Federal Bank
Royal-Malabar
Silk Villagio
Lulu gold

മാതാപിതാക്കളെ, നിങ്ങളുടെ മക്കളെ കൊല്ലരുതേ!

നവംബര്‍ 2008

ആത്മഹത്യാ വാര്‍ത്തകള്‍ ഇല്ലാത്ത ദിനപത്രങ്ങള്‍ ഉണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ആത്മഹത്യാ, കൂട്ട ആത്മഹത്യ ഇതുകേട്ട് ജനം നടുങ്ങുന്നു. ഇതു ചെയ്യുന്നവര്‍ ചിലര്‍ നമുക്ക് പരിചിതരുമാണ്. ആരാണിവര്‍?- ദരിദ്രര്‍, ഇടത്തരക്കാര്‍, പണമുള്ളവര്‍, കലാസാസ്‌ക്കാരിക മേഖലകളില്‍ കീര്‍ത്തി കേട്ടവര്‍, അഭ്യസ്ഥവിദ്യര്‍, ഉദ്യോഗസ്ഥര്‍ എന്നിവരൊക്കെ ഇക്കൂട്ടത്തില്‍ ഉണ്ട്. ഇത് പെട്ടെന്നുണ്ടാകുന്ന ഒരു മാനസിക വൈകല്യമായിട്ടാണ് മിക്കവരിലും കാണപ്പെടുന്നത്.
പെട്ടെന്നുണ്ടാകുന്ന നിരാശ, സാമ്പത്തിക ഞെരുക്കം, മാറാ രോഗങ്ങള്‍, ദുര്‍വാശി, പ്രതികാരം, കുറ്റബോധം എന്നീ കാരണങ്ങളാല്‍ ജീവിതം വഴിമുട്ടിയതായി തോന്നുമ്പോള്‍ അതില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗമായിട്ടാണ് ഇക്കൂട്ടര്‍ ഇതു ചെയ്യുന്നത്. ഇത് ഭീരുക്കളുടെ മാര്‍ഗ്ഗമാണ് എന്നാല്‍ ജീവിതയാത്രയില്‍ ഇതുപോലെ ക്ലേശം അനുഭവിക്കുന്ന എല്ലാവരും എന്തുകൊണ്ട് ഈ മാര്‍ഗ്ഗം സ്വീകരിക്കുന്നില്ല. നമുക്ക് ചിന്തിക്കാം. ഒരു യഥാര്‍ത്ഥ ദൈവവിശ്വാസി ഒരിയ്ക്കലും ഇതിനൊരുമ്പെടുകയില്ല. എന്റെ പ്രതിബന്ധങ്ങളെ മാറ്റുവാന്‍ കഴിവുള്ളവനായ എന്റെ സൃഷ്ടാവിന് – എന്റെ ദൈവത്തിന് – അസാദ്ധ്യമായതൊന്നുമില്ല എന്ന വിശ്വാസം അവനെ, ജീവിത പാതയില്‍ വിജയകരമായി മുമ്പോട്ട് കൊണ്ടുപോകും. തന്റെ ഗുരുവിനെ ഒറ്റിക്കൊടുത്ത യൂദാ കുറ്റബോധത്താല്‍ തൂങ്ങിച്ചത്തു. എന്നാല്‍ ഒരു വിഷമഘട്ടത്തില്‍ യേശുവിനെ തള്ളിപ്പറഞ്ഞ ശിഷ്യന്‍, പത്രോസ് അനുതപിച്ച്, യേശുവിനോട് മാപ്പപേക്ഷിച്ചു; കുറ്റം ക്ഷമിച്ചു കിട്ടി, മോചിതനായി. ആരും കുറ്റബോധത്താല്‍ ജീവിതം അവസാനിപ്പിക്കേണ്ട. പകരം അനുതപിക്കുന്നവന് ക്ഷമിപ്പാന്‍ എപ്പോഴും തയ്യാറുള്ള യേശുവിങ്കല്‍ വരിക. സന്തോഷവും സ്വാതന്ത്ര്യവും പ്രാപിക്കുക. ഒരുത്തന്‍ പാപം ചെയ്തു എങ്കിലോ നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥന്‍ നമുക്ക് പിതാവിന്റെ അടുക്കല്‍ ഉണ്ട്. അവന്‍ നമ്മുടെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ആകുന്നു. എന്ന് 1 യോഹ. 2: 12 ല്‍ പറയുന്നു.
