Federal Bank
Royal-Malabar
Silk Villagio
Lulu gold

എല്ലാ മുറികളും തുറന്നുകൊടുക്കുമ്പോള്‍…

ഇപ്പോഴും അവള്‍ എന്നില്‍നിന്നും എന്തൊക്കെയോ ഒളിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.” എന്റെ മുമ്പിലിരുന്ന് അരവിന്ദന്‍ (യഥാര്‍ത്ഥ പേരല്ല) പറഞ്ഞുതുടങ്ങി. അരവിന്ദന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. മുപ്പത്തഞ്ച് വയസ്സുകാരന്‍. വിവാഹം കഴിഞ്ഞിട്ട് നാലുവര്‍ഷമായി. രണ്ടുവയസ്സുള്ള ഒരു മോളും അരവിന്ദന്‍-ഉഷ ദമ്പതികള്‍ക്കുണ്ട്. ആദ്യത്തെ രണ്ടുവര്‍ഷങ്ങള്‍ വളരെ സംതൃപ്തമായ ദാമ്പത്യമായിരുന്നു അവരുടേത്. അതിനിടയിലാണ് അവര്‍ക്ക് ഒരു മോള്‍ പിറന്നത്. പിന്നീടെപ്പോഴോ അവരുടെ ജീവിതത്തില്‍ താളപ്പിഴകള്‍ ആരംഭിച്ചു. അരവിന്ദന്‍ ഓഫീസില്‍ നിന്ന് വൈകിമാത്രം എത്താന്‍ തുടങ്ങി. പരസ്പരമുള്ള സംഭാഷണം കുറഞ്ഞു. വഴക്കടിക്കുവാന്‍ വേണ്ടി മാത്രം വായ് തുറക്കുന്നതിലേക്ക് അവര്‍ എത്തിച്ചേര്‍ന്നു. വീട്ടില്‍ സമാധാനവും സന്തോഷവും നഷ്ടമായി. ഇവരുടെ സംഘര്‍ഷത്തെക്കുറിച്ചറിഞ്ഞ ഒരു കുടുംബസുഹൃത്താണ് അരവിന്ദനെ എന്റെ അടുക്കലേക്ക് അയച്ചത്.

അരവിന്ദന് പറയാനുണ്ടായിരുന്നത് ഭാര്യയുടെ പൂര്‍വ്വകാല പ്രേമബന്ധത്തെക്കുറിച്ചായിരുന്നു. ഏതാനും മാസങ്ങള്‍ക്കുമുമ്പ് യാദൃശ്ചികമായി ഭാര്യയുടെ ഒരു കോളജ് സഹപാഠിയെ ട്രെയിനില്‍ വച്ച് പരിചയപ്പെടാനിടയായി. ഉഷ തന്റെ ഭാര്യയാണെന്ന് വെളിപ്പെടുത്താതെ നടത്തിയ സംഭാഷണത്തിലാണ് അവളുടെ കോളജ് പ്രണയത്തെക്കുറിച്ച് അറിയാനിടയായത്. തീവ്രമായ പ്രണയമായിരുന്നുവെന്നും ഒടുവില്‍ ഉഷയെ അവളുടെ സമ്മതം കൂടാതെ മറ്റാര്‍ക്കോ വിവാഹം ചെയ്തു നല്‍കുകയായിരുന്നുവെന്നും ആ സഹപാഠി പറഞ്ഞു.

ഇതുകേട്ടതോടെ അരവിന്ദന്റെ മനസ്സുതകര്‍ന്നു. ഉഷ ഇതുവരെ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ഉഷയോടുള്ള ദേഷ്യം വര്‍ദ്ധിച്ചു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ഉഷയോട് തുറന്നുസംസാരിക്കാന്‍ അരവിന്ദന്‍ തയ്യാറായില്ല. അതു മനസ്സില്‍ വച്ചുകൊണ്ട് വഴക്കുകൂടുകയായിരുന്നു പതിവ്.

