ദാമ്പത്യബന്ധത്തിന്റെ വിജയവഴികള്‍
ഒന്നായിത്തീരുന്നതിന്റെ അനിര്‍വചനീയമായ ആഹ്ലാദം, അമ്പരപ്പ്… പ്രണയത്തിന്റെയും മധുവിധുവിന്റെയും നാളുകളില്‍ അതിവൈകാരികതയുടെ വിസ്മയലോകത്തായിരിക്കും ഇരുവരും. ഇണയെ സന്തോഷിപ്പിക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാവുമപ്പോള്‍. സാവധാനം എല്ലാം ശീലമായി മാറുന്നു. പ്രണയത്തിന്റെ കണ്‍കെട്ടുവിദ്യ ഒടുങ്ങി വ്യക്തിബന്ധത്തിന്റെ മറ്റൊരു മേഖല തുറക്കുകയായി.
‘ഇയാളെത്തന്നെയാണോ ഇതുവരെ കണ്ടത്!’ എന്ന അങ്കലാപ്പ്. പരിഭവം പരാതിയായും കുറ്റപ്പെടുത്തലായും മാറാന്‍ താമസമില്ല. ഒരു ബന്ധത്തിന്റെ ഓരോ ഘട്ടത്തിലും വരുന്ന മാറ്റങ്ങളെ ഉള്‍ക്കൊണ്ടാലേ പരസ്പരാകര്‍ഷണം നിലനില്‍ക്കുകയുള്ളൂ.
ആശയക്കുഴപ്പങ്ങള്‍
പ്രണയികളുടെ ശരീരത്തില്‍ ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണിന്റെ ഉല്പാദനം വര്‍ദ്ധിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഓക്‌സിടോസിന്റെ ഉയര്‍ന്ന അളവ് ഇണയിലെ പോരായ്മകളെ പരസ്പരം മറച്ചുവയ്ക്കുന്നുണ്ടത്രെ. വിവാഹശേഷം മാസങ്ങള്‍ പിന്നിടുമ്പോള്‍ ഓക്‌സിടോസിന്‍ ഹോര്‍മോണിന്റെ അളവില്‍ മാറ്റം വരുന്നു. തലച്ചോറിന്റെ രസതന്ത്രം തന്നെ മാറുന്നു. നേരത്തെ കണ്ണില്‍ പെടാതെ പോയ പോരായ്മകളും പ്രശ്‌നങ്ങളും വെളിപ്പെടുകയായി. പരസ്പരം നന്നായി മനസ്സിലാക്കും മുമ്പേ വിവാഹത്തിനൊരുങ്ങുന്ന കമിതാക്കള്‍ക്കാണ് ഈ ഘട്ടം ഏറ്റവും പ്രയാസകരമാവുക.
ടി.വി. കണ്ട് രസിക്കുന്ന ഭര്‍ത്താവിനെ നോക്കിനില്‍ക്കെ ഭാര്യ അത്ഭുതപ്പെടുന്നു: ‘ഇയാളെന്താ ഇങ്ങനെ! പഴയപോലെ എന്റെ കാര്യത്തില്‍ ഒരു താല്പര്യവുമില്ലല്ലോ!’ അയാള്‍ക്കാണെങ്കില്‍ ‘ഇത്തരം ചെറിയകാര്യങ്ങളില്‍ എന്താണിത്ര വേവലാതിപ്പെടാന്‍’ എന്നതാണ് അത്ഭുതം. സ്ത്രീപുരുഷന്മാരുടെ മാനസിക-സാമൂഹിക അവസ്ഥകള്‍ ഭിന്നമാണ്. അവരുടെ പെരുമാറ്റവും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. പ്രണയത്തില്‍ മുഴുകിയിരുന്ന മനസ് ജോലിയിലേക്കും കൂട്ടുകാരിലേക്കും മറ്റു സാമൂഹികബന്ധങ്ങളിലേക്കും നീങ്ങുന്നത് സ്വാഭാവികമാണ്.
”ഇഷ്ടഭക്ഷണമൊരുക്കിവെച്ച് എന്നെ കാത്തിരിക്കാന്‍ അവള്‍ക്ക് എന്തിഷ്ടമായിരുന്നെന്നോ! ഈയിടെയായി ഞാന്‍ ഓഫീസില്‍ നിന്നെത്തുമ്പോള്‍ ആള്‍ പുറത്തൊന്നും ഉണ്ടാവില്ല, അന്വേഷിച്ച് ചെല്ലുമ്പോള്‍ മുകളിലത്തെ മുറിയില്‍ ഫോണില്‍ സംസാരിച്ച് രസിക്കയാവും. അല്ലെങ്കില്‍ വെറുതെ കിടക്കുകയാവാം. ചോദിച്ചാല്‍ ഒന്നും പറയില്ല. തെറ്റുകയും ചെയ്യും…” മനശാസ്ത്രജ്ഞനെ സമീപിച്ച ഭര്‍ത്താവ് സ്വന്തം വിഷമസ്ഥിതി പറയുകയായിരുന്നു. ഭാര്യ തന്നില്‍ നിന്നും അകലുന്നതിലുള്ള വ്യഥയിലായിരുന്നു അയാള്‍. അനുവര്‍ത്തിച്ചു വന്ന പതിവുകള്‍ പെട്ടെന്നൊരിക്കല്‍ ഇല്ലാതാവുമ്പോള്‍ വിഷമം സ്വാഭാവികം. എന്നാല്‍ എന്തുകൊണ്ട് ഇങ്ങനെ വരുന്നു എന്നത് ആത്മസംയമനത്തോടെ ആലോചിക്കാന്‍ നാം ശ്രമിക്കുന്നുമില്ല.
ആദ്യത്തെ കുഞ്ഞ് പിറക്കുമ്പോള്‍ സ്ത്രീ പ്രകൃതത്തിലും പെരുമാറ്റത്തിലും ഏറെ മാറുന്നു. ഭാര്യയും കാമുകിയുമായിരുന്നവള്‍ ‘അമ്മ’ എന്ന പുതിയ അവസ്ഥയെ പ്രാപിക്കുകയാണ്. ശ്രദ്ധ ഏതാണ്ട് പൂര്‍ണ്ണമായും കുഞ്ഞിന്റെ പരിചരണത്തിലായിരിക്കും. പലപ്പോഴും പുരുഷന് താന്‍ ഉപേക്ഷിക്കപ്പെട്ടതുപോലെ തോന്നുന്നു. ‘അവള്‍ക്ക് ഇനി എന്നെ വേണ്ട’ എന്ന പരിഭവം. ഇത് മുറിച്ചുകടക്കേണ്ട ഒരു ഘട്ടം തന്നെ. ഭര്‍ത്താവിന്റെ കാര്യങ്ങള്‍ സ്വയം ശ്രദ്ധിക്കാന്‍ കഴിയാതെ വരുമ്പോള്‍ മറ്റേതെങ്കിലും വിധത്തില്‍ അത് പരിഹരിക്കാന്‍ ശ്രമിക്കണം. എന്നും കുറച്ചു നേരെമെങ്കിലും രണ്ടുപേരും മാത്രമായി ഒരുമിച്ചിരുന്ന് സംസാരിക്കുക. സ്വന്തം കാര്യങ്ങള്‍ പറയുന്നതുപോലെ പങ്കാളിയുടെ വിവരങ്ങള്‍ അന്വേഷിക്കുകയും വേണം.