Federal Bank
Royal-Malabar
Silk Villagio
Lulu gold

ദാമ്പത്യത്തിന്റെ സൗന്ദര്യം

ബിജു എന്ന യുവാവിന്റെ ജീവിത കഥ എന്നെ പലപ്പോഴും ചിന്തിപ്പിച്ചിട്ടുള്ളതാണ്. ഒരു ട്രെയിന്‍ യാത്രയ്ക്കിടയിലാണ് ഞാന്‍ ബിജുവിനെ പരിചയപ്പെട്ടത്. ഒറ്റ—നോട്ടത്തില്‍തന്നെ മനസ്സിലായി. ആള്‍ വലിയ മാനസീക സംഘര്‍ഷത്തിലാണെന്ന്. അടുത്ത രണ്ട് ദിവസങ്ങള്‍ ട്രെയിനില്‍ ഒപ്പമുണ്ടായിരുന്നതുകൊണ്ട് ബിജുവുമായി അടുത്തിടപെട്ടു. ഒരു പ്രമുഖ സ്വകാര്യ സ്ഥാപനത്തില്‍ മാര്‍ക്കറ്റിംഗ് മാനേജരാണ് ബിജു. എം. ബി.എ ബിരുദധാരി. വീട്ടില്‍ ആവശ്യത്തിനു പണം. മാതാപിതാക്കള്‍ ഇരുവരും റിട്ടയേര്‍ഡ് അദ്ധ്യാപകര്‍.
27 വയസ്സായതോടെ ബിജുവിന് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ അന്വേഷിച്ചുതുടങ്ങി. ബിജുവിന് ഒരൊറ്റ ഡിമാന്റേ ഉണ്ടായിരുന്നുള്ളു. പെണ്‍കുട്ടി കാണാന്‍ സുന്ദരിയായിരിക്കണം. വെറും സുന്ദരി പോരാ. സാധിക്കുമെങ്കില്‍ ഒരു ബോളിവുഡ് നടിയെത്തന്നെ കല്യാണം കഴിയ്ക്കണം. ഇതായിരുന്നു ബിജുവിന്റെ ചിന്ത. അങ്ങനെ നിരവധി പെണ്‍കുട്ടികളെ കാണാന്‍ പോയി. കണ്ടവരെയൊന്നും ബിജുവിന് ഇഷ്ടപ്പെട്ടില്ല. വീട്ടുകാര്‍ക്കെല്ലാം ആകെ നിരാശയായി.
അങ്ങനെയിരിക്കെയാണ് ഒരു ബന്ധു വഴി സ്വപ്ന (യഥാര്‍ത്ഥ പേരല്ല)യുടെ വിവാഹാലോചന എത്തുന്നത്. സ്വപ്ന എന്നു കേട്ടപ്പോള്‍ തന്നെ ബിജു ഹാപ്പിയായി. പ്രശസ്തയായ മോഡലാണ് സ്വപ്ന. നിരവധി പരസ്യ ചിത്രങ്ങളില്‍ സ്വപ്ന അഭിനയിച്ചിട്ടുണ്ട്. ബിജുവും സ്വപ്നയും നേരില്‍ കണ്ടു. സ്വപ്ന തന്റെ ഭാവി പദ്ധതികളെക്കുറിച്ചെല്ലാം തുറന്ന് സംസാരിച്ചു. സിനിമയില്‍ അഭിനയിക്കണമെന്നും അതിന് തടസ്സം നില്‍ക്കാത്ത ഒരു ഭര്‍ത്താവിനെയാണ് തനിക്ക് വേണ്ടതെന്നും സ്വപ്ന പറഞ്ഞു.
ബിജുവിന് ഇത് നൂറുവട്ടം സമ്മതമായിരുന്നു. തന്റെ പ്രതിശ്രുത വധു മലയാളസിനിമയിലെ മുന്‍നിരനായികയായി മാറുന്നത് ബിജു സ്വപ്നം കണ്ടു. തന്റെ കൂട്ടുകാരെയെല്ലാം ഈക്കാര്യം അറിയിച്ചു. എന്നാല്‍ ബിജുവിന്റെ മാതാപിതാക്കള്‍ക്ക് ഈ വിവാഹത്തോട് എതിര്‍പ്പായിരുന്നു. പെണ്‍കുട്ടി വിവാഹശേഷവും അഭിനയ രംഗത്തുതുടരുന്നത് നല്ല പ്രവണതയല്ലെന്നായിരുന്നു അവരുടെ അഭിപ്രായം. എന്നാല്‍ ബിജുവിന്റെ വാശിയ്ക്കുമുമ്പില്‍ അവരും വിവാഹത്തിന് സമ്മതം മൂളി.
