Federal Bank
Royal-Malabar
Silk Villagio
Lulu gold

അസംതൃപ്തി

നിരാശയില്‍ കഴിയുന്ന കുടുംബങ്ങളുടെ സംഖ്യ വര്‍ദ്ധിച്ചുവരുന്നു. ഇതിന് കാരണം സാമ്പത്തിക പ്രതിസന്ധി, അവിശ്വാസം, ഇവ കുടുംബങ്ങളില്‍ അസമാധാനവും മത്സരവും പരസ്പരമുളള സഹനശക്തിയില്ലായ്മയും ഉളവാക്കുന്നതിന് കാരണങ്ങളായി മാറുന്നു. ചില കുടുംബങ്ങളില്‍ വ്യക്തികള്‍ തമ്മിലുള്ള കലഹത്തിന് പ്രധാന കാരണം എവിടെനിന്നോ ആരോ പറഞ്ഞ കുറ്റങ്ങള്‍ കൊണ്ട് സ്വന്തം സഹോദരങ്ങളെ സംശയിക്കുകയും അത് വൈരാഗ്യവും ശത്രുതയും ബന്ധങ്ങളുടെ അകല്‍ച്ചയ്ക്കും സംഗതിയാകുന്നു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെ തിരിച്ചറിഞ്ഞ് കഴിയുമ്പോഴേക്കും വിഷയം അതിന്റെ അത്യുച്ചകോടിയില്‍ എത്തിയിരിക്കും. ഒരു ഉദാഹരണം നോക്കൂ, സന്തോഷത്തോടെ കഴിഞ്ഞ രണ്ടു സഹോദരകുടുംബങ്ങള്‍ പെട്ടെന്ന് ശത്രുക്കളാകുകയും അത് ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്തു. കാരണം, ഇളയ സഹോദരന്റെ മകളുടെ വിവാഹം മുടക്കിയത് ജേഷ്ഠനാണെന്ന് അനുജനെ ആരോ തെറ്റിദ്ധരിപ്പിച്ചു. അതിന്റെ ഉറവിടം എവിടെയാണെന്ന് മനസിലാക്കാതെ കുടുംബത്തിലെ സ്ത്രീകളുടെ വാക്കുകളും അതിന് സഹായകമായപ്പോള്‍ വലിയ അനര്‍ത്ഥത്തിലേക്ക് ആ കുടുംബങ്ങള്‍ എത്തിച്ചേര്‍ന്നു. സംഭവത്തിന്റെ നിജസ്ഥിതി തിരക്കിയപ്പോള്‍ ജേഷ്ഠന്‍ മനസാവാച അറിയാത്ത സംഭവമാണ്. മറ്റൊരു വ്യക്തിയാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇങ്ങനെയുള്ള ഉദാഹരണങ്ങള്‍ പലപ്പോഴും നമ്മുടെ ചുറ്റുപാടും സംഭവിക്കുന്നു. ഇത് നമ്മുടെ വ്യക്തിപരമായ ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍ കണ്ണിനുമുമ്പില്‍ കാണാത്തതും മറ്റ് ആരുടേയോ വാക്കുകളും ഊഹാപോഹങ്ങളോ കണക്കിലെടുത്ത് വിഷയങ്ങളില്‍ ചെന്ന് അകപ്പെടരുത്. ഇന്ന് കുടുംബങ്ങളില്‍ നിരാശയും ആത്മഹത്യയും വേര്‍പിരിയലും വളരെ സാധാരണയായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ലക്കത്തില്‍ ‘കപടതയുടെ മുഖങ്ങള്‍’ എന്ന തലക്കെട്ടില്‍ വന്ന കൗണ്‍സിലിംഗ് പംക്തിയില്‍ നൂറുകണക്കിന് കത്തുകളാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഈ കത്തുകള്‍ സൂചിപ്പിക്കുന്നത് കുടുംബങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുവെന്നുളളതിന് എത്ര വലിയ തെളിവാണ്.
അടുത്ത കാലത്ത് പ്രാര്‍ത്ഥനാഗ്രൂപ്പുകള്‍ക്കുണ്ടായ വര്‍ദ്ധനയ്ക്ക് കാരണം ഒരുപക്ഷെ ഈ കുടുംബപ്രശ്‌നങ്ങളാണ്. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രം ആലയങ്ങളെ ആശ്രയിച്ചുകൊണ്ടിരുന്ന വ്യക്തികളും കുടുംബങ്ങളും ഇന്ന് പ്രാര്‍ത്ഥനാഗ്രൂപ്പുകളിലും ധ്യാനപ്രാര്‍ത്ഥനകളിലും കൂടുതല്‍ പങ്കാളിത്തം വഹിക്കുന്നത് ഇങ്ങനെയുളള പ്രശ്‌നങ്ങള്‍ മൂലമാണെന്ന് മനസ്സിലാക്കാം. കുടുംബപ്രശ്‌നങ്ങള്‍ക്ക് മറ്റൊരു കാരണം ജീവിതത്തിലെ അസംതൃപ്തിയാണ്. ഇത് മനുഷ്യനെ വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.
ലോകത്ത് ഒരു പുരുഷനും ഒരു സ്ത്രീയ്ക്കും എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ഒരു ജീവിതപങ്കാളിയെ ലഭിച്ചിട്ടില്ല. വിവാഹശേഷംപങ്കാളിയില്‍ സംതൃപ്തിയില്ലാതെ സമൂഹത്തിലെ മറ്റുചിലതുമായി താരതമ്യപ്പെടുത്തി സ്വന്തം ജീവിതം തച്ചുതകര്‍ക്കുന്നവര്‍ നിരവധി. ഇതിന്റെ മറുപടി, അവനവന് ലഭിച്ചതിനെ പരിജ്ഞാനത്തോടെയും വിട്ടുവീഴ്ചയോടും കൂടി വളരുവാനും അവസരങ്ങള്‍ നല്കി മുന്നോട്ട് കൊണ്ടുവരുവാനും കഴിയണം. ‘ഇക്കരെ നില്ക്കുമ്പോള്‍ അക്കരെ പച്ച. അക്കരെ നില്ക്കുമ്പോള്‍ ഇക്കരെ പച്ച’ എന്ന പഴമൊഴി എത്രയോ അര്‍ത്ഥവത്താണ്.
സ്വന്തമായി ഉള്ളതിനെ തൃപ്തിയോടെ കാണുകയും അതില്‍ നിന്ന് വളരുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നത് അനുഗ്രഹിക്കപ്പെട്ട കുടുംബത്തിന്റെ തെളിവാണ്. ഇത് നഷ്ടപ്പെട്ട് അത്യാഗ്രഹത്തിന് പോകുമ്പോഴാണ് നിരാശയിലേക്ക് മനുഷ്യന്‍ വഴുതി വീഴുന്നത്.

  • Trinity Group Inc
  • Anna Properties