ഞാന്‍ അരവിന്ദന്റെ പ്രശ്‌നങ്ങള്‍ ക്ഷമയോടെ കേട്ടിരുന്നു. അടുത്ത ദിവസം തന്നെ ഉഷയുമായി സംസാരിച്ചു. കോളജില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ബാല്യകാല സുഹൃത്തായ ഒരു ആണ്‍കുട്ടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും അതു പലരും പ്രേമബന്ധമായി തെറ്റായി വ്യാഖ്യാനിച്ചിരുന്നുവെന്നും ഉഷ പറഞ്ഞു. അതൊരിക്കലും പ്രേമബന്ധമായിരുന്നില്ലെന്നും ഉഷ തീര്‍ത്തു പറഞ്ഞു. ഈ സുഹൃത്തിനെ വിവാഹദിനത്തില്‍ അരവിന്ദന് പരിചയപ്പെടുത്തിയിരുന്നതാണെന്നും പിന്നീട് അവന്‍ ഗള്‍ഫിലേക്ക് പോയതിനാല്‍ ആ സൗഹൃദം തുടര്‍ന്നില്ലെന്നും ഉഷ പറഞ്ഞു.

പിന്നീട് അരവിന്ദനുമായി ഒറ്റയ്ക്കും, അതിനുശേഷം ഇരുവരോടും ഒരുമിച്ചും ഞാന്‍ സംസാരിച്ചു. ഇവിടെ വില്ലനായത് അരവിന്ദന്‍ കണ്ടുമുട്ടിയ ഉഷയുടെ പഴയ സഹപാഠിയാണ്. എല്ലാ കാര്യങ്ങളും ഒരല്‍പ്പം കൂട്ടി പറയുന്ന സ്വഭാവക്കാരനായിരിക്കാം ഒരു പക്ഷേ അയാള്‍. അല്ലെങ്കില്‍ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്ത ആളുമായിരിക്കാം. പക്ഷെ ഏതാനും മണിക്കൂറുകളിലെ പരിചയം മാത്രമുള്ള അയാളുടെ വാക്കുകേട്ട് കഴിഞ്ഞ നാലു വര്‍ഷമായി തന്റെ ജീവിതത്തിന്റെ ഭാഗമായ ഭാര്യയെ സംശയിച്ചതിലുള്ള അര്‍ത്ഥശൂന്യത ഞാന്‍ അരവിന്ദന് പറഞ്ഞുകൊടുത്തു.

ഞാന്‍ അവരോട് വ്യക്തമായി ഒരു കാര്യം ഓര്‍മ്മിപ്പിച്ചു. നിങ്ങള്‍ ഇരുവരും ഹൃദയത്തിന്റെ എല്ലാ മുറികളും പരസ്പരം തുറന്നുകൊടുക്കണം. ഒന്നും നിങ്ങള്‍ക്കായിത്തന്നെ അടച്ചിടരുത്. നിങ്ങളുടെ ഭര്‍ത്താവിന് കടന്നുവരാന്‍ കഴിയാത്തതായി ഒരു മുറിപോലും ഭാര്യയുടെ ഹൃദയത്തിലുണ്ടാകരുത്. അതുപോലെ ഭാര്യയ്ക്ക് പ്രവേശനത്തിന് അനുമതി നിഷേധിച്ച മുറികളൊന്നും ഭര്‍ത്താവിന്റെയും ഹൃദയത്തിലുണ്ടാകരുത്.പരസ്പരം സംസാരിക്കുമെങ്കില്‍, പങ്കുവെയ്ക്കുമെങ്കില്‍ അരവിന്ദന്റേതുപോലെ നിങ്ങളുടെയും ജീവിതത്തില്‍ എന്തെങ്കിലും കാര്‍മേഘങ്ങളുണ്ടെങ്കില്‍ അത് അകന്നുപോകും എന്നതില്‍ സംശയമില്ല. അതുപോലെ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്ന പ്രിയപ്പെട്ട സുഹൃത്തുക്കളോടും പറയാനുള്ളത് ഇതുതന്നെയാണ്. ജീവിതത്തിലെ എല്ലാ മുറികളും പങ്കാളിക്കുമുമ്പില്‍ തുറന്നുകൊടുക്കുക. സംശയത്തിന്റെ ചെറിയ വിത്തുകള്‍ പോലും മനസ്സില്‍ പാകരുത്. പങ്കാളിയുടെ പൂര്‍വ്വകാല പ്രണയമോ, സൗഹൃദങ്ങളോ ഒന്നും ഇന്ന് പ്രസക്തമല്ല എന്ന് ഓര്‍മ്മിക്കുക. ഇന്ന് ”എനിക്കു നീയും: നിനക്കു ഞാനും” എന്ന മഹത്തായ സ്‌നേഹബന്ധത്തിലേക്കാണ് നിങ്ങള്‍ കടന്നുവന്നിരിക്കുന്നത് എന്ന് തിരിച്ചറിയുക.

  • Trinity Group Inc
  • Anna Properties