ആഘോഷമായി വിവാഹം നടന്നു. പക്ഷെ വിവാഹ ദിനം മുതല്‍ താളപ്പിഴകള്‍ ആരംഭിച്ചു. എവിടെയും എല്ലാവരുടെയും ചര്‍ച്ചാവിഷയം സ്വപ്നയായിരുന്നു. താന്‍ ക്രൂരമായി അവഗണിക്കപ്പെടുന്നതുപോലെ ബിജുവിന് തോന്നി. വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ സ്വപ്നയ്ക്ക് ഷൂട്ടിംഗുമായി ബന്ധപ്പെട്ട് പോകേണ്ടിവന്നു.
ഒരു സ്റ്റാര്‍ ഹോട്ടലില്‍ വച്ചായിരുന്നു ഷൂട്ടിംഗ്. അവിടെ റിസപ്ഷനില്‍ ബിജുവിനെ ഇരുത്തിയിട്ട് സ്വപ്ന ഷൂട്ടിങ്ങിനുപോയി. പിന്നീട് തിരിച്ചുവന്നത് മണിക്കൂറുകള്‍ കഴിഞ്ഞായിരുന്നു.
തുടര്‍ന്നിങ്ങോട്ട് സ്വപ്നയെ ഒന്നു കാണാന്‍ പോലും ബിജുവിന് കിട്ടാതെയായി. പരസ്യചിത്രങ്ങളുമായി ബന്ധപ്പെട്ട് സ്വപ്ന മിക്കപ്പോഴും യാത്രകളിലായിരിക്കും. അതിനിടയില്‍ ചില സീരിയലുകളും, ടെലിഫിലിമുകളുമൊക്കെ സ്വപ്നയെതേടിയെത്തി. ഗ്ലാമര്‍ ലോകത്തെക്കുറിച്ചുള്ള ആദ്യ ആവേശം അടങ്ങിയപ്പോള്‍ ബിജു നിരാശനായി. ‘ഭാര്യ എന്ന വാക്കിന് പുറമെ കാണുന്ന സൗന്ദര്യത്തിനപ്പുറം വലിയ വിലയും അര്‍ത്ഥവുമുണ്ടെന്ന് ബിജു മനസ്സിലാക്കി.
വര്‍ഷം രണ്ടു കഴിഞ്ഞിരിക്കുന്നു. ബിജുവിന് ബിജുവിന്റെ വഴി. സ്വപ്നയ്ക്ക് സ്വപ്നയുടെ വഴി എന്ന നിലയിലാണ് കാര്യങ്ങള്‍ ഇപ്പോഴെത്തിനില്‍ക്കുന്നത്. ബിജു ആകെ തകര്‍ന്നിരിക്കുന്നു. കമ്പനി ആവശ്യത്തിനുള്ള ഒരു ടൂറിനിടയിലാണ് ബിജുവിനെ ഞാന്‍ കാണുന്നത്.
ബിജുവുമായി ഞാന്‍ തുറന്ന് സംസാരിച്ചു. രണ്ടുപേരുടെയും ‘ഭാഗത്ത് വീഴ്ചകളുണ്ടായിട്ടുണ്ടെന്ന് ഞാന്‍ കാര്യകാരണസഹിതം ചൂണ്ടിക്കാട്ടി. നിങ്ങള്‍ ഇരുവരും ചെറുപ്പമാണ്. ജീവിതം ഇനിയും ഏറെ മുന്നില്‍ കിടപ്പുണ്ട്. നിങ്ങള്‍ ഇരുവരും രണ്ടുവഴികളിലൂടെ സഞ്ചരിക്കാതെ ഒരുമിച്ച് ഒരേ വഴിയിലൂടെ മുന്നേറേണ്ടവരാണ്. സ്വപ്നയുമായി മനസ്സ് തുറന്ന് സംസാരിക്കാന്‍ ഞാന്‍ ബിജുവിനോട് നിര്‍ദ്ദേശിച്ചു. സ്വപ്നയെ കുറ്റപ്പെടുത്തുകയല്ല, സ്വന്തം മനസ്സിലെ വേദനകള്‍ തുറന്നുപങ്കുവയ്ക്കണമെന്നും ഞാന്‍ ബിജുവിനോട് പറഞ്ഞു. ബിജു അത് സമ്മതിച്ചു.
