ഭിന്നതയില്‍ തകരുന്ന കുടുംബങ്ങള്‍
തോമസും ആനിയും പുരാതന കുടുംബങ്ങളില്‍ ജനിച്ചുവളര്‍ന്നവരും സാമ്പത്തികഭദ്രതയുള്ള രണ്ടു കുടുംബങ്ങളിലെ അംഗങ്ങളുമായിരുന്നു. പ്രൗഢഗംഭീരമായ വിവാഹത്തിനുശേഷം കുടുംബജീവിതത്തിലേക്കു കടന്ന ദമ്പതികള്‍ ആദ്യത്തെ ഒരു വര്‍ഷം സന്തുഷ്ടമായ ജീവിതം നയിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ജീവിതത്തില്‍ കൈപ്പേറിയ അനുഭവങ്ങളിലേക്കു കടന്നുവന്നത്. മുന്‍പോട്ട് പോകുവാന്‍ കഴിയാതെ വന്നപ്പോഴാണ് പ്രശ്‌നങ്ങളുമായി അവര്‍ കൗണ്‍സിലറെ സമീപിച്ചത്. രണ്ടുപേരും ഞങ്ങളോട് പരാതിയുടെ ഭാണ്ഡക്കെട്ടുകള്‍ അഴിക്കുവാന്‍ തുടങ്ങി. ഭര്‍ത്താവിന് ഭാര്യയെക്കുറിച്ചുള്ള പരാതി, ‘ഇവള്‍ എന്ത് പറഞ്ഞാലും എതിര് നില്ക്കുന്നു’. ഭാര്യയുടെ മറുപടി ‘ഈ മനുഷ്യന്‍ എന്ത് ചെയ്താലും പരാജയമാണ്. ഉള്ളതുമുഴുവന്‍ തുലച്ച് പുതിയ പുതിയ ബിസിനസ്സിലേക്ക് കാല് എടുത്ത് വയ്ക്കുന്നു. എത്ര പറഞ്ഞാലും ഈ മനുഷ്യന് മനസ്സിലാകത്തില്ല. ഭാര്യ തന്റെ പരാതി ഇങ്ങനെ തുടരുന്നു. ഈ ദമ്പതികളുമായി വ്യക്തിപരമായി സംസാരിച്ചപ്പോള്‍ അവരില്‍ നിന്ന് വെളിവാക്കപ്പെട്ട വിഷയം ഒന്നാമത് ഭാര്യക്ക് ശാഠ്യമായ സ്വഭാവം. ഭര്‍ത്താവിന് ഭാര്യയോട് ഭിന്നത. കുടുംബജീവിതം പ്രതിസന്ധിയില്‍ ആക്കപ്പെട്ട ഈ ദമ്പതികളോട് തുറന്ന് സംസാരിക്കാന്‍ ആരംഭിച്ചു.
ആനിയോട് എന്താണ് ഈ ശാഠ്യത്തിന്റെ കാരണം എന്ന് ചോദിച്ചതിനാല്‍ അവളുടെ മറുപടി എന്റെ വീട്ടില്‍ ഞാന്‍ എന്തുപറഞ്ഞാലും സാധിച്ചുകിട്ടും. ഞാന്‍ ഒരു തീരുമാനം എടുത്താല്‍ അതില്‍ ഉറച്ച് നില്ക്കും. എന്റെ മമ്മിയും അങ്ങനെയാണ്. പിതാവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കുടുംബത്തിലെ പ്രധാന തീരുമാനം എടുക്കുന്നത് മമ്മിയാണ് എന്ന് മനസ്സിലാക്കുവാന്‍ കഴിഞ്ഞു. ഭാര്യയുടെ ശാഠ്യവും ശബ്ദത്തിന്റെ ഘനവും കൂടിയപ്പോള്‍ പ്രശ്‌നങ്ങള്‍ വേണ്ട എന്ന് പറഞ്ഞു ഒതുങ്ങി കൊടുത്ത ഭര്‍ത്താവ് ജീവിതകാലം മുഴുവന്‍ ഒതുങ്ങേണ്ടിവന്നു. അവര്‍ക്കുണ്ടായ മക്കളും, സ്വന്തം കുടുംബത്തിന്റെ ശീലങ്ങള്‍ കണ്ടുവളര്‍ന്ന ഇവള്‍ കുടുംബജീവിതത്തില്‍ എത്തിയശേഷം ആ സ്വഭാവം പിന്‍തുടരുന്നു. ഇതാണ് ഇവരുടെ കുടുംബജീവിതത്തിന്റെ പ്രതിസന്ധിയുടെ കാരണം.
