Federal Bank
Royal-Malabar
Silk Villagio
Lulu gold

മുഖംമൂടികള്‍ അഴിഞ്ഞുവീഴുമ്പോള്‍

ചെറിയാന്‍ സമൂഹത്തില്‍ സര്‍വ്വസമ്മതനും സല്‍സ്വഭാവിയുമാണ്. സാമൂഹ്യപ്രവര്‍ത്തനരംഗത്തും സഭാകാര്യങ്ങളിലും അദ്ദേഹം ശ്രദ്ധേയനാണ്. പക്ഷെ കുടുംബാഗംങ്ങള്‍ക്ക് ചെറിയാന്‍ ഒരു പേടിസ്വപ്നമാണ്.
മുഖംമൂടി അണിഞ്ഞ് സമൂഹത്തില്‍ പരിലസിക്കുന്ന ആത്മീയ സാമൂഹ്യസാംസ്‌കാരിക നേതാക്കന്മാരുടെ ഒരു വലിയ നിര നമ്മുടെ ദൃഷ്ടിയിലൂടെ കടന്നുപോകുന്നു. അടുത്തസമയത്ത് കൗണ്‍സിലിംഗിനുവേണ്ടി കടന്നുവന്ന 45 വയസ്സുള്ള ഒരു വീട്ടമ്മയുടെ കഥ ഞെട്ടിപ്പിക്കുന്നതായിരുന്നു. പ്രശ്‌നം അവതരിപ്പിക്കുവാന്‍ തന്നെ വാക്കുകള്‍ പുറത്തുവരാതെ വിതുമ്പുന്ന ഒരു സ്ത്രീ. ചില മിനിറ്റുകള്‍ക്ക് ശേഷം അവര്‍ അവരുടെ നൊമ്പരങ്ങളുടെ ഭാണ്ഡക്കെട്ട് അഴിക്കുവാന്‍ തുടങ്ങി. നൊമ്പരങ്ങള്‍ ഒരുപക്ഷെ പുറത്തുവന്നാല്‍ തന്റെ ജീവനുപോലും ഹാനി സംഭവിക്കുമെന്ന് ഭയപ്പെടുന്ന ഒരു വീട്ടമ്മ. വിഷയങ്ങള്‍ ഇങ്ങനെ പോകുന്നു.

ഏറെ അറിയപ്പെടുന്ന ആത്മീയ നേതൃത്വനിരയിലുള്ള ഭര്‍ത്താവ് . അവര്‍ക്ക് മൂന്ന് കുഞ്ഞുങ്ങള്‍. എല്ലാവര്‍ക്കും പ്രിയപ്പെട്ടവനും മറ്റുള്ളവരെ സല്‍പ്രവര്‍ത്തികളിലേക്ക് നയിക്കുവാന്‍ ഉപദേശിക്കുന്നവന്‍ കൂടിയാണ്. പക്ഷെ, കഴിഞ്ഞ പത്തുവര്‍ഷമായി തന്റെ ഭാര്യക്ക് അദ്ദേഹം ഒരു ക്രൂരനായ മനുഷ്യനാണ്. മക്കള്‍ക്കും മറിച്ചല്ല. പുറത്തെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന ഈ വ്യക്തി ദയയില്ലാത്ത വാക്കുകളും ക്രൂരമായ സ്വഭാവവും തന്റെ കുടുംബത്തില്‍ പ്രകടിപ്പിക്കുന്നു. തിരിച്ച് മറുപടി പറയുവാനോ സ്വാതന്ത്ര്യത്തോടെ കാര്യങ്ങള്‍ ചെയ്യുവാനോ തന്റെ ഭാര്യക്ക് അവകാശമില്ല. തന്റെ കുഞ്ഞുങ്ങളും ഭയപ്പെട്ടു കഴിയുന്നു.

