Federal Bank
Royal-Malabar
Silk Villagio
Lulu gold

ആരോഗ്യകരമായ കുടുംബജീവിതം

പ്രിയ കൗണ്‍സിലിംഗ് പംക്തിക്ക്,
വളരെ വേദനയോടെയാണ് ഈ കത്ത് എഴുതുന്നത്. എന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ്. കോളേജ് അദ്ധ്യാപികയും എല്ലാ കഴിവുകളുമുള്ള പെണ്‍കുട്ടിയായിരുന്നു അവള്‍. ആറ് വര്‍ഷം മുമ്പാണ് അവളുടെ വിവാഹം നടന്നത്. വരനും കോളജ് അദ്ധ്യാപകന്‍ തന്നെ. ശാരീരികമായി ബലഹീനത ഉണ്ടെന്നറിഞ്ഞിട്ടും അയാളുടെ മാതാപിതാക്കള്‍ എന്റെ മകളെ ചതിക്കുകയായിരുന്നു. അയാള്‍ക്ക് ലൈംഗീക തകരാറ് (ഇംപൊട്ടന്റ്) ഉണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഭര്‍ത്താവ് വേഷം കെട്ടുകയായിരുന്നു. ലൈംഗിക ശേഷി ഇല്ലായെന്ന സത്യം മറച്ചുവെച്ച് വിവാഹം കഴിക്കുകയും അതിനുശേഷം എന്റെ മകളെ മാനസികമായും ശാരീരികമായും പീഢിപ്പിക്കുന്ന രീതി തുടര്‍ന്നുവരികയായിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി എന്റെ മകള്‍ എന്റെ വീട്ടിലാണ്. പപ്പയും മോളും മാനസികമായി വളരെ തകര്‍ന്നു. എന്റെ മകള്‍ ഇപ്പോള്‍ ജോലിക്ക് പോകുന്നില്ല. കോടതിയില്‍ കേസ് ഫയല്‍ ചെയ്തപ്പോള്‍ പള്ളിക്കാരും മറ്റും ഞങ്ങളെ ഒറ്റപ്പെടുത്തുന്നു. ദയവായി ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ഉചിതമായ ഒരു മറുപടി തന്ന് സഹായിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
ഏലിയാമ്മ വര്‍ക്കി, ഷൊര്‍ണ്ണൂര്‍

