ലോകം മനുഷ്യനോടു വ്യാഖ്യാനിച്ചത് – ഒന്നാം തീയ്യതി ഐശ്വര്യം.
എസ് . മാമൂടന്‍
”എണീക്കാറായില്ലേടാ..”
ശൊ, ഇതാരാ ഈ രാവിലെ – പിറുപിറുപ്പോടെ മാര്‍ട്ടിന്‍ മുഖത്തെ പുതപ്പ് സാവാധാനം മാറ്റി. മറീന ഒന്നാം തീയ്യതിയുടെ വിശേഷവുമായി വന്നതാവും. അവളുടെ മുഖഭാവവും അതുതന്നെയാണ് പറയുന്നത്.
”മതിയെടാ ഉറങ്ങിയത്”്, അവള്‍ വീണ്ടും പറഞ്ഞു.
മറുവാക്കിന് മാര്‍ട്ടിന്‍ ശ്രമിക്കാതെ എണീറ്റ് കിടക്ക മടക്കി വച്ചു. ഈ ഹാളില്‍ വന്ന് കിടന്നതാണ് കുഴപ്പം. മര്യാദയ്ക്ക് മുറിയില്‍തന്നെ കിടന്നിരുന്നെങ്കില്‍ അവള്‍ ഇങ്ങനെ കയറി വന്ന് വിളിക്കില്ലായിരുന്നല്ലോ. മാര്‍ട്ടിന്‍ ഉളളില്‍ പറഞ്ഞു.
”പിന്നെ എന്നാ ഉണ്ടെടി വിശേഷം? മാര്‍ട്ടിന്‍ ചോദിച്ചു.
”ഓ…
എന്തോ പറയാനാ, ഇന്ന് ഒന്നാം തീയ്യതിയല്ലേ” മറീന പറഞ്ഞു.
അവളുടെ കണ്ണ് മാറ്റാതെയുളള നോട്ടവും, സംസാരവും മനസ്സില്‍ ഒരു വല്ലായ്മ പരത്തി. പൂച്ചക്കണ്ണി എന്നല്ലേ എല്ലാവരും അവളെ കളിയാക്കുന്നത്. അതിനെ കണ്‍മഷികൊണ്ട് വരച്ചത് കുറച്ചുകൂടി തീവ്രത കൂടിയതുപോലെ, മാര്‍ട്ടിന്‍ അമ്മയെ വിളിച്ചു ”അമ്മേ….. അമ്മേ……”
അടുക്കളയില്‍ നിന്നും പതിവു ചായയുമായി വരുന്ന അമ്മയെ പ്രതീക്ഷിച്ച് മാര്‍ട്ടിന്‍ മറീനയെ വിരുന്ന് മുറിയിലേക്ക് ക്ഷണിച്ചു. വാടീ നമുക്ക് അങ്ങോട്ട് പോയി ഇരിക്കാം.
”എനിക്ക് ധൃതിയുണ്ടെടാ, ഇനിയും രണ്ടു വീടുകളില്‍ കൂടി കയറണം. പോരെങ്കില്‍ എക്‌സാമിന് ഇനിയും കൂറെക്കൂടി പഠിച്ച് തീര്‍ക്കാനുണ്ട്. നീ സമാധാനപ്പെട്, ഞാനും പഠിച്ചു തീര്‍ന്നിട്ടില്ല. എക്‌സാമിന് ഇനിയും രണ്ടു ദിവസങ്ങള്‍ കൂടിയുണ്ടല്ലോ. ഡിഗ്രി ഫസ്റ്റ് ഇയറിന് ഇത്രയും ടെന്‍ഷന്‍ ആവശ്യമില്ല. മാര്‍ട്ടിന്‍ അവളെ സമാധാനിപ്പിച്ചു.
എല്ലാ ഒന്നാം തീയതിയും രാവിലെ അയല്‍ വീടുകളില്‍ കയറിയിറങ്ങുന്നത് മറീനയുടെ ചുമതലയില്‍പ്പെട്ട കാര്യമാണെന്ന് മാര്‍ട്ടിന് അറിയാം. അവള്‍കയറുന്ന വീടിന് ഐശ്വര്യമുണ്ടെന്ന് ചിലരൊക്കെ പറയുന്നത് മാര്‍ട്ടിന്‍ കേട്ടിട്ടുണ്ട്.
എന്നിട്ടും മാമച്ചന്‍ ചേട്ടന്റെ വീട്ടിലേക്കുളള ഈ ചടങ്ങ് വിലക്കിയിട്ട് അധികമായിട്ടില്ല. അയാളുടെ വീട്ടിലെ ദുരിതം ഒഴിഞ്ഞ് കിട്ടാന്‍ ആരെയെല്ലാം വിളിച്ചു കയറ്റിയതാണ്. അവസാനമായി ഇറങ്ങി പ്പോന്നത് മറീനയാണെന്ന് അവള്‍ തന്നെയാണ് പറഞ്ഞത്.
