Federal Bank
Royal-Malabar
Silk Villagio
Lulu gold

കോപിക്കുന്നത് തെറ്റാണോ…?

അനുപമ എന്റെ അരികിലെത്തിയത് തന്റെ കോപത്തെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല എന്നു പരാതിപ്പെട്ടുകൊണ്ടായിരുന്നു. അവള്‍ പെട്ടെന്ന് കോപിക്കും. മാതാപിതാക്കളോടും, സഹോദരങ്ങളോടുമൊക്കെ പെട്ടെന്ന് കോപിക്കും. മുന്‍കോപം കാരണം അവളുടെ നല്ല സൗഹൃദങ്ങള്‍ പോലും അവള്‍ക്ക് നഷ്ടമായിരുന്നു. ഇപ്പോള്‍ അവളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. മുന്‍കോപം വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് അവള്‍ ഭയപ്പെട്ടു. അങ്ങനെയാണ് അവള്‍ എന്റെ അടുക്കല്‍ കൗണ്‍സിലിംഗിനായെത്തിയത്.
”കോപത്തെ ഇല്ലാതാക്കുവാന്‍ എന്താണ് ചെയ്യേണ്ടത്?” അനുപമയുടെ ചോദ്യം ഇതായിരുന്നു. ഈ ചോദ്യം എനിക്ക് ചിരപരിചിതമായിരുന്നു. കൗണ്‍സിലിംഗ് വേളകളില്‍ ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ ഈ ചോദ്യം ചോദിച്ചുകേള്‍ക്കാറുണ്ട്.

കോപം എന്ന വികാരത്തെക്കുറിച്ച് ഞാന്‍ അനുപമയോട് സംസാരിച്ചു. മനുഷ്യന്‍ ഒരു വികാരജീവിയാണ്. വികാരങ്ങളും , വിചാരങ്ങളുമില്ലാതെ ഒരു മനുഷ്യന് ജീവിക്കുക സാധ്യമല്ല. ഒരിക്കലും ആര്‍ക്കും വികാരങ്ങളില്ലാത്ത ഒരു സ്ഥാനത്ത് എത്താനാവില്ല. ജീവിതത്തില്‍ വിപുലവും, വിസ്തൃതവുമായ വികാരങ്ങളെ അഭിമുഖീകരിക്കുവാന്‍ കഴിയാത്ത ഒരു സ്ഥാനത്തേക്ക് എത്തിച്ചേരാന്‍ ആര്‍ക്കും ഒരിക്കലും സാധിക്കുന്നില്ല.
നാം എത്രയൊക്കെ പരിശ്രമിച്ചാലും, കോപം എന്ന വികാരത്തെ നാം എപ്പോഴും കൈകാര്യം ചെയ്യേണ്ടിവരും. നാം ഒരിക്കലും കോപിക്കാന്‍ പാടില്ല എന്ന തെറ്റിദ്ധാരണയാണ് പലപ്പോഴും നമ്മെ വലിയ മനോവേദനയിലേക്ക് നയിക്കുന്നത്.

കോപം ഒരു വികാരം മാത്രമാണ്. മറ്റെല്ലാ വികാരങ്ങളെയുംപോലെ ഈശ്വരന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ് കോപത്തെയും നമുക്ക് നല്‍കിയിരിക്കുന്നത്. കോപം എന്ന വികാരമില്ലായിരുന്നുവെങ്കില്‍ മറ്റൊരാള്‍ നമ്മോട് തെറ്റായി പെരുമാറുന്നത് നമുക്ക് തിരിച്ചറിയാന്‍ സാധിക്കുമായിരുന്നില്ല. വേദനയെന്ന പോലെ എന്തോ കുഴപ്പങ്ങളുണ്ടെന്ന മുന്നറിയിപ്പാണ് കോപവും നല്‍കുന്നത്.