പ്രിയ മാതാവിന്റെ കത്തിന് നന്ദി.
നിങ്ങളുടെ കത്ത് വിചിത്രമായ ഒന്നായിട്ടല്ല ഞങ്ങള്‍ക്കു തോന്നിയത്. ഞങ്ങള്‍ക്കുവരുന്ന 48 ശതമാനം കത്തുകളും ഭാര്യയുടേയോ ഭര്‍ത്താവിന്റെയോ ലൈംഗികശേഷി തകരാര്‍ സംബന്ധിച്ചാണ്. സന്തുഷ്ട ദാമ്പത്യത്തിന്റെ സ്വപ്നവുമായി മണിയറയിലേക്ക് കാലുകുത്തിയ വധുവോ വരനോ ചതിക്കപ്പെട്ടു എന്ന് അറിയുമ്പോഴാണ് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നത്. ലൈംഗികശേഷി ഇല്ലായെന്ന സത്യം മറച്ചുവച്ചു വിവാഹം കഴിക്കുന്ന പുരുഷന്മാരുടെ എണ്ണം ഇന്ത്യയില്‍ കൂടുകയാണ്. പ്രത്യേകിച്ച് കേരളത്തില്‍. ഒരു സ്ത്രീയുടേയോ അഥവാ പുരുഷന്റേയോ ജീവിതമാണ് തകരുന്നതെന്ന് അറിയാതെ അഥവാ മാതൃത്വത്തിന്റെ അനുഭൂതിയാണ് നഷ്ടപ്പെടുന്നതെന്നു മനസിലാക്കാതെ വിവാഹത്തെ വെറും കള്ളക്കച്ചവടമാക്കുകയാണ് ഇത്തരക്കാര്‍.
ഇങ്ങനെ തകരാറുള്ള ഭാര്യാഭര്‍ത്താക്കന്മാരുടെ വിവാഹജീവിതം ഒരുകുടക്കീഴില്‍ ജീവിക്കുക എന്നത് അസാദ്ധ്യമാണ്. കാരണം ഈ ബലഹീനത അംഗീകരിക്കുവാന്‍ ഒരു ഭാര്യയും ഒരുഭര്‍ത്താവും ഒരു കുടംബവും തയാറാകുകയില്ല. തനിക്ക് ശാരീരികമായി ഒരു കുഴപ്പവുമില്ലെന്ന് തെളിയിക്കാന്‍ നിയമത്തിന്റെ ഊരാക്കുടുക്കുകളില്‍ പിടിച്ച് എന്ത് കള്ളവും പറയാന്‍ അവര്‍ തയ്യാറാകും. ഭാര്യയുടേയോ ഭര്‍ത്താവിന്റേയോ ജീവിതത്തേക്കാള്‍ അവര്‍ക്ക് വലുത് കഴിവുകേട് പുറത്തറിയുന്നതിലുള്ള നാണക്കേടാണ്.
ജീവിതം നശിപ്പിക്കുവാനുള്ളതല്ല
കുടുംബജീവിതത്തില്‍ അഥവാ ഭാര്യാഭര്‍ത്തൃബന്ധം സദൃഢമാക്കുന്നതില്‍ സെക്‌സിന് വലിയ പങ്കുണ്ട്. പ്രത്യേകിച്ച് വിവാഹജീവിതത്തിന്റെ ആദ്യനാളുകളില്‍ ശാരീരികബന്ധത്തില്‍ താല്‍പര്യക്കുറവോ മാനസിക പ്രശ്‌നങ്ങളോ അനുഭവപ്പെട്ടാല്‍ അത് മറച്ചുവയ്ക്കാതെ കഴിവുള്ള ഡോക്ടറെ കണ്ട് എത്രയും വേഗം അതിന് പരിഹാരം കാണണം. ഒരുപക്ഷേ ചിലര്‍ക്ക് തങ്ങളുടെ ബലഹീനതയെക്കുറിച്ച് വിവാഹത്തിന് മുമ്പ് അറിവുണ്ടാകണമെന്നില്ല. ഇത്തരം സന്ദര്‍ഭത്തില്‍ ഭാര്യയേയോ ഭര്‍ത്താവിനേയോ മനപൂര്‍വ്വം ചതിച്ചു എന്ന് പറയാനാവില്ല. തകരാറുകള്‍ പരിഹരിച്ച് ഒരു വിധത്തിലും മുമ്പോട്ട് പോകുവാനോ ഒരുമിച്ച് ജീവിക്കുവാന്‍ അസാധ്യമാണെന്ന് ഉറപ്പായാല്‍ മാത്രമേ വിവാഹമോചനത്തെപ്പറ്റി ചിന്തിക്കാവൂ. വിശ്വാസികളായ നാം ദൈവത്തെ വിശ്വസിക്കുന്നുണ്ടെങ്കില്‍ നമ്മുടെ ബലഹീനതകളെ ദൈവകരങ്ങളിലേല്പിച്ച് മുന്നോട്ടുപോവുക സൗഖ്യവും വിടുതലും ലഭിക്കുമെന്നത് നമുക്കുചുറ്റും കാണുവാനുണ്ട്. ദൈവത്തിലേക്കടുക്കുവാന്‍ ഈ കാരണം നല്ലതായിരിക്കും.
ഡോ.പോള്‍ സക്കറിയ,
കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്, ന്യൂയോര്‍ക്ക്

പ്രിയ സാറിന്
എന്റെ കുഞ്ഞിനെക്കുറിച്ചുള്ള വിഷയമായതിനാലാണ് ഈ കത്ത് എഴുതുന്നത്. അവള്‍ ഇപ്പോള്‍ ഒന്‍പതാം ക്ലാസിലാണ് പഠിക്കുന്നത്. ഡല്‍ഹിയിലാണ് ഞാനും ഭര്‍ത്താവും ജോലി ചെയ്യുന്നത്. അടുത്തസമയത്ത് എന്റെ സഹോദരനെക്കൂടി ജോലിക്കായി ഡല്‍ഹിയിലേക്ക് കൊണ്ടുവന്നു. എന്നാല്‍ എന്റെ സഹോദരന്‍ എന്റെ മകളോട് ഇടപെടുന്ന രീതി അത്ര പന്തിയുള്ളതല്ലായെന്ന് ഒന്നുരണ്ടു സംഭവങ്ങളിലൂടെ എനിക്കു മനസിലായി. എന്റെ ഭര്‍ത്താവും അത് തിരിച്ചറിഞ്ഞിട്ടുണ്ട്. അവനെ അവിടെനിന്നും മാറ്റണമെന്ന് അദ്ദേഹം എന്നോട് നിര്‍ബന്ധം പിടിച്ചുതുടങ്ങി. ഒന്നിനും വയ്യാത്ത അവസ്ഥയിലാണ് ഞാന്‍. ദയവായി ഒരു മറുപടി തന്ന് സഹായിച്ചാലും.
രൂപ പ്രകാശ്, ന്യൂഡല്‍ഹി

