കുടുംബ ജീവിതം താളാത്മകമാകട്ടെ
പഴയ ആംഗ്ലോ-സാക്‌സന്‍ വാക്കായ ഹൗസ് -ബാന്‍ഡില്‍ നിന്നാണ് ഭര്‍ത്താവ് എന്ന് അര്‍ത്ഥം വരുന്ന ഹസ്ബന്‍ഡ് എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. കുടുംബം താളാത്മകമായി നിലനില്‍ക്കണം എന്നു തന്നെയാണ് ഈ പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇത് കേവലം ഭര്‍ത്താവിന്റെ മാത്രം കടമയല്ല. പ്രത്യുത ഭാര്യയ്ക്കും ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കാനുണ്ട്.
ഇക്കാര്യം ഞാന്‍ എഴുതിയത് സ്മിതയുടെ (യഥാര്‍ത്ഥ പേരല്ല) ജീവിതത്തിലുണ്ടായ ചില ദുരന്തങ്ങള്‍ക്ക് കാരണവും പരിഹാരവും കണ്ടെത്താനാണ്. സ്മിത ബിരുദവും കമ്പ്യുട്ടര്‍ ഡിപ്ലോമായും പൂര്‍ത്തിയാക്കിയ ഒരു മധ്യവര്‍ഗ്ഗ കുടുംബത്തിലെ അംഗമായിരുന്നു. രാജേഷാണ് സ്മിതയെ വിവാഹം ചെയ്തത്. രാജേഷ് സ്വന്തമായി ഒരു ബിസിനസ് സ്ഥാപനം നടത്തിവരികയായിരുന്നു.
വളരെ സന്തോഷകരമായി കുടുംബജീവിതം മുന്നോട്ടുപോകവെ അവരുടെ ജീവിതത്തിലേക്ക് ദുരന്തമെത്തിയത് ഒരു വാഹനാപകടത്തിന്റെ രൂപത്തിലായിരുന്നു. രാജേഷിന് ഒരു ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. അബോധാവസ്ഥയിലും അര്‍ദ്ധബോധാവസ്ഥയിലുമായി രണ്ടു മാസത്തോളം ആശുപത്രിയില്‍. ഒരു വര്‍ഷത്തോളം കിടക്കയില്‍ തന്നെ ചെലവഴിക്കേണ്ടിവരുമെന്ന് ഡോക്ടര്‍ മാര്‍ വ്യക്തമാക്കി. നാലോളം വലിയ ശസ്ത്രക്രിയകള്‍ക്കും രാജേഷ് വിധേയനായി.
ഇവിടെയാണ് ചില താളപ്പിഴകള്‍ ആരംഭിച്ചത്. ഒരു ദിവസം പെട്ടെന്ന് സ്മിതയുടെ തോളിലേക്ക് വീടിന്റെയും ബിസിനസ് സ്ഥാപനത്തിന്റെയും ഉത്തരവാദിത്തങ്ങള്‍ എത്തിച്ചേര്‍ന്നു. രാജേഷിനോ സ്മിതയ്‌ക്കോ സഹോദരങ്ങള്‍ ഉണ്ടായിരുന്നില്ല. അതോടെ ഭാരിച്ച ചുമതലകള്‍ ഒരു പോലെ സ്മിതയ്ക്ക് നിര്‍വ്വഹിക്കേണ്ടിവന്നു. അതുവരെ യാതൊരു ഉത്തരവാദിത്തങ്ങളും ഏറ്റെടുത്തിട്ടില്ലാത്ത സ്മിത ഇതിന്റെ മുമ്പില്‍ തകര്‍ന്നുപോയി. ആശുപത്രിയിലും മറ്റും ചികിത്സയ്ക്കായി ധാരാളം പണം ആവശ്യമായിരുന്നു. എന്നാല്‍ മുന്നോട്ട് പോകേണ്ടത് എങ്ങനെയെന്നത് സംബന്ധിച്ച് സ്മിതയ്ക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. അവള്‍ ഒറ്റയ്ക്കിരുന്ന് കരഞ്ഞു. ആത്മഹത്യയെക്കുറിച്ചുപോലും അവള്‍ ചിന്തിച്ചു. അതിനിടയില്‍ ആശുപത്രിയില്‍ വച്ച് കുഴഞ്ഞുവീണ അവളെ ഡോക്ടര്‍മാര്‍ വിശദമായി പരിശോധിച്ചു. കടുത്ത മാനസീക സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് രക്തസമ്മര്‍ദ്ദം വന്‍തോതില്‍ വര്‍ദ്ധിച്ചിരുന്നു. അതിനുള്ള മരുന്നുകളും ഒപ്പം വിദഗ്ദമായ കൗണ്‍സിലിംഗും ആണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.
അങ്ങനെയാണ് സ്മിത എന്റെ മുമ്പിലെത്തിയത്. സ്മിതയുടെ പ്രശ്‌നം തുടക്കത്തില്‍തന്നെ ഞാന്‍ തിരിച്ചറിഞ്ഞു. വീട്ടില്‍ ഏകമകളായി യാതൊരു ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാതെയാണ് അവള്‍ ജീവിച്ചത്. പെട്ടെന്ന് ഒരു ദിവസം ഭാരങ്ങളെല്ലാം തന്റെ തോളിലായപ്പോള്‍ അവള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. റിലാക്‌സ്. എന്നതായിരുന്നു ഞാന്‍ അവള്‍ക്ക് നല്‍കിയ മന്ത്രം.