ഭര്‍ത്താവിന്റെ ക്രൂരമായ സമീപനത്തില്‍ മനംനൊന്ത് നിശബ്ദയായി ആ വീട്ടമ്മ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നു. ഇങ്ങനെ പുറത്തു നന്നായി പെരുമാറുകയും വീട്ടില്‍ മറ്റൊരു സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്ന നിരവധി കുടുംബനാഥന്മാര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്. പുരുഷന്മാര്‍ മാത്രമല്ല ചില വീടുകളില്‍ കുടുംബനാഥയെ ഭയപ്പെട്ടുകഴിയുന്ന ഭര്‍ത്താക്കന്മാരും ഉണ്ട്. പുറത്ത് സാമൂഹ്യപ്രവര്‍ത്തനവും ആത്മീയ കൂട്ടായ്മയും കഴിഞ്ഞ് വരുന്ന ഭാര്യയെ ഭയത്തോടെ കാത്തിരിക്കുന്ന ഭര്‍ത്താക്കന്മാരുടെ കഥയും ഞാന്‍ കേട്ടിട്ടുണ്ട്.

ഇന്ന് ആത്മീയ ലോകത്തിലും ഈ നിലയിലുള്ള നേതാക്കന്മാരെ കാണുവാന്‍ കഴിയും. ഇവരുടെ ഇടയില്‍ നടത്തിയ പഠനത്തില്‍ മനസ്സിലായ കാര്യം ഇവരില്‍ പലരുടേയും കുടുംബജീവിതം പ്രശ്‌നസങ്കീര്‍ണ്ണമാണ്. സ്വസ്ഥതയില്ലാതെ കുടുംബത്തിലേക്ക് പ്രവേശിക്കുന്ന പ്രസംഗകരും സ്വന്തം ഭവനത്തില്‍ സമാധാനം ഇല്ലാതെ ഇറങ്ങിപ്പോകുന്ന ആത്മീയ ഉപദേശകരും. ഇതിന്റെ പ്രധാനപ്പെട്ട കാരണം ദൈവവുമായി ബന്ധം നഷ്ടപ്പെട്ട് കേവലം മുഖംമൂടി ജീവിതം നയിക്കുന്നു എന്നതാണ്.

മുഖംമൂടി ജീവിതം നയിക്കുന്നവരോട് ഓര്‍മ്മിപ്പിക്കട്ടെ: ദൈവം നിങ്ങളെ കാണുന്നു. സമൂഹം ഒരുപക്ഷെ നിങ്ങളുടെ വീഴ്ചകളെ തിരിച്ചറിഞ്ഞില്ല എന്നു വന്നേക്കാം. എന്നാല്‍ ദൈവത്തിന്റെ ദൃഷ്ടി ഒളിച്ച് നിങ്ങള്‍ക്ക് ജീവിക്കാനാവില്ല. നിങ്ങള്‍ വച്ചിരിക്കുന്നത് എത്ര വലിയ മുഖംമൂടിയാണെങ്കിലും ഒരു ദിവസം അഴിഞ്ഞുവീഴും. ഇന്ന് ആദരിക്കുന്നവര്‍ അന്ന് പരിഹസിച്ച് തള്ളും. രഹസ്യവും പരസ്യവുമായ ജീവിതത്തില്‍ വിശുദ്ധി പുലര്‍ത്തുക. ദൈവത്തിന്റെ ദാനമായ കുടുംബജീവിതങ്ങളെ ആദരിക്കുക.