ആത്മഹത്യ ചെയ്യുവാന്‍ കൂട്ടെന്തിന്? ഭര്‍ത്താവും ഭാര്യയും ഒത്തുചേര്‍ന്ന് മക്കളെ കൊന്നശേഷം അവര്‍ മരിച്ചു എന്ന് ഉറപ്പുവരുത്തിയശേഷം സ്വയം മരിക്കുക; ഭര്‍ത്താവിനോട് പിണങ്ങി അമ്മ മക്കളെ കൊന്നശേഷം ആത്മഹത്യ ചെയ്യുക. ഭാര്യയോട് പ്രതികാരം ചെയ്യാന്‍ അവളേയും മക്കളേയും കൊന്നശേഷം തൂങ്ങച്ചാവുക എന്നിങ്ങനെ നമ്മള്‍ കേള്‍ക്കുന്നില്ലേ? കാണുന്നില്ലേ? കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി, നല്ല പേരും നല്‍കി താലോലിച്ച് വളര്‍ത്തിയ കുഞ്ഞുങ്ങളെ, ഏതോ ദുഷിച്ച വികാരങ്ങള്‍ക്ക് അടിമപ്പെട്ട്, സ്വന്തം കൈ കൊണ്ട് തന്നെ കൊല്ലുക. ഹോ, എത്ര ഭയങ്കരം! മാതാപിതാക്കള്‍, മറ്റാരെക്കാളും തങ്ങളെ സ്‌നേഹിക്കുന്നു എന്നു വിശ്വസിക്കുന്ന കുഞ്ഞുങ്ങള്‍, അവര്‍ കൊടുക്കുന്ന ഏതു വിഷവും ഒന്നും സംശയിക്കാതെ കഴിക്കും. ഇങ്ങനെ ചെയ്യുന്നവര്‍ പറയുന്ന ന്യായം അതിലും വിചിത്രമാണ്. അവരില്ലെങ്കില്‍ അവരുടെ കുഞ്ഞുങ്ങളെ സ്‌നേഹക്കാനും പോറ്റാനും ആരുമില്ലത്രേ. ഈ മനോഭാവം പുലര്‍ത്തുന്ന ഇക്കൂട്ടരോട് ഒരറിയിപ്പ്. – അനാഥരാകുന്ന കുഞ്ഞുങ്ങളെ ഏറ്റെടുക്കാനും പരിപാലിക്കാനും സന്മനസ്സു കാണിക്കുന്ന ധാരാളം സംഘടനകള്‍ ഇന്ന് നമ്മുടെ നാട്ടിലുണ്ട്. അവര്‍ ഏറ്റെടുത്തുകൊള്ളും. കൂടാതെ സ്വന്തം മക്കളില്ലാത്ത ദമ്പതികള്‍, കുഞ്ഞുങ്ങളെ ദത്തെടുത്ത്, സ്വന്തം കുഞ്ഞുങ്ങളെപ്പോലെ വളര്‍ത്തും. നിങ്ങളുടെ കുഞ്ഞുങ്ങളുടെ സ്‌നേഹം അവര്‍ക്കും അവരുടെ സ്‌നേഹവും വാത്സല്യവും കരുതലും ഇവര്‍ക്കും ലഭിക്കും.
