ്ഞെടുക്കുക.’ സദാതന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന യേശുക്രിസ്തുവിന്റെ കണ്ണുകള്‍ താന്‍ കാണുന്നതായി അവനു തോന്നി. അവന് ആ നിമിഷങ്ങളില്‍ ഒരു കാര്യം വ്യക്തമായി. തന്റെ പാപ വഴികളിലൂടെയുള്ള ജീവിതം യേശുക്രിസ്തു ഇഷ്ടപ്പെടുന്നില്ല. അവന്‍ അവിടെവച്ചുതന്നെ യേശുക്രിസ്തുവിനെ രക്ഷകനും കര്‍ത്താവുമായി സ്വീകരിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ വലിയ മാറ്റം സംഭവിച്ചു. അദ്ദേഹം ബാപ്റ്റിസ്റ്റ് സഭയോടു ചേര്‍ന്ന് ഒരു സഞ്ചാര സുവിശേഷ പ്രസംഗകനായിതീര്‍ന്നു.
ഈ സമയത്ത് ഇംഗ്ലണ്ടില്‍ ഒരു പുതിയ നിയമം പാസായി ഇംഗ്ലണ്ടിലെ ജനങ്ങള്‍ ആഗ്ലിക്കന്‍ സഭയില്‍ മാത്രമേ അംഗത്വമെടുക്കാവൂ. ഈ നിയമം ലംഘിച്ച് ബാപ്റ്റിസ്റ്റു സഭയില്‍ തുടര്‍ന്ന ജോണ്‍ ബനിയനെ സര്‍ക്കാര്‍ പിടികൂടുകയും 12 വര്‍ഷത്തേയ്ക്ക് തടവില്‍ അയ്ക്കുകയും ചെയ്തു. തടവറയുടെ അനുഭവം ജോണ്‍ ബനിയന് കഷ്ടത നിറഞ്ഞതായിരുന്നു. എങ്കിലും അദ്ദേഹം ആ പ്രതിസന്ധിയുടെ അവസരത്തെ അനുഗ്രഹത്തിന്റെ സമയമാക്കി മാറ്റിയെടുത്തു.
ജയിലില്‍ ആയിരുന്ന നാളുകള്‍ ജോണ്‍ ബനിയന്‍ വെറുതെ ഇരുന്നില്ല. ആ സമയത്താണ് അദ്ദേഹം വിശ്വപ്രസിദ്ധമായ ‘പരദേശി മോക്ഷയാത്ര’ എന്ന പുസ്തകം എഴുതിയത്. ബൈബിള്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം വില്‍പ്പന നടന്നത് ആ ഗ്രന്ഥത്തിനാണ്. നാശപട്ടണം വിട്ട് സ്വര്‍ഗ്ഗീയ നാടിനെ ലക്ഷ്യമാക്കി യാത്രചെയ്യുന്ന ഒരു ക്രിസ്ത്യാനിയുടെ യാത്രയിലുണ്ടാകുന്ന അനുഭവങ്ങളാണ്് പരദേശി മോഷയാത്രയുടെ ഇതിവൃത്തം. കോടാനുകോടികളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുവാന്‍ ദൈവം ജോണ്‍ ബനിയന്റെ തടവറയെ മുഖാന്തരമാക്കിത്തീര്‍ത്തു.
ഹന്നാ ഹിഗ്ഗിന്‍സിന്റെയും ജോണ്‍ ബനിയന്റെയും ഉദാഹരണങ്ങള്‍ നിരത്തിയതിനുപിന്നില്‍ ഒരു കാരണമുണ്ട്. യേശുക്രിസ്തുവിനെ രക്ഷകനും കര്‍ത്താവുമായി സ്വീകരിക്കുന്നതോടെ കഷ്ടതകള്‍ നമ്മെ വിട്ടുമാറുന്നില്ല. ഒരു രക്ഷിക്കപ്പെട്ട ദൈവപൈതലിന്റെ കഷ്ടതകള്‍ പൂര്‍ണ്ണമായും അവസാനിക്കുന്നത് നിത്യതയില്‍ തങ്ങളുടെ അരുമ നാഥന്റെ അരുകില്‍ എത്തുമ്പോഴാണ്. എന്നാല്‍ നാം രക്ഷിക്കപ്പെടുന്നതോടെ കഷ്ടതയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് മാറുന്നു. ഒരു ദൈവപൈതല്‍ കഷ്ടതയെ ഒരിക്കലും ആ പേരുവിളിച്ച് വിശേഷിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നില്ല. വളരെ ലളിതമായി പറഞ്ഞാല്‍ നാം ദൈവമക്കളായി തീരുന്നതോടെ കഷ്ടതകളും അനുഗ്രഹങ്ങളായി മാറുന്നു.
