വിവാഹം പരിശുദ്ധമാണ്
കൗണ്‍സിലിംഗ് കോര്‍ണര്‍
ഡോ. ലൂക്കോസ് മന്നിയോട്ട്.
സര്‍,
ഞാന്‍ 26 വയസ്സുള്ള വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. വളരെ വിഷമത്തോടുകൂടിയാണ് ഈ കത്തെഴുതുന്നത്.
ഒരു ഇടത്തരം ക്രിസ്തീയ കുടുംബത്തിലെ ഇളയ മകളാണ് ഞാന്‍. വിവാഹത്തിനുമുന്‍പ് ഒരാളുമായി സ്‌നേഹത്തിലായിരുന്നു. എന്നെ ജീവനു തുല്യം സ്‌നേഹിച്ചിരുന്ന ആള്‍. പക്ഷേ വീട്ടുകാര്‍ ഞങ്ങളുടെ ബന്ധത്തിന് എതിരായിരുന്നു. കാരണം ഞങ്ങളുടെ സാമ്പത്തിക സാമുദായിക പശ്ചാത്തലം വ്യത്യസ്ഥമായിരുന്നു. എനിക്കതൊന്നും പ്രശ്‌നമല്ലായിരുന്നു. അദ്ദേഹം ഏതുനിമിഷവും എന്നെ സ്വീകരിക്കാന്‍ തയാറായിരുന്നു. ഞാന്‍ അദ്ദേഹത്തോടൊപ്പം പോകാന്‍ തീരുമാനിച്ചതാണ്. അപ്പോള്‍ എന്റെ വീട്ടില്‍ ഒരു കുപ്പി വിഷം വാങ്ങിവച്ചു. അതിന്റെ കൂടെ എന്റെ സഹോദരി ട്രെയിനിന്റെ മുമ്പില്‍ ചാടും എന്നു ഭീഷണിപ്പെടുത്തി. അങ്ങനെ അഞ്ചാറുജീവന്‍ കുരുതികൊടുത്ത് എങ്ങനെ ഞാന്‍ സുഖം നോക്കി പോകും? വീട്ടില്‍ വിലക്ക് ആയി. ഒരെഴുത്തയയ്ക്കാന്‍പോലും പറ്റാത്ത അവസ്ഥ. ശരിക്കും ഒരു വീട്ടുതടങ്കല്‍. ഇതിനിടയ്ക്ക് എനിക്ക് പല കല്യാണങ്ങളും ആലോചിച്ചു. പലതും ഞാന്‍ മുടക്കി. ദൈവംപോലും എനിക്കെതിരായിരുന്നു. വീട്ടുകാര്‍ എന്റെ കല്യാണം നിശ്ചയിച്ചു. എങ്കിലും ഞാന്‍ എന്റെ കല്യാണം ഒന്നു മുടങ്ങിക്കിട്ടാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചു. ഫോണെടുത്തത് ഞാനാണെന്നറിഞ്ഞപ്പോള്‍ കുറെ ചീത്തപറഞ്ഞു. മേലില്‍ വിളിക്കരുതെന്നു പറഞ്ഞു. ഞാന്‍ കൂടെ ചെല്ലാന്‍ ഒരുങ്ങിയിരുന്നെങ്കില്‍ അദ്ദേഹം സ്വീകരിക്കുമായിരുന്നു. അങ്ങനെ ഞാന്‍ മറ്റൊരാളുടെ ഭാര്യയായി. എന്റെ ഭര്‍ത്താവ് സ്‌നേഹസമ്പന്നനും സല്‍സ്വഭാവിയുമാണ്. എങ്കിലും അദ്ദേഹത്തിന് എന്റെ മനസ്സില്‍ സ്ഥാനമില്ലായിരുന്നു രണ്ടുമൂന്നാഴ്ച കഴിഞ്ഞാണു ഞങ്ങള്‍ ബന്ധപ്പെട്ടതുതന്നെ. ഒരു ബലാല്‍ക്കാരമെന്നുതന്നെ പറയാം. എനിക്കു സഹകരിക്കാനാവുന്നില്ല. പുറമേ സന്തോഷം നടിക്കും. എന്റെ ഭര്‍ത്താവ് എത്ര വിഷമിക്കുന്നുണ്ടാവും. എന്നെ നിനക്ക് ഇഷ്ടമല്ലേ എന്ന് എപ്പോഴും ചോദിക്കും ഇതിനിടയ്ക്ക് ഒരു കുഞ്ഞും ജനിച്ചു. പക്ഷേ എന്റെ മനസ്സില്‍ കാമുകന്റെ സ്ഥാനം വളരുകയായിരുന്നു. ഒരിക്കലും ഞാന്‍ അദ്ദേഹത്തില്‍ നിന്നു