Federal Bank
Royal-Malabar
Silk Villagio
Lulu gold

കൗണ്‍സിലിംഗ് കോര്‍ണര്‍ സ്‌നേഹത്തിന് മാറ്റം വരുത്താനാകും

പ്രശ്‌നരഹിതമായി മുന്നോട്ടു പോകയായിരുന്നു രമേശിന്റെ കുടുംബം. ഒരു മള്‍ട്ടിനാഷ്ണല്‍ ബാങ്കില്‍അസിസ്റ്റന്റ് മാനേജരാണ് രമേശ്. ഭാര്യ ശാന്തിയും ബാങ്ക് ഉദ്യോഗസ്ഥ തന്നെ. ഇരുവരുടെയും ജോലിത്തിരക്കുകള്‍ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ രാത്രിയാകും. ഏക മകളുടെ കാര്യമെല്ലാം നോക്കാനായി ഒരു ആയയെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. പക്ഷെ ജോലിയുടെ സമ്മര്‍ദ്ദങ്ങളേറിയപ്പോള്‍ രമേശ് ആകെ അസ്വസ്ഥനാകാന്‍ തുടങ്ങി. ശാന്തിയുടെ ജോലിത്തിരക്കുകള്‍ കാരണം വീട്ടിലും അയാള്‍ക്ക് ഒരല്പം ആശ്വാസം ലഭിച്ചില്ല. ശാന്തിയോട് ജോലി രാജി വയ്ക്കാന്‍ രമേശ് ആവശ്യപ്പെട്ടു. എന്നാല്‍ ശാന്തി അതിന് തയ്യാറായില്ല. അതോടെ അവരുടെ ജീവിതം സംഘര്‍ഷ ഭരിതമായി.
അങ്ങനെയിരിക്കെയാണ് രമേശ് തന്റെ സുഹൃത്തുക്കളുടെ നിര്‍ബന്ധത്താല്‍ നഗരത്തിലെ ഒരു ക്ലബ്ബില്‍ അംഗത്വമെടുക്കുന്നത്, അവിടെ നിന്നുമാണയാള്‍ ജിവിതത്തിലെ അതുവരെയും ശീലിക്കാത്ത അഭിരുചികള്‍ക്കിരയായത്. ശാന്തി ആദ്യമൊന്നും കാര്യമാക്കിയെടുത്തില്ല, സാധാരണ രാത്രി എട്ടുമണിയോടെ എത്തുന്ന രമേശ് അതോടെ പാതിരാത്രി കഴിഞ്ഞായി മടങ്ങിയെത്തല്‍. ആദ്യമൊക്കെ ആ വൈകിയെത്തല്‍ ശാന്തിക്ക് ആശ്വാസമാണ് പകര്‍ന്നത്. അത്രയും കുറച്ച് വഴക്കുണ്ടാക്കിയാല്‍ മതിയല്ലോ. എന്നാല്‍ പിന്നീട് ഭര്‍ത്താവിനെ തനിക്ക് പൂര്‍ണ്ണമായി നഷ്ടമാകുകയാണെന്ന് ശാന്തി അറിഞ്ഞത് ഏറെ വൈകിയാണ്.
അതറിഞ്ഞപ്പോഴേക്കും ശാന്തി തകര്‍ന്നു പോയി. മാനസീകമായി തകര്‍ന്ന അവളെ ഒരു സുഹൃത്താണ് എന്റെ മുമ്പില്‍ എത്തിച്ചത്. ഞാന്‍ ശാന്തിയോട് സംസാരിച്ചു. ഭര്‍ത്താവിനെ തനിക്കു പൂര്‍ണ്ണമായും നഷ്ടമായെന്ന ചിന്തയിലായിരുന്നു ശാന്തി. എന്നാല്‍ സമയം വൈകിപ്പോയിട്ടില്ലെന്ന് ഞാന്‍ ശാന്തിയോട് പറഞ്ഞു. ഇവിടെ ഏറ്റുമുട്ടലല്ല, സംയമനവും വിവേകവുമാണ് ആവശ്യം. രമേശിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഒരൊറ്റ ഒറ്റമൂലി മാത്രമെ ഉള്ളുവെന്ന് ഞാന്‍ പറഞ്ഞു. അത് സ്‌നേഹമാണ്.
ശാന്തിയോട് കുറച്ചു നാളത്തേക്ക് സാധിക്കുമെങ്കില്‍ രണ്ടു വര്‍ഷത്തേക്കെങ്കിലും അവധിയില്‍ പ്രവേശിക്കാന്‍ ശാന്തിയോട് ഞാന്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി ഈ സമയം ചെലവഴിക്കുക. സ്‌നേഹത്തോടെയും സഹിഷ്ണുതയോടെയും ഭര്‍ത്താവിനോട് ഇടപെടുക. സ്‌നേഹത്തിന് മാറ്റം വരുത്താന്‍ കഴിയുമെന്നതിന്റെ തെളിവായി ഞാന്‍ നിരവധി ജീവിതകഥകള്‍ ശാന്തിക്ക് പറഞ്ഞുകൊടുത്തു. അതോടെ അവളുടെ ഹൃദയത്തില്‍ വലിയ മാറ്റമുണ്ടായി. സമയം വൈകിയിട്ടില്ലെന്ന തിരിച്ചറിവില്‍ സ്‌നേഹം പകര്‍ന്നുകൊടുക്കുമെന്ന നിശ്ചയത്തോടെയാണ് ശാന്തി എന്നോട് യാത്ര പറഞ്ഞത്.
ശാന്തിയുടെ ആ പരീക്ഷണം വിജയിച്ചു. ഭര്‍ത്താവ് രമേശിന് ശാന്തിയുടെ സ്‌നേഹത്തിന്റെ മുമ്പില്‍ കീഴടങ്ങുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലായിരുന്നു. ഇന്ന് അവര്‍ സംതൃപ്തമായ ഒരു കുടുംബജീവിതം നയിക്കുന്നു. കഴിഞ്ഞ കാലങ്ങളിലുണ്ടായ ദുഖകരമായ സംഭവങ്ങളെല്ലാം അവരുടെ ഓര്‍മ്മയില്‍ നിന്നും അകന്നുകഴിഞ്ഞു. മാത്രമല്ല ഇരുവരും ഇന്ന് ബാങ്കില്‍ ഉന്നത ഉദ്യോഗസ്ഥരുമാണ്.
വഴിതെറ്റി പോകുന്ന തന്റെ ഭര്‍ത്താവിനെ അതില്‍ നിന്നും പിന്തിരിപ്പിക്കുകയെന്നതാണ് ഭാര്യയുടെ കടമ. പരസ്പരം കൂടുതല്‍ സമയം ചെലവഴിച്ചും, തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചകള്‍ തിരിച്ചറിഞ്ഞ് കുടുംബജിവിതം ഭദ്രമാക്കണം. ഒരു നിമിഷത്തെ തെറ്റിദ്ധാരണകള്‍ മൂലം അന്യ വ്യക്തിയിലേക്കോ ബന്ധങ്ങള്‍ മാറ്റപ്പെടുന്നത് വലിയ ദുരന്തങ്ങളിലേക്കായിരിക്കും നയിക്കുക. രണ്ട് വ്യക്തികളും പരസ്പരം അറിഞ്ഞും സാന്ത്വനിപ്പിച്ചുമാണ് കുടുംബന്ധം നിലനിര്‍ത്തുന്നത്. അല്ലെങ്കില്‍ നമ്മളറിഞ്ഞു കൊണ്ട് തന്നെ ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുകയാകും ഫലം.

  • Trinity Group Inc
  • Anna Properties