രണ്ടാഴ്ചയ്ക്കുശേഷം ബിജു എന്നെ ഫോണില്‍ വിളിച്ചു. സ്വപ്ന ഇപ്പോള്‍ എന്നോടൊപ്പമുണ്ട്. ഞങ്ങള്‍ക്ക് താങ്കളെ നേരില്‍ കാണണം. അങ്ങനെ ബിജുവും, സ്വപ്നയും എന്റെ ഓഫീസിലെത്തി. ഞാന്‍ അവരോട് സംസാരിച്ചു.
ദാമ്പത്യജീവിതം പോലെ കരുത്തുറ്റ, ആഴമേറിയ മറ്റൊരു ബന്ധമില്ലെന്ന് ഞാന്‍ അവരെ ഓര്‍മ്മിപ്പിച്ചു. ഈ ദാമ്പത്യബന്ധം നിലനില്‍ക്കുന്ന പങ്കാളികളുടെ അതിരുകളില്ലാത്ത സ്‌നേഹത്തിലൂടെയാണ്. ആ സ്‌നേഹത്തില്‍ വിട്ടുവീഴ്ചയുണ്ട്.
പങ്കുവയ്ക്കലുണ്ട്. കരുതലുണ്ട്. ഞാന്‍ ഓര്‍മ്മിപ്പിച്ചു. സ്വപ്നയുടെ അഭിനയമോഹങ്ങളുടെ നാമ്പൊടിച്ചുകളയുകയല്ല ചെയ്യേണ്ടത്. എന്നാല്‍ കുടുംബജീവിതത്തേക്കാള്‍ വലുതായി മറ്റൊന്നും ഉണ്ടാകരുത്. ഭര്‍ത്താവിന്റെ താങ്ങും തണലും ഉണ്ടെങ്കില്‍ സ്വപ്നയ്ക്ക് ഉയരങ്ങള്‍ കീഴടക്കാനാകും. ഞാന്‍ പറഞ്ഞു. സ്വപ്നയെ തുടര്‍ന്നും അഭിനയിപ്പിക്കാന്‍ ബിജുവിന് സമ്മതമായിരുന്നു.
എന്നാല്‍ അപ്രതീക്ഷിതമായി സ്വപ്ന പറഞ്ഞു. ഇനി ഞാന്‍ സിനിമാ അഭിനയത്തിനില്ല. ടെലിഫിലുമകളോ, ചെറിയ പരസ്യങ്ങളിലോ ഒക്കെ മാത്രമെ അഭിനയിക്കുന്നുള്ളു. ബാക്കി സമയം ഞാന്‍ ബിജുവിനൊപ്പം സമയം ചെലവഴിക്കാന്‍ തീരുമാനിച്ചു.
സ്വപ്നയുടെ തീരുമാനത്തെ ഞാന്‍ അഭിനന്ദിച്ചു. ഇന്ന് അവര്‍ സന്തുഷ്ടകരമായ ഒരു കുടുംബജീവിതം നയിക്കുകയാണ്. സ്വപ്നയ്ക്ക് ഇന്ന് ടെലിവിഷന്‍ മാധ്യമരംഗത്ത് നിരവധി അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ കുടുംബത്തെ മറന്നുള്ള അഭിനയത്തിന് സ്വപ്ന തയ്യാറാകുന്നില്ല. കുടുംബജീവിതത്തിന്റെ സൗന്ദര്യം സ്വപ്ന കണ്ടെത്തിക്കഴിഞ്ഞു.
തിരക്കിലാകുന്ന ദമ്പതികളോട്, ഒപ്പം വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവരോട് എനിക്ക് നിര്‍ദ്ദേശിക്കാനുള്ളത് കുടുംബജീവിതത്തിന്റെ സൗന്ദര്യം കണ്ടെത്തുക എന്നതുതന്നെയാണ്. അത് കണ്ടെത്തിക്കഴിഞ്ഞാല്‍ നിങ്ങളുടെ ജീവിതം ഉല്ലാസഭരിതമാകും എന്നതില്‍ തര്‍ക്കമില്ല.

  • Trinity Group Inc
  • Anna Properties