കളങ്കപ്പെട്ടിട്ടില്ല. ഭര്‍ത്താവിനെ ദൈവത്തെപ്പോലെ കാണെണ്ട ഞാന്‍ കാമുകനുവേണ്ടിയാണു പ്രാര്‍ത്ഥിക്കുന്നത്. അദ്ദേഹം ഇപ്പോള്‍ വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ്. അങ്ങനെ കാണാന്‍ എന്റെ സ്വാര്‍ത്ഥത എന്നെ അനുവദിക്കുന്നില്ല. എനിക്ക് എല്ലാ ജീവിതസൗകര്യങ്ങളുമുണ്ട്. എന്തുവേണമെങ്കിലും എന്റെ ഭര്‍ത്താവ് സാധിച്ചുതരും. പക്ഷേ അദ്ദേഹത്തെ സ്‌നേഹിക്കാനെനിക്കു കഴിയുന്നില്ല. ഭര്‍ത്താവിന്റെ കാലില്‍ വീണു ക്ഷമചോദിച്ചാല്‍പോലും എന്റെ പാപം തീരില്ല. ഇന്ന് എന്റെ സമനില തെറ്റിയരുന്നെങ്കില്‍! എന്നുപോലും ഞാന്‍ ആഗ്രഹിക്കുന്നു. അല്ലെങ്കില്‍ മരിക്കണം. ഈ കത്ത് ഒരു നിസാരമായി തള്ളിക്കളയാതെ ഒരു മറുപടി പ്രതീക്ഷിക്കുന്നു.
മിസിസ്സ്. ആല്‍ബി കോശി
പ്രിയപ്പെട്ട ആല്‍ബിക്ക്
ദൈവം നല്കിയ ദാനമാണ് നമ്മുടെ ജീവിതം എന്ന് നാം ആദ്യം തിരിച്ചറിയേണ്ടതുണ്ട്. സൃഷ്ടിതാവായ ദൈവത്തിന് നമ്മെക്കുറിച്ച് വ്യക്തമായ പദ്ധതികള്‍ ഉണ്ട്. അക്കാര്യം നാം തിരിച്ചറിയാതെ പോയാല്‍ അതിനേക്കാള്‍ പരാജയപ്പെട്ട മറ്റൊരു വസ്തുതയില്ല. അതുകൊണ്ടു തന്നെ ആ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് ആവണം നാം ഈ പ്രശ്‌നത്തെ കാണേണ്ടത്. വിവാഹം എന്നത് ദൈവത്താല്‍ സ്ഥാപിതമായ ഒരു ഉടമ്പടിയാണ്. അതുകൊണ്ടു തന്നെ ഒരു ക്രിസ്തീയ കുടുംബത്തില്‍ ജനിച്ചുവളര്‍ത്തപ്പെട്ട താങ്കളുടെ വിവാഹവും ദൈവഹിതപ്രകാരമാകേണ്ടതുണ്ട്. കേവലം നൈമിഷീകമായ ചില ഘടകങ്ങളില്‍ മാത്രം ആശ്രയിച്ച് അതിനുവേണ്ടി മറ്റെല്ലാം മറന്ന് അലയുന്ന മനസ്സാണ്. സഹോദരിയുടേത്. തീര്‍ച്ചയായും ഇവിടെ വികാരത്തേക്കാള്‍ വിവേകമാണ് ആവശ്യം. ദൈവം താങ്കള്‍ക്ക് ഏറ്റവും അനുയോജ്യനായ ഒരു ഭര്‍ത്താവിനെ നല്കിയിരിക്കുന്നു. നമ്മെക്കുറിച്ച് നമ്മേക്കാള്‍ നന്നായി അറിയാവുന്നത് ദൈവത്തിനാണ്. താങ്കള്‍ക്കുവേണ്ടിയുള്ള ദൈവത്തിന്റെ കണ്ടെത്തലാണ് സഹോദരിയുടെ ഭര്‍ത്താവ്. അദ്ദേഹം സ്‌നേഹസമ്പന്നനും ഉത്തമനുമാണെന്ന് സഹോദരി തന്നെ സാക്ഷ്യപ്പെടുത്തി കഴിഞ്ഞല്ലോ. സഹോദരിയെ ദൈവം വളരെ അധികമായി സ്‌നേഹിക്കുന്നുണ്ട്. അതുകൊണ്ടാണ് താങ്കള്‍ക്ക് ഇങ്ങനെയൊരു പങ്കാളിയെ ദൈവം നല്കിയത്. അതുകൊണ്ട് ദൈവത്തിന്റെ തെരഞ്ഞെടുപ്പിന് കീഴടങ്ങി ദൈവത്തോടു നന്ദിയുള്ളവരായി ജീവിക്കുകയാണ് വേണ്ടത്.
