പകയ്ക്കപ്പെടുന്നവര്‍
പ്രിയ കൗണ്‍സിലര്‍,
വളരെ വേദനയോടെയാണ് ഈ കത്ത് എഴുതുന്നത്. നിസ്സാര വിഷയം മൂലം മറ്റുള്ള സ്‌നേഹിതരാലും ചാര്‍ച്ചക്കാരാലും പ്രതിസന്ധി നേരിട്ട ഒരു വീട്ടമ്മയാണ് ഞാന്‍. അകാരണമായി ചെയ്യാത്ത തെറ്റിന് പീഡിപ്പിക്കപ്പെടുകയും പലരുടെയും മുമ്പില്‍ ഒരു ചോദ്യചിഹ്നമായി മാറ്റപ്പെടുകയും ചെയ്ത ഒരു വ്യക്തിയാണ് എന്റെ ഭര്‍ത്താവ്. വിദേശത്ത് ജോലി ചെയ്തുകൊണ്ടിരുന്ന അദ്ദേഹത്തെ, താന്‍ ചെയ്യാത്ത കുറ്റത്തിന് വിധേയനാക്കി ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. ഞങ്ങളെ സ്‌നേഹിക്കുന്നു എന്ന് നടിക്കുകയും, ഉള്ളുകൊണ്ടു ഞങ്ങളോട് പിണക്കമുള്ളവരും ഞങ്ങളോടൊപ്പം ആരാധിക്കുന്ന ചിലരും ചേര്‍ന്ന് എന്റെ ഭര്‍ത്താവിനെ ഒരു കള്ളന്‍ എന്ന് മുദ്രയടിച്ചു, ഞങ്ങളെ ചിരിച്ച് കാണിക്കുകയും മനസ്സില്‍ ഞങ്ങളെ പുറംതള്ളുകയും ചെയ്യുന്നവരോട് എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുന്നു.
മറുപടി തന്ന് സഹായിച്ചാലും
ജാനറ്റ് ചെന്നൈ
പ്രിയ സഹോദരി, നിങ്ങളുടെ കത്ത് വളരെ ഗൗരവത്തോടെയാണ് ഞങ്ങള്‍ വായിച്ചത് പലപ്പോഴും ചെയ്യാത്ത തെറ്റിന് അപമാനം ഏല്‌ക്കേണ്ടി വരുന്ന നിരപരാധികള്‍ നമ്മുടെ സമൂഹത്തില്‍ കുറവല്ല. സമൂഹത്തില്‍, ചെയ്യാത്ത അപരാധങ്ങള്‍ക്കും ആശയവിനിമയത്തിലുള്ള കുറവുകൊണ്ടും തെറ്റിധരിക്കപ്പെടുന്നത് അനേകര്‍. പലപ്പോഴും വേദനിപ്പിക്കുന്നവരെ കൂടുതല്‍ വേദനിപ്പിക്കുക എന്നത് ചാര്‍ച്ചകാര്‍ക്കും ഒരു വിനോദമാണ്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കുടുബവിഷയങ്ങള്‍ പോലും അവരെക്കാള്‍ കൂടുതല്‍ അറിയുവാനുള്ള ആകാംഷ മറ്റുള്ളവര്‍ക്കാണ്. അവര്‍ക്ക് അറിയാവുന്നതിലും കൂടുതല്‍ കാര്യങ്ങള്‍ അവര്‍ മെനഞ്ഞെടുക്കും. വലിയ പ്രതിസന്ധികള്‍ സ്വന്തം കുടുംബങ്ങളില്‍ ഉണ്ടായിട്ടും മറ്റുള്ളവരെ നന്നക്കാന്‍ നടക്കുന്ന വലിയ ഒരു കൂട്ടം സര്‍വ്വസാധാരണമാണ്.
സമൂഹത്തില്‍ നാം നന്നായി ജീവിക്കുകയും അതേ സമയം മറ്റുള്ളവരുടെ വിഷയങ്ങളിലോ സംഗതികളിലോ ഇടപെടാതിരിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായി ഉടലെടുക്കുന്ന ഒന്നാണ് അസൂയ. ഇതുപോലുള്ള വിപത്തുകള്‍ സംഭവിക്കുമ്പോള്‍ കൂടുതല്‍ അവരെ കളങ്കം വരുത്തുവാന്‍ ശ്രമിക്കുന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. നന്നായി ചിരിച്ച് കാണിക്കുകയും, നിങ്ങളുടെ ഉയര്‍ച്ചയെ ആഗ്രഹിക്കുന്നു എന്ന് നടിക്കുകയും അവസരം കിട്ടുമ്പോള്‍ മാറി നിന്ന് കുത്തുകയും ചെയ്യുന്ന ഒരു സമൂഹം സര്‍വ്വ സാധാരണയാണ്.