എന്നാല്‍ മറ്റെല്ലാ വികാരങ്ങളിലുമെന്നതുപോലെതന്നെ കോപത്തിന്റെ കാര്യത്തിലും അത് അപകടത്തിലേക്കും നയിക്കുവാനും സാധ്യതയുണ്ട്. എപ്പോഴും കോപത്തോടെ നടക്കുന്നത് എപ്പോഴും വേദനിച്ചുനടക്കുന്നതുപോലെതന്നെ തെറ്റാണ്. കോപത്തെ ഇല്ലാതാക്കുകയല്ല, പ്രത്യുത അവയെ നിയന്ത്രിക്കുകയാണ് നാം ചെയ്യേണ്ടതെന്ന് ഞാന്‍ അനുപമയെ ബോധ്യപ്പെടുത്തി. കോപം ഒരു രോഗമല്ലെന്നും രോഗലക്ഷണമാണെന്നുമുള്ള തിരിച്ചറിവ് അനുപമയ്ക്ക് ലഭിച്ചപ്പോള്‍തന്നെ അവളുടെ പ്രശ്‌നത്തിന് പകുതി പരിഹാരമായി. കോപം എന്നെ കീഴ്‌പ്പെടുത്തുകയല്ല പ്രത്യുത കോപത്തെ ഞാന്‍ കീഴ്‌പ്പെടുത്തുകയാണ് ചെയ്യേണ്ടതെന്ന് ഞാന്‍ വ്യക്തമാക്കി.

അനുപമയുടെ കോപിക്കുന്ന സ്വഭാവത്തിന് വര്‍ഷങ്ങളേറെ പഴക്കമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. മാതാപിതാക്കള്‍ക്ക് ഒപ്പമല്ല അനുപമ ബാല്യകാലം ചെലവിട്ടത്. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ലാളനയിലാണ് അവള്‍ വളര്‍ന്നത്. ബാല്യകാലത്തെ നിറമുള്ള നിമിഷങ്ങളില്‍ അവള്‍ മാതാപിതാക്കളുടെ സാന്നിദ്ധ്യം ആഗ്രഹിച്ചിരുന്നു. പക്ഷെ അതവള്‍ക്ക് ലഭിച്ചില്ല. അത് അനുപമയില്‍ കോപത്തിന്റെ വിത്തുകള്‍ പാകി. പിന്നീട് കോളജില്‍ ഹോസ്റ്റലില്‍ നിന്നാണ് അവള്‍ പഠിച്ചത്. അവിടെവച്ചുണ്ടായ ഒരു പ്രണയപരാജയവും അവളില്‍ കയ്പ്പാണ് നിറച്ചത്. അവള്‍ക്ക് എല്ലാറ്റിനോടും, എല്ലാവരോടും ദേഷ്യമായി അത് മാറി.
അവളുടെ മനസ്സിലെ വിദ്വേഷത്തിന്റെ കാരണം കണ്ടെത്തി അത് പരിഹരിച്ചപ്പോള്‍ മുന്‍കോപത്തിന് മാറ്റമുണ്ടായി. കോപിക്കുന്നത് തെറ്റല്ലെന്നും പക്ഷെ അത് ശരിയായ അളവില്‍, ശരിയായ സമയത്ത്, ശരിയായ സ്ഥാനത്ത് മാത്രം ചെയ്യേണ്ട ഒന്നാണെന്ന് ഞാന്‍ അനുപമയെ ബോധ്യപ്പെടുത്തി.

മനസ്സിലെ കോപത്തിന്റെ ഇരുട്ടുമുറികളിലേക്ക് കടന്നുചെന്ന് അവിടെ പ്രകാശം പരത്താനായപ്പോള്‍ അനുപമയ്ക്ക് ജീവിതം തിരിച്ചുകിട്ടി. അവളുടെ വിവാഹം ഭംഗിയായി നടന്നു. സ്‌നേഹസമ്പന്നനായ ഒരു ഭര്‍ത്താവിനെ അവള്‍ക്ക് ലഭിച്ചു. ഇന്ന് അവര്‍ ഇരുവരും സംന്തുഷ്ടകരമായ ദാമ്പത്യജീവിതം നയിക്കുന്നു.
ഇവിടെയാണ് കോപം എന്ന വികാരത്തില്‍ നാം സന്തുലിതാവസ്ഥ പാലിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാകുന്നത്. അത് നാം പ്രകടിപ്പിക്കേണ്ട ഒരു വികാരം തന്നെയാണ്. പക്ഷെ അത് ഏറ്റവും ഉചിതമായ രീതിയില്‍ ആയിരിക്കണമെന്നുമാത്രം. അല്ലെങ്കില്‍ അത് വലിയൊരു അഗ്നിപര്‍വ്വതമായി പൊട്ടിത്തെറിക്കും.

  • Trinity Group Inc
  • Anna Properties