Federal Bank
Royal-Malabar
Silk Villagio
Lulu gold

സ്വര്‍ഗ്ഗീയ പറുദീസാ

കെ.ഇ. എബ്രഹാം.

സ്വര്‍ഗ്ഗീയ പറുദീസായെക്കുറിച്ചു നാം നന്നായി ഗ്രഹിക്കണമെങ്കില്‍ ആദ്യമായി സ്വര്‍ഗ്ഗം എന്താണന്ന് അറിഞ്ഞിരിക്കണം. സ്വര്‍ഗ്ഗം എന്ന് നാം സാധാരണ പറയാറുണ്ടെങ്കിലും അത് ഒന്നല്ല അനേകമാണന്നാണ് തിരുവെഴുത്തു വെളിപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ സ്വര്‍ഗ്ഗം അനവധിയാണെന്നും അവയ്‌ക്കെല്ലാം മീതെ സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗം അഥവാ അത്യുന്നത സ്വര്‍ഗ്ഗം സ്ഥിതി ചെയ്യുന്നു എന്നും സ്പഷ്ടമാക്കിയിരിക്കുന്നു.
അനവധിയായ സ്വര്‍ഗ്ഗങ്ങളെ മൊത്തത്തില്‍ ഒന്നാം സ്വര്‍ഗ്ഗം, രണ്ടാം സ്വര്‍ഗ്ഗം, മൂന്നാം സ്വര്‍ഗ്ഗം എന്നിങ്ങനെ തിരുവെഴുത്തു മൂന്നായി തിരിച്ചിരിക്കുന്നു. ഒന്നാം സ്വര്‍ഗ്ഗം മേഘങ്ങളുടെ മണ്ഡലവും മൂന്നാം സ്വര്‍ഗ്ഗം ദൈവത്തിന്റെ സിംഹാസന സ്ഥാനവും ആകുന്നു. യെശയ്യാ പ്രവചനത്തില്‍ ലൂസിഫേറിന്റെ വിഴ്ചയെക്കുറിച്ചു പറഞ്ഞിരിക്കുന്ന ഭാഗത്തു (യെശ. 14. 12-14) ഇതു സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. അവന്റെ ഹൃദയം അഹങ്കരിച്ചപ്പോള്‍ അവന്‍ ആക്കിവയ്ക്കപ്പെട്ടിരുന്ന സ്ഥാനത്ത് ഇരുന്നുകൊണ്ട് ഹൃദയത്തില്‍ പറഞ്ഞതാമിത്. ഞാന്‍ മേഘോന്നതങ്ങള്‍ക്ക് മീതെ കയറും, എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങള്‍ക്ക് മീതെ വയ്ക്കും. ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറും. മേഘോന്നതം(മേഘമണ്ഡലം)ദൈവത്തിന്റെ നക്ഷത്രങ്ങള്‍(നക്ഷത്രമണ്ഡലം) സ്വര്‍ഗ്ഗം ഇവ മൂന്നും ഇവിടെ പ്രസ്താവിച്ചിരിക്കുന്നു.
ഈ ബ്രഫ്മാണ്ഡകടാഹത്തില്‍ സ്ഥിതിചെയ്യുന്ന കോടാനുകോടി നക്ഷത്രജാലങ്ങള്‍ ദിവ്യജീവികളുടെ അഥവാ മാലാഖമാരുടെ വാസസ്ഥലങ്ങളായ സ്വര്‍ഗ്ഗീയ ഗോളങ്ങളാണെന്നു തിരുവെഴുത്തു വ്യക്തമാക്കിയിരിക്കുന്നു. ബ്രഫ്മാണ്ഡകടാഹത്തിലെ നക്ഷത്രജാലങ്ങള്‍ സംഖ്യാതീതങ്ങളെന്നു നാം അറിയുന്നു. അവയില്‍ മുപ്പതുകോടിയോളം കണ്ടുപിടിച്ചതായും കണ്ടുപിടിക്കാന്‍ കഴിയാതെ ഇനി അനേക കോടിയുണ്ടെന്നും അവകാശപ്പെടുന്നു.
