Federal Bank
Royal-Malabar
Silk Villagio
Lulu gold

വര്‍ദ്ധിക്കുന്ന വിവാഹമോചനങ്ങള്‍

വിവാഹങ്ങളെക്കാള്‍ വിവാഹമോചനം പെരുകുന്ന ഒരു ദുഷിച്ച കാലഘട്ടത്തിലേക്ക് മനുഷ്യസമൂഹം നീങ്ങിക്കൊണ്ടിരിക്കുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ അവലംബിച്ചുപോന്ന പല മൂല്യരഹിതമായ രീതികളും ക്രൈസ്തവരുടെയിടയില്‍ വ്യാപകമായികൊണ്ടിരിക്കുന്നത് വളരെ ഭയാശങ്കയോടെ കാണേണ്ടിയിരിക്കുന്നു. അടുത്തസമയത്ത് യുവദമ്പതികളില്‍ കൗണ്‍സിലിംഗ് നടത്തിയപ്പോള്‍ മനസ്സിലായത് വളരെ വിചിത്രമായ സംഗതിയാണ്. ഭര്‍ത്താവിന്റെ വൃത്തിഹീനമായ പെരുമാറ്റരീതി മൂലം ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് വന്നിരിക്കുകയാണ്. പരാതി ഇങ്ങനെ: ഭര്‍ത്താവ് ബി,ടെക് എഞ്ചിനീയര്‍, ഭാര്യ ശാസ്ത്രജ്ഞ. ഭാര്യയുടെ പരാതി ഞാന്‍ ജീവിച്ചുവന്ന സാഹചര്യവുമായി വെച്ചു നോക്കുമ്പോള്‍ ഇപ്പോഴത്തെ അവസ്ഥയുമായി പൊരുത്തപ്പെട്ടു പോകുവാന്‍ കഴിയുന്നില്ല. അവര്‍ പരാതിയുടെ കെട്ടഴിയ്ക്കാന്‍ തുടങ്ങി. ഒന്നാമത്തെ പരാതി ഭര്‍ത്താവ് ഉപയോഗിക്കുന്ന തലയിണ, ടൗവല്‍ എനിക്ക് ഉപയോഗിക്കുവാന്‍ സാധ്യമല്ല. അയാള്‍ ഉറങ്ങുമ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന ഉമിനീരും, സഹിക്കാന്‍ പറ്റാത്ത വിയര്‍പ്പുമാണ്. ഒരു അടുക്കും ചിട്ടയും ഇല്ല. ചുമ്മാതിരിക്കുമ്പോള്‍ മൂക്കില്‍ വിരലിട്ടുകൊണ്ടിരിക്കും. രാവിലെ പത്രവുമായി ബാത്ത്‌റൂമിലേക്ക് പോകും ആ പത്രം എനിക്ക് വായിക്കാന്‍ അറപ്പാണ്.
ബാത്ത് റൂമില്‍ പോയാല്‍ ഫ്‌ളഷ് ഉപയോഗിക്കാറില്ല. എനിക്ക് പിന്നീട് ഉപയോഗിക്കുവാന്‍ മടിയാണ് അദ്ദേഹം ധരിക്കുന്ന വസ്ത്രങ്ങള്‍ എവിടെയെങ്കിലും വലിച്ചെറിയും. ഊണ് കഴിക്കുന്ന കൈകൊണ്ട് സ്പൂണുകളും മറ്റും ഉപയോഗിക്കും.
ആരെല്ലാം ഇരുന്നാലും ഗണ്യമാക്കാറില്ല. പല കൂട്ടുകാരും എന്നെ ഇതിന്റെ പേരില്‍ പരിഹസിക്കുകയും ചെയ്യുന്നു എന്നെല്ലാമാണ് ഭാര്യയുടെ പരാതി.
ഭര്‍ത്താവിന്റെ പരാതി
ഈ ലോകത്തെങ്ങും ഇല്ലാത്ത ഫാഷന്‍കാരിയാണ് എന്റെ ഭാര്യ. ഞാന്‍ ജനിച്ചുവളര്‍ന്നത് സാമ്പത്തികസ്ഥിതി കുറവായ കുടുംബത്തിലാണ്.
വിവാഹം കഴിഞ്ഞ് മറ്റുള്ളവരുടെ മുമ്പില്‍ എന്നെ കുരങ്ങുകളിപ്പിക്കാനായിരുന്നു അവള്‍ക്ക് താല്പര്യം. ഞാന്‍ ഉപയോഗിക്കുന്ന ടൗവല്‍ പോലും ഉപയോഗിക്കാറില്ല. ഞാന്‍ അവളുമായി എങ്ങനെ യോജിച്ചു പോകും.
വിദ്യാസമ്പന്നരായ ഈ ദമ്പതികളുടെ സ്ഥിതി നോക്കു. ഞങ്ങളുടെ പഠനത്തിലും സര്‍വ്വേയിലും മനസിലാക്കിയ ഒരു സംഗതി, വിദ്യാഭ്യാസം കുറഞ്ഞ ആളുകളുടെയിടയിലല്ല വിവാഹമോചനം കൂടുതല്‍ വിദ്യാഭ്യാസവും സമ്പത്തും ഉള്ള കുടുംബങ്ങളിലാണ്. കൂടുതല്‍. 2 വ്യത്യസ്തമായ സാഹചര്യങ്ങളിലും കുടുംബപശ്ചാത്തലങ്ങളിലും വളര്‍ത്തപ്പെട്ട വ്യക്തികള്‍ തമ്മില്‍ ഒരുമിക്കുമ്പോള്‍ 2 സ്വഭാവങ്ങള്‍ തമ്മിലാണ് യോജിക്കുന്നത്. അത് വിവാഹവേദികളില്‍ വാക്കുകള്‍ കൊണ്ടും പ്രസംഗം മുഖേനയും തീരുന്നതല്ല. പ്രത്യൂത പരസ്പരസഹകരണവും വിശാലഹൃദയവും തുറന്ന ചര്‍ച്ചയും വഴിയാണ് ഈ 2 വ്യത്യസ്ത സ്വഭാവങ്ങള്‍ ഒരുമനപ്പെട്ടുപോകുന്നത്. പല ദമ്പതികളും അവര്‍ പഠിച്ചു വെച്ചിരിക്കുന്ന ശീലങ്ങള്‍ മനഃപൂര്‍വ്വം മാറ്റാന്‍ ശ്രമിക്കാത്തതും ഞാന്‍ പിടിച്ച മുയലിന് 3 കൊമ്പ് എന്ന ദുര്‍വാശിയുമാണ്. തെറ്റ് തന്റേതാണെന്ന് തോന്നിയാല്‍ പോലും മനഃപൂര്‍വ്വം സമ്മതിച്ചുകൊടുക്കാതെയും, അങ്ങനെ സമ്മതിക്കുന്നത് തങ്ങള്‍ക്ക് എന്തോ നഷ്ടമാവുമെന്ന ചിന്താഗതിയുമാണ് പല വിവാഹമോചന കേസുകളിലും കാണുവാന്‍ കഴിയുന്നത്. ഈ ദമ്പതികളുടെയിടയില്‍ 3-ാമതൊരു വ്യക്തികൂടി കടന്നുവരുന്നു. ഇല്ലാത്ത വിഷയങ്ങളെ പെരുപ്പിച്ചുകാണിച്ച് ദമ്പതികളുടെ സ്വസ്ഥത നഷ്ടപ്പെടുത്തുന്നത് തൊഴിലായി സ്വീകരിച്ചിട്ടുള്ളവരാണ് ഇവര്‍.