വികാരങ്ങളാല്‍ നയിക്കപ്പെടരുത്

”വികാരങ്ങള്‍” എന്ന പദത്തിന് നിരവധി നിര്‍വ്വചനങ്ങളുണ്ട്. വെബ്സ്റ്റര്‍ നിഘണ്ടു അനുസരിച്ച് ഈ പദത്തിന്റെ ലാറ്റിന്‍ മൂലവാക്കായ ”എക്‌സ്-മൂവിയര്‍” എന്നതിന് ”അകലേക്ക് മാറ്റുക” എന്നാണര്‍ത്ഥം.
ആ നിര്‍വ്വചനം എനിക്ക് വളരെ രസകരമായി തോന്നി. കാരണം വികാരങ്ങള്‍ ചെയ്യുന്നതും അതുതന്നെയാണ്- അവ അകലേക്കോ, പുറത്തേക്കോ നമ്മെ മാറ്റി അവയെ അനുഗമിക്കാന്‍ നമ്മെ പ്രേരിപ്പിക്കുക.
നിഘണ്ടു അനുസരിച്ച് വികാരങ്ങള്‍ ”സങ്കീര്‍ണ്ണവും സാധാരണഗതിയില്‍ ശക്തവുമായ വിഷയാധിഷ്ഠിത പ്രതികരണം…പ്രവര്‍ത്തനത്തിനായുള്ള ഒരുക്കമെന്നനിലയിലുള്ള മാനസീക മാറ്റങ്ങള്‍ ഉള്‍പ്പെട്ടവ”എന്നും വിശദീകരിക്കപ്പെട്ടിരിക്കുന്നു. അത് സത്യമാണ്. സങ്കീര്‍ണ്ണത കാരണം വികാരങ്ങള്‍ വിശദീകരിക്കുവാന്‍ എളുപ്പമുള്ളവയല്ല. അവയെ കൈകാര്യം ചെയ്യാനും ചിലപ്പോള്‍ ബുദ്ധിമുട്ടേറും.
വിവേകത്തിന് അപ്പുറം വികാരങ്ങള്‍ ഭരണം നടത്തുമ്പോഴാണ് നമ്മുടെ കുടുംബജീവിതങ്ങളില്‍ താളപ്പിഴകള്‍ ഉണ്ടാകുന്നത്. വികാരങ്ങള്‍ അതില്‍തന്നെ തെറ്റല്ല. എന്നാല്‍ വികാരങ്ങള്‍ക്ക് അടിമപ്പെട്ട് നാം ജീവിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ തലപൊക്കുന്നു.

നമ്മുടെ ജീവിതത്തിലെ നിഷേധാത്മക സാഹചര്യങ്ങളെല്ലാം ക്രിയാത്മകമായി മാറുവാന്‍ സമയം ഏറെയെടുക്കും. വികാരങ്ങളെ എല്ലായ്‌പ്പോഴും വിവേകത്തിന് കീഴ്‌പ്പെടുത്തിക്കൊടുക്കണം. കുടുംബ ജീവിതത്തില്‍ ഏതൊരു കാര്യവും ചെയ്യുന്നതിനുമുമ്പ് ഭാര്യയും ഭര്‍ത്താവും കൂട്ടായിരുന്ന് ആലോചിക്കണണം. വിവേകം അംഗീകരിക്കുന്നുവെങ്കില്‍ നമ്മുടെ പദ്ധതിയുമായി നമുക്ക് മുന്നോട്ട് പോകാം
.
വൈകാരികമായ അടിമത്തം ഭാര്യഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ ഉള്ള ബന്ധത്തില്‍ മാത്രമല്ല താളപ്പിഴകള്‍ ഉണ്ടാക്കുന്നത്. അത് മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തിലും ശ്രദ്ധിക്കേണ്ടതാണ്. ഇതാ ഒരു ഉദാഹരണം. നാം എല്ലാവരും നമ്മുടെ മക്കളെ സ്‌നേഹിക്കുന്നവരാണ്. അവര്‍ക്ക് ആവശ്യമുള്ളതും ആഗ്രഹമുള്ളതുമായ കാര്യങ്ങളെല്ലാം ലഭ്യമാക്കാന്‍ നമുക്ക് സാധിക്കുമെങ്കില്‍ അത് ചെയ്യുവാന്‍ നാം പരിശ്രമിക്കും. ഇത് മിക്കവാറും സമയങ്ങളില്‍ നല്ലതുതന്നെയാണ്. മക്കളെ സഹായിക്കുന്നതും, അവര്‍ക്കു നമ്മെ ആവശ്യമുള്ളപ്പോള്‍ നാം ഉണ്ടായിരിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതും നല്ലതാണ്. എന്നാല്‍ ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ നേരിടാന്‍ നാം അവരെ പഠിപ്പിക്കാതിരിക്കുമ്പോള്‍ അത് അവരുടെ വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുകയാകും. പക്വതയിലെത്താനായി നമുക്കെല്ലാവര്‍ക്കും ആവശ്യമുള്ള പ്രക്രീയയുടെ ഭാഗമാണ് ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളെ അനുഭവിക്കുക എന്നുള്ളത്. അത് സാധിക്കാതെ ഇരിക്കുമ്പോള്‍ ഭാവിയില്‍ അവര്‍ക്ക് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയാതെ പോകുന്നു.