ആര്‍ക്കെങ്കിലും ഇങ്ങനെ കുഞ്ഞുങ്ങളെ കൊല്ലുവാനുള്ള ദുഷ്ടചിന്ത വന്നാല്‍, അവരുടെ അറിവിലേക്ക് പറയുകയാണ്. നിങ്ങളുടെ തങ്കക്കുടങ്ങള്‍ സുരക്ഷിതരാണ്. നിങ്ങള്‍ ഇല്ലെങ്കിലും നിങ്ങളുടെ വിഢിത്തരങ്ങള്‍ക്ക് അവരേയും ബലിയാടാക്കരുത്. ഓരോരുത്തര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്; അതിനെ നശിപ്പിക്കാന്‍ ആരും മെനക്കെടേണ്ട. അവര്‍ ജീവിച്ചോട്ടെ അവരുടെ ജീവിതം. ഈ ഭൂമി അവര്‍ക്കും കൂടിയുള്ളതാണ്. മക്കള്‍ യഹോവ തരുന്ന ദാനമാണ്. അവരുടെ ഉടമസ്ഥാവകാശം ദൈവത്തിനുള്ളതാണ്. അതുകൊണ്ട് അവരുടെ ജീവന്‍ തട്ടിക്കളയാനോ നശിപ്പിക്കാനോ ഉള്ള അധികാരം ഇവര്‍ക്കില്ല എന്നോര്‍ക്കുക.
എത്രയോ മാതാപിതാക്കള്‍, തങ്ങള്‍ ജന്മം നല്‍കിയ, ജന്മനാ വൈകല്യങ്ങള്‍ ഉള്ള കുഞ്ഞുങ്ങളെ, ബുദ്ധിവികാസം വേണ്ടത്രയില്ലാത്ത കുഞ്ഞുങ്ങളെ, വളര്‍ച്ച മുരടിച്ച കുഞ്ഞുങ്ങളെ സ്‌നേഹത്തോടെ അതിയായ ശ്രദ്ധയോടെ വളര്‍ത്തുന്നു. നമ്മുടെ ചുറ്റുപാടുകളില്‍ നമുക്ക് കാണാന്‍ സാധിക്കുന്നുമുണ്ട്. അങ്ങനെയുള്ളപ്പോഴാണ് ഒരു കുറവുമില്ലാത്ത, നല്ല കുഞ്ഞുങ്ങള്‍ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കുവേണ്ടി ബലിയാടാകുന്നത്. എന്തൊരു വിരോധാഭാസം! ദാവീദ് രാജാവ് പാടിയതുപോലെ, വിശ്വസിച്ചതുപോലെ ‘കൂരിരുളിന്‍ താഴ്‌വരയില്‍ കൂടി നടന്നാലും ഞാനൊരനര്‍ത്ഥവും ഭയപ്പെടുകയില്ല. ദൈവമേ നീയെന്നോടു കൂടിയുണ്ടല്ലോ.’ ഈ വിശ്വാസം നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ ജീവിതപോരാട്ടത്തില്‍ നിങ്ങള്‍ വിജയിക്കും. അപ്പോള്‍ പ്രതികൂലങ്ങളും പ്രതിസന്ധികളും വിജയത്തിന്റെ ചവിട്ടുപടികളായി കരുതും, അനുഭവപ്പെടും.
വെളിച്ചം ഉള്ളിടത്ത് ഇരുട്ടുണ്ടാകയില്ല, വിശ്വാസം ഉള്ളിടത്ത് നിരാശയില്ല. ആകയാല്‍ പ്രശ്‌നങ്ങള്‍ക്ക് ഇത്തരത്തില്‍ പരിഹാരം കാണാന്‍ ശ്രമിക്കാതിരിക്കുക. സാത്താന്റെ പ്രലോഭനങ്ങളില്‍ വീണുപോകാരുതേ. അവന്‍ കള്ളനും ചതിയനുമാണ്. വിശ്വസിച്ചാല്‍ നീ ദൈവത്തിന്റെ മഹത്വം കാണും. നീയും നിന്റെ കുടുംബവും രക്ഷപ്പെടും – നിശ്ചയം.

  • Trinity Group Inc
  • Anna Properties