പ്രിയ സാറിന്,
എന്റെ ഭര്‍ത്താവിനെക്കുറിച്ച് ചില വിഷയങ്ങള്‍ പറയുന്നതിനുവേണ്ടിയാണ് ഈ കത്തെഴുതുന്നത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് 13 വര്‍ഷമായി. ഞങ്ങള്‍ക്ക് 3 കുട്ടികളുണ്ട്. മൂത്തതിന് 11 വയസ്സും രണ്ടാമത്തേതിന് 9 ഉം മൂന്നാമത്തേതിന് 7 ഉം വയസ്സുണ്ട്. വിവാഹസമയത്ത് അദ്ദേഹത്തിന് ആവശ്യത്തിനുമാത്രമേ ഭക്തിയുണ്ടായിരുന്നുള്ളു. എന്നാല്‍ ചില വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ വലിയമാറ്റങ്ങളാണ് സംഭവിച്ചത്. ദൈവഭക്തിയുടെ പേരില്‍ വിദേശത്തായിരുന്ന അദ്ദേഹം നാട്ടിലേക്ക് വന്നു. സുവിശേഷവിളി എന്ന പേരില്‍ നല്ല ഒരു ജോലിയാണ് അദ്ദേഹം ഉപേക്ഷിച്ചത്. അതിനുശേഷം 24 മണിക്കൂറും പ്രാര്‍ത്ഥനയും ഉപവാസവുമായി കഴിയുന്നു. എന്റെയും കുഞ്ഞുങ്ങളുടെയും കാര്യത്തില്‍ അദ്ദേഹത്തിന് യാതൊരു ഉത്തരവാദിത്വവുമില്ല. ഞങ്ങള്‍ എങ്ങനെ കഴിയുന്നുവെന്ന് അന്വേഷിക്കാറില്ല. അതിനെപ്പറ്റി ചോദിക്കുകയാണെങ്കില്‍ ഞാന്‍ ദൈവരാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്നാണ് മറുപടി. ഞങ്ങളുടെ മക്കള്‍ പ്രായമായി വരുന്നു. അവരുടെ ഭാവിയെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലുമാവുന്നില്ല. എനിക്ക് ജോലിയൊമറ്റ് വരുമാനമാര്‍ഗ്ഗമോ ഒന്നുമില്ല. ഏങ്ങനെയാണ് ഞാന്‍ ഇതിനെ തരണം ചെയ്യേണ്ടതെന്നതിനെക്കുറിച്ച് സാറില്‍ നിന്ന് മറുപടി പ്രതീക്ഷിക്കുന്നു.
ജാന്‍സി പെരുമ്പാവൂര്‍