അടുത്തകാലത്ത് ഗള്‍ഫില്‍നിന്ന് വന്ന സാമ്പത്തിക ക്രമക്കേട് നടത്തി നാട്ടില്‍ എത്തിയതായ ഒരു മാന്യന്‍ സഭയില്‍ പ്രധാനിയായി മാറി. വെള്ളയിട്ട ഈ മനുഷ്യന്‍ തനിക്ക് ഇഷ്ടപ്പെടാത്തവരെ വിമര്‍ശിക്കുകയും പിറകില്‍നിന്ന് ചരട് വലിച്ച് മറ്റുള്ളവരെ അതിനുവേണ്ടി ഉദ്ധ്യമിപ്പിക്കുകയും ചെയ്യുവാന്‍ ശ്രമിക്കുന്ന വാര്‍ത്ത കേള്‍ക്കുവാന്‍ ഇടയായി. ഇങ്ങനെ മറ്റുള്ളവര്‍ക്ക് കെണിയൊരുക്കുന്ന മാന്യമാര്‍ സമൂഹത്തില്‍ പരിലസിക്കുന്നു എന്നുള്ളത് എത്രയോ വിചിത്രം. പാണ്ട് പിടിച്ചാല്‍ പാണ്ട് കാണാതിരിക്കാന്‍ തുണി കൊണ്ട് മറയ്ക്കാം. എന്നാല്‍ ഹൃദയത്തിന് പാണ്ടു പിടിച്ചാല്‍ അത് ഒരിക്കലും മറയ്ക്കാന്‍ സാധിക്കുകയില്ല. അത് എപ്പോഴും പ്രകടം ആയിരിക്കും.
അടുത്ത സമയത്ത് അനുഗ്രഹിക്കപ്പെട്ട ഒരു ശുശ്രൂഷകന്റെ അനുഭവം കേള്‍ ക്കുവാന്‍ ഇടയായി. അദ്ദേഹത്തിന്റെ ഭാര്യയുടെ ശുശ്രൂഷ എന്താണെന്ന് ചോദിച്ചാല്‍ മറ്റുള്ളവരുടെ ഏഷണിയും കുറ്റവും കണ്ടുപിടിച്ച് അത് പറഞ്ഞു നടക്കുന്ന ഒരു സ്ത്രീ. അവരുടെ ശൂശ്രൂഷമൂലം വേദനിപ്പിക്കുന്ന അനേകകുടുംബങ്ങള്‍. ഏതൊരു ദൈവപ്രവ്യത്തിയും അതിന്റേതായ നിലയില്‍ ഉയര്‍ന്നുവരുമ്പോള്‍ അതിനെതിരെ സാത്താന്‍ ആയുധം ഉയര്‍ത്തും. മനസ്സുകൊണ്ടും ഹൃദയംകൊണ്ടും പാപംചെയ്യുവാനുള്ള പ്രേരണ ഉണ്ടാകും. അത്മീക ശുശ്രൂഷചെയ്യുന്നവര്‍ പോലും ഇതിന് വിപരീതം അല്ല. പ്രിയ സഹോദരീ, ഇത് നിങ്ങളുടെ കത്തിന് മാത്രം മറുപടിയായിട്ടല്ല. അനേകര്‍ക്കുള്ള മറുപടി കൂടിയാണ്. വിശുദ്ധ വചനം ഇപ്രകാരം അനുശാസിക്കുന്നു. മനുഷ്യരുടെ നിന്ദയെ ഭയപ്പെടരുത്. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ ആരെയും കയറ്റാതിരിക്കുക. എല്ലാരഹസ്യവും പറയുവാന്‍ വിശ്വസ്തനായ ഒരുവന്‍ തമ്പുരാന്‍ മാത്രമാണ്. മനുഷ്യരില്‍ ആശ്രയിക്കുന്നത് പലപ്പോഴും നിരാശയായി മാറും.
നിങ്ങളുടെ ദു:ഖത്തിലും നഷ്ടത്തിലും പങ്കുചേരുവാന്‍ ഈ വിമര്‍ശിക്കുന്നവര്‍ ഉണ്ടായിരിക്കുകയില്ല. ഘനമില്ലാത്ത ഇത്തരം കാര്യങ്ങള്‍ക്ക് വിലകല്പിക്കാതെ വിശ്വസ്തരായിരിപ്പാന്‍ നിങ്ങള്‍ക്ക് കഴിയണം. ദൈവത്തില്‍ ആശ്രയിച്ച് പ്രതിസന്ധികളെ അതിജീവിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ.
ഈ ദൈവവചനം വായിക്കുക.
1 പത്രോസ് 5-10. അത് നിങ്ങള്‍ക്ക് ഉറപ്പ് നല്‍കും.