നിങ്ങളുടെ സംശയവും ഭര്‍ത്താവിന്റെ നിര്‍ബന്ധവും. അതില്‍ നിന്നും മനസിലാകുന്നത് സ്വന്തം രക്തബന്ധമെന്നറിഞ്ഞിട്ടും (സഹോദരിയുടെ മകളാണെന്നറിഞ്ഞിട്ടും) കുട്ടിയോട് ഇടപെടുന്ന രീതി അഥവാ ലൈംഗിക വികാരങ്ങളെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികളോ നിങ്ങള്‍ കണ്ടിട്ടുണ്ടെങ്കില്‍ നിങ്ങളുടെ സഹോദരനെ എത്രയും പെട്ടെന്ന് അവിടെനിന്നും മാറ്റുകയാണ് വേണ്ടത്. കുട്ടിക്കാലത്തുണ്ടാകുന്ന ലൈംഗീകാതിക്രമങ്ങള്‍ ആജീവനാന്തം കുട്ടികളുടെ ജീവിതത്തില്‍ സ്വാധീനിക്കാറുണ്ട്. അതുകൊണ്ട് ഇത്തരം സാഹചര്യങ്ങള്‍ ജാഗ്രതയോടെ ഒഴിവാക്കാന്‍ ശ്രമിക്കണം. മുതിര്‍ന്നവരെ അകാരണമായി പേടിക്കുന്നവരായിരിക്കും പെണ്‍കുട്ടികള്‍. പ്രത്യേകിച്ച് അങ്കിള്‍ ആകുമ്പോള്‍ കുറച്ചുകൂടി ബഹുമാനവും പേടിയും കൂടുതലുള്ളതിനാല്‍ കുട്ടികളെ പേടിപ്പിച്ച് അവരെ പീഢിപ്പിക്കുവാന്‍ അവര്‍ക്ക് വേഗം സാധിച്ചെന്നുവരാം. നിരവധി സംഭവങ്ങളില്‍ ചെറുപ്രായത്തിലുള്ള കുഞ്ഞുങ്ങളെ ലൈംഗികമായി പീഢിപ്പിക്കുന്നവരില്‍ ഭൂരിഭാഗവും രക്തബന്ധങ്ങളാണ്. വിവിധ ഓമനപ്പേരുകളില്‍ അറിയപ്പെടുന്ന ഇവര്‍ അങ്കിളുമാര്‍, അമ്മാവന്‍മാര്‍, കസിന്‍ ഇങ്ങനെപോകുന്നു. ആയതിനാല്‍ കുഞ്ഞിന് എന്തെങ്കിലും വന്ന് ഭവിച്ചിട്ട് കാര്യങ്ങള്‍ക്ക് മാറ്റം വരുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ നിങ്ങള്‍ ഒരുമിച്ച് ഒരു തീരുമാനമെടുക്കുന്നത് നന്നായിരിക്കും. വീട്ടില്‍നിന്നാണ് കുട്ടികള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ലഭിക്കേണ്ടത്. കുട്ടികളുമായി പരിചയം സമ്പാദിച്ചാണ് പലരും അവരെ കുടുക്കുന്നത്. അതുകൊണ്ട് ബന്ധുവായാലും അന്യരായാലും നിങ്ങളുടെ സാമീപ്യത്തിലല്ലാതെ മറ്റുള്ളവരുമായി കുട്ടികള്‍ ഇടപെടുന്നത് ജാഗ്രത പുലര്‍ത്തുക. അടുത്തസമയത്തു നടന്ന ഒരു സംഭവം. പിതാവിന്റെ അനുജന്‍ ഒരു പെണ്‍കുട്ടിയെ നശിപ്പിച്ച സംഭവമാണ്. ഏഴാംക്ലാസില്‍ പഠിക്കുന്ന ആരോഗ്യമുള്ള പെണ്‍കുട്ടി. ജേഷ്ഠന്റെ ബിസിനസ്സില്‍ സഹായിക്കാന്‍ വേണ്ടിയാണ് അനുജന്‍ വന്നത്. അനുജന് വിദ്യാഭ്യാസമുള്ളതുകൊണ്ട് ജേഷ്ഠന്റെ ഭാര്യ മകളെ പഠിപ്പിക്കുന്ന കാര്യം കൂടി അനിയനെ ഏല്‍പ്പിച്ചു. അനുജന്റെ ക്ലാസ്സ് എല്ലാ വൈകുന്നേരത്തും നടക്കും. ജേഷ്ഠത്തി ഒരിക്കലും അനുജനെ സംശയിച്ചതുമില്ല. പഠനകാര്യങ്ങള്‍ പറഞ്ഞുകൊടുത്ത അനുജന്‍ കുട്ടിയെ തൊടുവാനും, വിവിധ തരത്തിലുള്ള ശാരീരിക പീഢനങ്ങള്‍ക്ക് ഇരയാക്കാനും തുടങ്ങി. ഒരു സുപ്രഭാതത്തില്‍ ഈ കൊച്ചുപെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ മാതാപിതാക്കള്‍ ഞെട്ടി. അയലത്തുള്ള ഒരു ചെറുപ്പക്കാരനെ സംശയിക്കുകയും, കേസും മറ്റ് വിഷയങ്ങളുമായി പോകുന്ന സമയത്ത് പോലീസിന്റെ ചോദ്യം ചെയ്യലില്‍ പിതാവിന്റെ അനുജനാണ് കുറ്റവാളിയെന്ന് കുട്ടി തുറന്നുപറഞ്ഞു.
ഇങ്ങനെയുള്ള നിരവധി സംഭവങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നടക്കുമ്പോള്‍ മാന്യതയുടെ മുഖംമൂടിയും മാനസികവൈകല്യങ്ങളുമായി സമൂഹത്തില്‍ കറങ്ങി നടക്കുന്ന ആളുകള്‍ നമ്മുടെ ചുറ്റും ഉള്ളതുകൊണ്ട് വളരെ ജാഗ്രതയോടെ വേണം നാം കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കേണ്ടത്. അടുത്ത സമയത്ത് കേരളത്തില്‍ നടന്ന ലൈംഗീക പീഢനംമൂലം മരിക്കുകയോ, എയ്ഡ്‌സ് വാഹകരാവുകയോ, പീഢിപ്പിക്കുകയോ ചെയ്തിട്ടുള്ള കുട്ടികളില്‍ ഭൂരിഭാഗത്തേയും വലച്ചത് സ്വന്തം ബന്ധുക്കള്‍ തന്നെയാണ്.

മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്

നിങ്ങളുടെ കുട്ടികളെ മറ്റുള്ളവര്‍ ചതിക്കുവാന്‍ നിങ്ങള്‍ അവസരം ഒരുക്കരുത്.

മാതാപിതാക്കളോട് എല്ലാം തുറന്നുപറയുവാനുള്ള അന്തരീക്ഷം നിങ്ങളുടെ കുടുംബത്തിലുണ്ടെങ്കില്‍ കുട്ടികള്‍ നിങ്ങളോട് എല്ലാം തുറന്നുപറയും.

ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായ പെണ്‍കുട്ടികള്‍ സ്വയം ഉള്‍വലിയാനുള്ള പ്രവണത പ്രകടിപ്പിക്കാറുണ്ട്. എപ്പോഴും എവിടെയെങ്കിലും ഒതുങ്ങിയിരിക്കാനായിരിക്കും അവര്‍ക്ക് താല്പര്യം. വീടിന് പുറത്തിറങ്ങുവാനോ ആള്‍ക്കൂട്ടത്തെ അഭിമുഖീകരിക്കുവാനോ ഇവര്‍ക്ക് ഭയമായിരിക്കും.

കുട്ടികള്‍ക്ക് ചിലരെ ഇഷ്ടമല്ല എന്നു പറയുമ്പോഴും, അവരുടെ വീട്ടിലേക്ക് പോകില്ല എന്നു പറയുമ്പോഴും നിങ്ങള്‍ അതിനെ ശ്രദ്ധയോടെ കാണണം. എട്ടുംപൊട്ടും തിരിയാത്ത പാവപ്പെട്ട കുട്ടികളെ ഭയപ്പെടുത്തിയതുമൂലം അവര്‍ ഒരിക്കലും അത് തുറന്നു പറയില്ല.

ഇന്നു സ്‌കൂളില്‍വച്ച് അദ്ധ്യാപകരാലും അനദ്ധ്യാപകരാലും കുട്ടികള്‍ പീഢിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ പുറത്തുവരുന്നുണ്ട്.

  • Trinity Group Inc
  • Anna Properties