പ്രിയ സഹോദരിയുടെ കത്തിന് നന്ദി
ഇതുപോലെയുള്ള നിരവധി കത്തുകളാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ഈ കത്തില്‍ നിന്ന് ഇദ്ദേഹം ഏതു പ്രാര്‍ത്ഥനാഗ്രൂപ്പിലെ അംഗമാണെന്നും, ഏത് സഭാവിഭാഗത്തിലാണെന്നും വ്യക്തമാക്കിയിട്ടില്ലാത്തതിനാല്‍ ഇദ്ദേഹം ചെയ്യുന്ന ഈ പ്രവൃത്തി ദൈവവചനാനുസരണമാണെന്ന് പറയുവാന്‍ കഴിയില്ല. വിശുദ്ധ തിരുവെഴുത്തില്‍ സ്വന്തം കുടുംബത്തെ മറന്ന് ശുശ്രൂഷ ചെയ്യുവാന്‍ ഒരു സഭയും പഠിപ്പിച്ചിട്ടില്ല. അങ്ങനെയൊരു ഉപദേശം ക്രിസ്തീയ സഭയില്‍ ഇല്ലാത്തതുമാണ്. ഇദ്ദേഹം യഥാര്‍ത്ഥ വിശ്വാസിയാണെങ്കില്‍ ആദ്യം കുടുംബത്തില്‍ സാക്ഷ്യവും ദൗത്യവും നിര്‍വ്വഹിക്കേണ്ടതാണ്.
അത് ചെയ്യാതെ ദൈവരാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിചിത്രമായി ഞങ്ങള്‍ക്കു തോന്നുന്നു. നിങ്ങള്‍ അംഗമായിരിക്കുന്ന സഭാ പാസ്റ്ററേയും നേതൃത്വത്തെയും അറിയിക്കുകയോ അതല്ല നിങ്ങളുടെ കുടുംബത്തിലുള്ള ഉത്തരവാദിത്വപ്പെട്ടവര്‍ ആ സഭാ നേതൃത്വവുമായി സംസാരിക്കുന്നതോ ആവശ്യമാണ്.
അതല്ലെങ്കില്‍ നല്ലൊരു കൗണ്‍സിലറെകൊണ്ട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കാന്‍ ശ്രമിക്കുക. നല്ലൊരു ജീവിതം സഹോദരിക്കുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

  • Trinity Group Inc
  • Anna Properties