സ്വന്തം മൂല്യം തിരിച്ചറിയാന്‍ ഞാന്‍ സ്മിതയോട് ആവശ്യപ്പെട്ടു. മികച്ച വിദ്യാഭ്യാസവും ലോകപരിചയവും കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടും സ്മിതയ്ക്കുണ്ട്. ചില ഉദാഹരണങ്ങളിലൂടെ ഞാന്‍ അത് സ്മിതയ്ക്ക് തെളിയിച്ചുകൊടുത്തു. തന്റെ കൈയ്യില്‍തന്നെയുള്ള വിഭവങ്ങളുടെ ശരിയായ വിനിയോഗമാണ് ഇവിടെ ആവശ്യമായിരിക്കുന്നത്.
ജീവിതത്തിലെ പ്രതിസന്ധികളില്‍ പരാജയപ്പെടാതെ അതിനെ നമ്മുടെ ജീവിത പുരോഗതിക്കുള്ള പദ്ധതികളാക്കി മാറ്റാന്‍ ഞാന്‍ സ്മിതയോട് ആവശ്യപ്പെട്ടു. മുന്നിലുള്ളത് വലിയ പ്രശ്‌നനങ്ങളാണെന്ന ഭയം ആവശ്യമില്ല. ഓരോ ചുവടുകളായി വയ്ക്കുക. മുന്നോട്ടുള്ള ചുവടുകളില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും വിശദീകരിച്ചുനല്‍കി. അതോടെ സ്മിതയുടെ മുഖഭാവത്തില്‍ തന്നെ മാറ്റം പ്രകടമായി. നഷ്ടമായിരുന്ന ആത്മധൈര്യം തിരിച്ചുകിട്ടി. മുന്നോട്ട് പോകാന്‍ തീരുമാനിച്ചുകൊണ്ടാണ് സ്മിത യാതാപറഞ്ഞിറങ്ങിയത്.
സ്മിതയുടെ തുടര്‍ന്നുള്ള ജീവിതത്തില്‍ ഏറെ മാറ്റങ്ങളുണ്ടായി. അവള്‍ ഭര്‍ത്താവിന്റെ ബിസിനസ് സ്ഥാപനത്തിന്റെ ചുമതലകള്‍ ഏറ്റെടുത്തു. സൂക്ഷ്മമായ കാര്യങ്ങള്‍ പോലും അതീവശ്രദ്ധയോടെ മനസ്സിലാക്കി. ആശുപത്രിയിലും ഭര്‍ത്താവിന് തുണയായി നിന്നു. രാജേഷ് കാര്യങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയതു തന്നെ രണ്ടുമാസത്തിന് ശേഷമായിരുന്നു.
ഈ രണ്ടു മാസം അവരുടെ ജീവിതത്തില്‍ ഏറ്റവും നിര്‍ണ്ണായകമായിരുന്നു. സ്മിത ധൈര്യപൂര്‍വ്വം ചുമതലകള്‍ ഏറ്റെടുത്തില്ലായിരുന്നുവെങ്കില്‍ അവരുടെ ജീവിതത്തില്‍ വലിയ തകര്‍ച്ചകള്‍ ഉണ്ടാകുമായിരുന്നു. രോഗക്കിടക്കയില്‍ വച്ച് തന്റെ ബിസിനസും തകര്‍ന്നുവെന്നതായിരുന്നു രാജേഷ് കേള്‍ക്കേണ്ടിവന്നിരുന്നതെങ്കില്‍ ഉണ്ടാകുമായിരുന്ന മാനസീകമായ വേദന വാക്കുകള്‍ക്ക് അതീതമായിരിക്കും.
എന്നാല്‍ ഇന്ന് അവര്‍ സന്തുഷ്ടമായ ഒരു കുടുംബജീവിതം നയിക്കുന്നു. രാജേഷിന്റെ ബിസിനസ് ഏറെ വളര്‍ച്ചകള്‍ കൈവരിച്ചിരിക്കുന്നു. ഒരു വര്‍ഷത്തോളം ആ ബിസിനസിന്റെ ഒരു ചലനത്തില്‍ പോലും രാജേഷില്ലായിരുന്നു. എങ്കിലും സ്മിത ഏറെ ധൈര്യത്തോടെ ആ സ്ഥാപനത്തെ മുന്നോട്ട് നയിച്ചു. രാജേഷ് പൂര്‍ണ്ണ ആരോഗ്യവാനായ ശേഷം അവര്‍ ഒരുമിച്ച് എന്റെ അരികിലെത്തിയിരുന്നു. ഏറെ അഭിമാനത്തോടെയാണ് സ്മിതയെക്കുറിച്ച് രാജേഷ് സംസാരിച്ചത്. ”അവള്‍ ഇല്ലായിരുന്നുവെങ്കില്‍…” രാജേഷിന്റെ വാക്കുകള്‍ മുറിയുന്നു. അതെ ഇവിടെയാണ് കുടുംബത്തിന്റെ സംഗീതാമ്കത, താളം വ്യക്തമാകുന്നത്. അപസ്വരങ്ങളില്ലാത്ത സംഗീതം. ഒരിടത്ത് താളം കുറയുമ്പോള്‍, സ്വരമൊന്ന് പതറുമ്പോള്‍ മറ്റൊരിടത്ത് അത് മുറുകുന്നു. താളം മുറിയാതെ മുന്നോട്ട് പോകുന്നു. അത് സമൂഹത്തിന് തന്നെ പുതിയൊരു വെളിച്ചമാകുന്നു.