വെളിച്ചം ഒരു സെക്കന്റില്‍ ഒരു ലക്ഷത്തി എണ്‍പത്താറായിരം മൈല്‍ സഞ്ചരിക്കുമെന്നു ശാസ്ത്രജ്ഞന്മാര്‍ കണ്ടുപിടിച്ചിരിക്കുനു. അങ്ങനെയുളള വെളിച്ചം ചില നക്ഷത്രങ്ങളില്‍നിന്നു പുറപ്പെട്ടാല്‍ അനേക വര്‍ഷം കൊണ്ടു മാത്രമേ ഭൂമിയില്‍ പതിക്കയുളളുവെന്ന് അറിയുമ്പോള്‍ നക്ഷത്രജാലങ്ങളെല്ലാം എത്രത്തോളം ഉയരത്തില്‍ സ്ഥിതിചെയ്യുന്നു എന്ന് ഊഹിക്കുക. ഈ നക്ഷത്രഗോളങ്ങള്‍ക്കെല്ലാം ഉയരെയാണ് സര്‍വ്വശക്തനായ ദൈവത്തിന്റെ രാജധാനിയായ സ്വര്‍ഗ്ഗം സ്ഥിതിചെയ്യുന്നത്. ഉയരത്തില്‍ എന്നതിനാല്‍ വടക്കുഭാഗത്ത് എന്നര്‍ത്ഥമാക്കുന്നു. ദൈവത്തിന്റെ നിവാസ സ്ഥാനത്തെക്കുറിച്ച് ‘ഉത്തരദിക്കിന്റെ അതിര്‍ത്തിയില്‍ സമാഗമ പര്‍വ്വതത്തിന്മേല്‍’ (യെശ. 14. 13) എന്നു എഴുതപ്പെട്ടിരിക്കുന്നു. 48 -ാം സങ്കീര്‍ത്തനത്തില്‍ ‘മഹാരാജാവിന്റെ നഗരമായി ഉത്തരഗിരിയായ സീയോന്‍ പര്‍വ്വതം ഉയരംകൊണ്ടു മനോഹരവും സര്‍വഭൂമിയുടെയും ആനന്ദവുമാകുന്നു’ എന്നു കാണുന്നു. ഇതിന്റെയെല്ലാം വെളിച്ചത്തില്‍ സര്‍വ്വശക്തന്റെ വാസസ്ഥാനം , അവന്റെ രാജധാനി ഉത്തരദിക്കിന്റെ അതിര്‍ത്തിയില്‍ അഥവാ അത്യുന്നതങ്ങളില്‍ എന്ന് ഇവയൊക്കെയും നമ്മോടു വിളിച്ചറിയിക്കുന്നു.
സ്വര്‍ഗ്ഗങ്ങള്‍ അനവധിയെന്നും, അവയെ മേഘമണ്ഡലം (ഒന്നാം സ്വര്‍ഗ്ഗം) നക്ഷത്രമണ്ഡലം (രണ്ടാം സ്വര്‍ഗ്ഗം), ദൈവാധിവാസസ്ഥാനമായ അത്യുന്നതന്റെ സ്വര്‍ഗ്ഗം (മൂന്നാം സ്വര്‍ഗ്ഗം) എന്നിങ്ങനെ തിരുവെഴുത്തു സ്പഷ്ടമാക്കിയിരിക്കുന്നു.
ദൈവത്തിന്റെ വാസസ്ഥാനമായ അത്യുന്നത സ്വര്‍ഗ്ഗത്തിലത്രേ സാക്ഷാത്തായ പറുദീസാ സ്ഥിതിചെയ്യുന്നത്. സ്വര്‍ഗ്ഗത്തിലെ മഹത്വങ്ങള്‍ അതിന്റെ തന്മയത്വത്തില്‍ മനുഷ്യരായ നമുക്കു ഇപ്പോള്‍ വെളിപ്പെടുത്തപ്പെട്ടില്ല. ആ കൂട്ടത്തില്‍ പറുദീസയുടെ മഹത്വവും നമുക്കു അറിയിക്കപ്പെട്ടിട്ടില്ല. അത് ‘ഉത്തരഗിരി’ (സങ്കീ. 48.2) എന്നും ‘സമാഗമപര്‍വ്വതം’ (യെശ. 14. 13) എന്നും വിളിക്കപ്പെടുന്ന സീയോന്‍ പര്‍വ്വതത്തില്‍ ആണെന്നു തിരുവചനം വെളിപ്പെടുത്തിയിരിക്കുന്നു. അതിന്റെ പ്രതിച്ഛായകളായ ഭൂമിയിലെ പറുദീസാകളില്‍ കാണുംപ്രകാരം ജീവജലനദി, ജീവവൃക്ഷം, ആദിയായവ അവിടെ സ്ഥിതിചെയ്യുന്നുവെന്ന് വിശുദ്ധന്മാരുടെ ആത്മാക്കള്‍ ഇപ്പോള്‍ വിശ്രമിക്കുന്നത് അവിടെയെന്നും ദൈവവചനം വെളിപ്പെടുത്തിയിരിക്കുന്നു.

  • Trinity Group Inc
  • Anna Properties