എങ്ങനെയാണ് കഷ്ടതകള്‍ ദൈവമക്കള്‍ക്ക് അനുഗ്രഹമായി മാറുന്നത്. ദൈവവചനത്തിന്റെ അടിസ്ഥാനത്തില്‍ അക്കാര്യം നമുക്ക് വിശദമായി ചര്‍ച്ചചെയ്യാനാകും. അടിസ്ഥാനപരമായി ദൈവം തന്റെ മക്കള്‍ക്ക് കഷ്ടത അനുവദിക്കുന്നത് അവരുടെ നന്മയ്ക്കുവേണ്ടിയാണ്.
~ഒരു പിതാവ് മക്കളെ ശാസിക്കുന്നത് ഒരിക്കലും അവര്‍ നശിക്കുന്നതിനുവേണ്ടിയല്ലല്ലോ അവരെ നന്മയുടെ വഴികളില്‍ നടത്തുന്നതിനുവേണ്ടിയാണ് പിതാവ് ആഗ്രഹിക്കുന്നത്. അതേ നിലയില്‍ നമ്മുടെ സ്വര്‍ഗ്ഗീയ പിതാവും നന്മകളുടെ വഴികളില്‍ നടക്കേണ്ടതിനുവേണ്ടിയാണ് കഷ്ടത അനുവദിച്ചിരിക്കുന്നത്. കഷ്ടതകള്‍ നമ്മെ തളര്‍ത്തുകയും തകര്‍ക്കുകയുമല്ല വേണ്ടത്. പ്രത്യുത അത് നമ്മുടെ വളര്‍ച്ചയ്ക്കും അനുഗ്രഹത്തിനും മുഖാന്തിരമായി തീരേണ്ടതുണ്ട്.
‘കഷ്ടമനുഭവിപ്പാന്‍ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങള്‍തന്നെ അറിയുന്നവല്ലോ. നാം കഷ്ടം അനുഭവിക്കേണ്ടിവരും എന്ന് ഞങ്ങള്‍ നിങ്ങളോടുകൂടി ഇരുന്നപ്പോള്‍ മുമ്പ്കൂട്ടി പറഞ്ഞിട്ടുമുണ്ട്. അവണ്ണം തന്നെ സംഭവിച്ചുവെന്ന് നിങ്ങള്‍ അറിയുന്നു’ (1 തെസ. 3:3,4). ദൈവജനത്തിനായി കഷ്ടത നിയമിക്കപ്പെട്ടിരിക്കുന്നു എന്ന് ഈ വാക്യം വ്യക്തമാക്കുന്നു. ക്രിസ്തീയ ജീവിതം എന്നത് ഒരിക്കലും സുഖകരമായ അനുഭവങ്ങള്‍ മാത്രമുള്ള ഒരു പട്ടുമെത്തയല്ല. മുള്ളുകള്‍ നിറഞ്ഞ വഴിയിലൂടെ നിങ്ങള്‍ക്ക് കടന്നുപോകേണ്ടിവന്നേക്കാം. എന്നാല്‍ അതിന്റെ അന്ത്യത്തില്‍ ഒരിക്കലും ആര്‍ക്കും ചിന്തിക്കാനാവാത്തത്ര അനുഗ്രഹങ്ങള്‍ കണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ സാധിക്കും. കഷ്ടതയുടെ മധ്യത്തില്‍ ഉപേക്ഷിച്ചുപോകുന്ന ഒരു ദൈവമല്ല പ്രത്യുത കഷ്ടങ്ങളില്‍ ഏറ്റവും അടുത്ത തുണയായിരിക്കുന്ന ഒരു ദൈവത്തെയാണ് നമുക്കു കാണുവാന്‍ കഴിയുന്നത്.