കഴുകന്‍കുഞ്ഞിനെക്കുറിച്ച് എഴുതിയിരിക്കുന്ന ചില കാര്യങ്ങള്‍ ശ്രദ്ധേയമാണ്. മുട്ടയിലായിരിക്കുമ്പോള്‍തന്നെ അതിന്റെ ചുണ്ടിന്റെ അറ്റത്തായി ചെറിയ മൂര്‍ച്ചയേറിയ ഒരു പല്ലുണ്ടാകും. ഈ പല്ലുപയോഗിച്ച് മുട്ടയുടെ തോട് പൊട്ടുന്നതുവരെ കഴുകന്‍കുഞ്ഞ് മുട്ടിക്കൊണ്ടിരിക്കും. വളരെ സമയമെടുത്ത് നിരന്തരമായി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് കഴുകന്‍കുഞ്ഞ് സ്വയം പുറത്തുവരുന്നത്. എന്നാല്‍ സദുദ്ദേശത്തോടെ ഒരാള്‍ ആ തോട് പൊട്ടിച്ച് അതിനെ പുറത്തുവരാന്‍ സഹായിച്ചാലോ? കഴുകന്‍കുഞ്ഞിന്റെ മരണമായിരിക്കും ഫലം.
കഴുകന്‍കുഞ്ഞുങ്ങളെപ്പോലെ, നമ്മുടെ യുവജനങ്ങളും സങ്കീര്‍ണ്ണമായ അനുഭവങ്ങളിലൂടെയാണ് ജീവിതത്തിനുവേണ്ടി ഒരുക്കപ്പെടുന്നത്. നാം നമ്മുടെ മക്കളെ സഹായിക്കണം. എന്നാല്‍ അതവരുടെ വളര്‍ച്ചയെ തടഞ്ഞുകൊണ്ടാകരുതെന്നുമാത്രം.

വികാരങ്ങളാല്‍ വേഗത്തില്‍ സ്പര്‍ശിക്കപ്പെടുന്നതോ ചലിപ്പിക്കപ്പെടുന്നതോ ആയ ഒരു വ്യക്തികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മെക്കുറി ച്ചും നമ്മുടെ വ്യക്തിത്വത്തെക്കുറിച്ചും സ്വയം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇതെക്കുറിച്ച് അറിവുണ്ടായിരുന്നാല്‍ ജീവിതത്തില്‍ നിരവധി മുറിവുകളും,ഹൃദയേവേദനകളും ഒഴിവാക്കാനാകും.

നമ്മുടെ വികാരങ്ങളെക്കുറിച്ചുള്ള അവബോധവും അവയെ എങ്ങനെ കൃത്യമായി നിയന്ത്രിക്കാനാകുമെന്ന തിരിച്ചറിവും നേടുവാന്‍ നാം പഠിക്കേണ്ടിയിരിക്കുന്നു. അതിനുള്ള ഒരു മാര്‍ഗ്ഗം, സ്വയം തിരിച്ചറിയുക എന്നുള്ളതാണ്. ഏതൊരു കാര്യവും പ്രവര്‍ത്തിക്കുന്നതിനുമുമ്പ് ഞാന്‍ വികാരത്താലാണോ അതോ വിവേകം കൊണ്ടാണോ ഇത് പ്രവര്‍ത്തിക്കുന്നതെന്ന് രണ്ടുവട്ടം ആലോചിക്കുന്നത് നമുക്ക് ഏറെ സഹായകമാകും. വിവേകപൂര്‍ണ്ണമായ സമീപനം സ്വീകരിച്ചാല്‍ കുടുംബജീവിതം ഏറെ സന്തോഷപ്രദമാകും.

  • Trinity Group Inc
  • Anna Properties