”സത്യത്തില്‍ ഇതിലെന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോ അമ്മേ” മാര്‍ട്ടിന്‍ അമ്മയോട് ചോദിച്ചു”. ”മോനേ എനിക്ക് അടുക്കളയില്‍ പണിയുണ്ട്്, മാര്‍ട്ടിന്റെ അമ്മ മറ്റൊന്നും പറയാതെ ഉള്‍ വലിഞ്ഞു. ചായകുടിച്ചെഴുന്നേറ്റ മറീന പറഞ്ഞു. ”അധികം താമസിയാതെ ഞാനീ പരിപാടി നിറുത്തുമെടാ” ഇതെല്ലാം ശുദ്ധ അസംബന്ധമാണെന്ന് പറയാന്‍ നീയും കൂടി എന്നെ സഹായിക്കണം. നമ്മുടെ ചാച്ചന്മാരും അമ്മച്ചിമാരും ഇതെല്ലാം വിട്ടൊഴിയുന്നത് എന്നായിരിക്കും?
എല്ലാം കേട്ടു നിന്ന മാര്‍ട്ടിന്‍ അവള്‍ പറഞ്ഞതിനോടു യോജിച്ചു. ”വീണ്ടും ജനനം” എന്താണെന്നറിയാത്ത നമ്മുടെ ആള്‍ക്കാര്‍ ത്രിയേക ദൈവത്തെ വിളിക്കും. കൊടുക്കേണ്ടതെല്ലാം കൊടുക്കും പക്ഷേ അതോടൊപ്പം ഈവക അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൂടെ കൊണ്ടുനടക്കും. പിന്നെ എങ്ങനെയാണ് ഗുണം പിടിക്കുക. എല്ലാവര്‍ക്കും താല്‍ക്കാലിക സുഖത്തോടാണ് താല്‍പ്പര്യം. അതിന് ഏത് ചെകുത്താന്റെ മാര്‍ഗ്ഗവും തേടിപ്പോകാന്‍ നമ്മുടെ ആള്‍ക്കാര്‍ക്ക് മടിയില്ല. അതിന്റെ കാരണം ഉളളില്‍ ദൈവം ഇല്ലാത്തതാകും.
”നീയൊരു കാര്യം ചെയ്യണം, മറീന’. കഴിയുമെങ്കില്‍ അടുത്ത മാസം ഒന്നുമുതല്‍ നീ വീടുകളില്‍ കയറരുത്. ബാക്കി കാര്യം ഞാനേറ്റു.
”നമ്മുടെ പിതാവല്ലേടാ കഴിഞ്ഞയാഴ്ച പറഞ്ഞത് ദൈവവുമായി ബന്ധപ്പെടാനുളള മാധ്യമമാണ് മതം എന്ന്”. മറീന ഇടയ്ക്ക് കയറി പറഞ്ഞു.
”മറീന ഞാനൊരു കാര്യം പറയാം. നീ ഇനിയെങ്കിലും പുരോഹിതരെ ‘പിതാവ്’ എന്ന് സംബോധന ചെയ്യരുത്. തിരുവചനം പറയുന്നത് എന്താണെന്ന് നീ ശ്രദ്ധിച്ചിട്ടുണ്ടോ?
നിങ്ങളെല്ലാവരും സഹോദരന്മാര്‍, ഭൂമിയില്‍ ആരേയും പിതാവെന്ന് വിളിക്കരുത്. ഒരുത്തനത്രേ നിങ്ങളുടെ പിതാവ്. സ്വര്‍ഗ്ഗസ്ഥന്‍ തന്നെ. കൂട്ടത്തില്‍ മതത്തിന്റെ കാര്യം നീ പറഞ്ഞല്ലോ. അത് ഓരോരുത്തരുടേയും വയറ്റിപ്പിഴപ്പല്ലേ. അത് വീണ്ടും ഉയര്‍ത്തിപ്പിടിച്ച് മനുഷ്യരുടെ ഇടയില്‍ വിദ്വേഷവും വെറുപ്പും സൃഷ്ടിക്കാന്‍ മനുഷ്യന്‍ ഉണ്ടാക്കിയതാണ്. അതില്‍ ദൈവത്തിന് പങ്കില്ല. ദൈവസ്‌നേഹം ഉണ്ടെങ്കില്‍ കേസും, സ്റ്റേയും, ബോംബും ഉണ്ടാകില്ലല്ലോ. മതം നമുക്ക് ആവശ്യപ്പെടാത്തതാണ് മറീന. നാമെല്ലാം ഇനിയും മനസ് പുതുക്കണം.
”ഏതായാലും നീ പറഞ്ഞതനുസരിച്ച് അടുത്ത മാസം മുതല്‍ ഞാന്‍ ഈ ഒന്നാം തീയതി പ്രോഗ്രാം അവസാനിപ്പിക്കും. ”ഞാന്‍ നടക്കട്ടേടാ” മറീന പടവുകള്‍ ഇറങ്ങി നടന്നു.
തിരുവചനം ധ്യാനിക്കാന്‍ മാര്‍ട്ടിന്‍ മുറിയിലേക്ക് കയറി. ദിശാബോധം നഷ്ടപ്പെട്ടവരാണ് മതവാദികള്‍ എന്ന തിരിച്ചറിവോടെ മാര്‍ട്ടിന്‍ ദൈവത്തെ വിളിച്ചു.