ഭര്‍ത്താവായ തോമസിനെക്കുറിച്ച് പഠിച്ചപ്പോള്‍ വളരെ ശാന്തമായ അന്തരീക്ഷത്തില്‍ വളര്‍ന്നുവന്ന വ്യക്തിയാണ്. എന്ത് നല്ലകാര്യം ചെയ്താലും പ്രോത്സാഹിപ്പിക്കാന്‍ മനസില്ലാത്ത ഭാര്യയുടെ സ്വഭാവം കൊണ്ട് ഇത് രക്ഷപെടുമോ എന്ന സംശയത്തിലാണ് പലതും തുടങ്ങിവെച്ചത്. അതുകൊണ്ട് ഉറച്ചുനില്ക്കാന്‍ കഴിയാതെ പതറുന്ന സ്വഭാവത്തിന്റെ ഉടമയായി ഇദ്ദേഹം മാറ്റപ്പെട്ടു. തുടങ്ങിവെച്ചത് പരാജയപ്പെടുമോ? ഭാര്യയില്‍ നിന്നും വീട്ടുകാരില്‍ നിന്നും ആക്ഷേപം ഉണ്ടാകുമോ എന്ന് ഭയം തന്നെ അലട്ടി. അതുമൂലം തുടങ്ങിയത് പലതും അമ്പേ പരാജയമായിരുന്നു. മാത്രമല്ല, തനിക്കുണ്ടായിരുന്ന ധൈര്യമുള്ള മനസ്സും ചഞ്ചലപ്പെടാന്‍ തുടങ്ങി. കുടുംബജീവിതത്തില്‍ ആകമാനം അസ്വസ്ഥതകള്‍ ഉണ്ടാക്കി. വാക്കുകള്‍ കൊണ്ട് കടിച്ചുകീറുവാന്‍ നില്‍ക്കുന്ന ഭാര്യ കുടുംബാഗംങ്ങളുടെ മുമ്പില്‍ വെച്ച് ഇടിച്ചുതാഴ്ത്തുന്നത് തന്റെ മനസ്സിന് അഗാധമായ മുറിവേല്പ്പിച്ചു. ഈ മുറിവ് ഭര്‍ത്താവിന് ഭാര്യയോട് അടുക്കുന്നതിന് വിലങ്ങുതടിയായി നിലകൊണ്ടു. കഴിഞ്ഞ ഒരു വര്‍ഷമായി രണ്ടുമുറികളിലായി ഉറങ്ങുന്ന ഈ ദമ്പതികള്‍ പൂര്‍ണ്ണമായും മാനസികമായും ശാരീരികമായും അകന്നുകഴിഞ്ഞിരുന്നു. വേര്‍പിരിയലിനുവേണ്ടി മനസ്സുകൊണ്ട് ആഗ്രഹിച്ച ഇവര്‍ ഒരു സ്‌നേഹിതന്റെ നിര്‍ബന്ധം മൂലമാണ് കൗണ്‍സിലറിനെ സമീപിച്ചത്. കൗണ്‍സിലിംഗില്‍ അവര്‍ ഹൃദയം തുറന്ന് സംസാരിക്കാന്‍ തുടങ്ങി. അവരുടെ കഴിഞ്ഞകാല ജീവിതത്തെക്കുറിച്ച്, തെറ്റുകളെക്കുറിച്ച് പരസ്പരം ബോദ്ധ്യപ്പെട്ടപ്പോള്‍ അവര്‍ പൊട്ടിക്കരയുവാന്‍ തുടങ്ങി. ചില വര്‍ഷങ്ങളായി കൊണ്ടുനടന്ന ഭാരം ഹൃദയവേദനയും ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് ലംഘനങ്ങളെ തിരിച്ചറിഞ്ഞപ്പോള്‍, പരിശുദ്ധാത്മാവ് അതിന് മുഖാന്തരമായപ്പോള്‍ അവര്‍ അതിനുവേണ്ടി വിധേയപ്പെട്ടു. ഇവരുടെ പ്രതിസന്ധികളില്‍ സ്വന്തംകുടുംബങ്ങളിലെ മാതാപിതാക്കളും സഹോദരങ്ങളും പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കുകയായിരുന്നു.
ഈ സംഭവം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് അനേകര്‍ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നു. അങ്ങനെയുള്ള കുടുംബങ്ങളില്‍ നേര്‍വഴി പറഞ്ഞുകൊടുക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്ന പല താങ്ങുകളും പരാജയപ്പെടുന്നു. പ്രതീക്ഷ നഷ്ടപ്പെടുമ്പോള്‍ ജീവിതത്തെ പഴിച്ച് നന്മകളും കഴിവുകളും നഷ്ടപ്പെടുത്തി ശൂന്യമായ ജീവിതത്തിലേക്ക് ആത്മഹത്യയിലേക്കും വഴിമാറ്റപ്പെടുന്നു. വിശുദ്ധ വേദപുസ്തകം ഇങ്ങനെ പഠിപ്പിക്കുന്നു. ഭിന്നത സഭയിലും കുടുംബങ്ങളിലും നിരോധിക്കപ്പെട്ടതാണ് (1കൊരി. 1:10) (1കൊരി. 3:3) ഈ സ്വഭാവം ജഢീക ആത്മാവിന് തെളിവും ജീവിത്തിന്‍ ഉയര്‍ച്ചകളെ തടയുന്നതുമാണ്.
പ്രിയ സഹോദരങ്ങളെ ഒരു പക്ഷേ നിങ്ങളുടെ കുടുംബങ്ങളില്‍ നിങ്ങള്‍ ഈ ഭിന്നതയുടേതോ ശാഠ്യത്തിനോ ഉടമകളാണെങ്കില്‍ അത് നിങ്ങളുടെ നന്മയേയും ഉയര്‍ച്ചയേയും ചോര്‍ത്തികളയുന്നതാണ്. നിങ്ങളായിട്ട് നിങ്ങളുടെ ഉയര്‍ച്ചയെ തടയരുത്. ഇത് മടങ്ങിവരുവാനുള്ള ഒരു അവസരമാണ്. താഴ്മയുള്ളിടത്ത് ദൈവപ്രവര്‍ത്തി കാണുവാന്‍ കഴിയും. താണനിലത്തേ നീരോടൂ. എന്ന പഴമൊഴി എത്ര യാഥാര്‍ത്ഥ്യമാണ്.