സഹോദരി ഒരാളെ സ്‌നേഹിച്ചു. എന്നാല്‍ ആ സ്‌നേഹബന്ധം അവിടെ അവസാനിച്ചു. കൊതിക്കാതെ കിട്ടിയ ജീവിതം ഒരു വരദാനം പോലെയായി. സ്‌നേഹിക്കാന്‍ കഴിയുന്ന മനസ്സിന് ലഭിച്ച ഒരു പാരിതോഷികം. അനുഭവിച്ച ദുസ്സഹവേദനകള്‍ക്ക് ഒരു സാന്ത്വനം. വരദാനം എന്നോണം കിട്ടിയ ആ സാന്ത്വനം – ആ പാരിതോഷികം അതിന്റെ എല്ലാ പവിത്രതയോടും കൂടി കാത്തുസൂക്ഷിക്കേണ്ട ചുമതല താങ്കള്‍ക്കുള്ളതാണ്. വിവാഹം പരിശുദ്ധവും ദൈവത്തിന്റെ കല്പനയുമാണ്. ഭാര്യയുടെ പൂര്‍വ്വചരിത്രത്തില്‍ ഒരു പങ്കുമില്ലാത്ത, ഭാര്യയെ അതിരറ്റുവിശ്വസിക്കുന്ന സല്‍സ്വഭാവിയും സ്‌നേഹസമ്പന്നനുമായ ഒരു മനുഷ്യന്‍. യാതൊരു തെറ്റും ചെയ്യാത്ത ആ മനുഷ്യന്‍ എന്തിന് ശിക്ഷിക്കപ്പെടണം. ഭാര്യയുടെ സ്‌നേഹം പൂര്‍ണ്ണതയോടെ ആഗ്രഹിക്കുന്ന ആ മനുഷ്യന്റെ മുമ്പിലുള്ള, ഭാര്യയുടെ ഇരട്ട മനസ്സ് അയാള്‍ക്ക് കാണാന്‍ കഴിയാത്തത് എത്ര ഭാഗ്യം! ഇതില്‍ താന്‍ തെറ്റുകാരി ആയിരുന്നു എന്നും കാമുകനെ ചതിക്കുകയായിരുന്നുമെന്നുമുള്ള കുറ്റബോധം സഹോദരിയുടെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. അത് എത്ര കണ്ട് നിരര്‍ത്ഥകമാണെന്നുമുള്ള കാര്യം വിശകലനം ചെയ്തു സ്വയം ബോദ്ധ്യം വരുത്തിയാല്‍ ഇതിനൊരു പരിഹാരമാകുമെന്ന് തോന്നുന്നു. നിങ്ങളുടെ പ്രേമബന്ധത്തിനുണ്ടായ പ്രതിബന്ധങ്ങളെ ധൈര്യപൂര്‍വ്വം മറികടക്കാനോ പ്രേമിച്ച പെണ്‍കുട്ടിയെ ഏതുവിധത്തിലെങ്കിലും സ്വന്തമാക്കാനോ ഉള്ള നീക്കങ്ങള്‍ ഒന്നും കാമുകന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്നുള്ളതല്ലേ വാസ്തവം.
സ്വന്തമാക്കാന്‍ ആഗ്രഹിച്ച വിവാഹം നടക്കുന്നു എന്ന് അറിഞ്ഞിട്ട് പ്രതികരിക്കാനോ കൂടുതല്‍ അസ്വതന്ത്രതയുള്ള സഹോദരിക്ക് ഫോണ്‍ ചെയ്യാന്‍ എങ്കിലും കഴിഞ്ഞപ്പോഴും കാമുകിയെ രക്ഷപെടുത്താനോ എന്തെങ്കിലും നീങ്ങള്‍ അയാളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. അതിനുള്ള ധൈര്യമോ തന്റേടമോ പൗരുഷമോ അയാള്‍ കാണിച്ചില്ല. അയാളോടുതോന്നിയ സ്‌നേഹത്തിന്റെതീഷ്ണതയില്‍ ഈ ന്യൂനതകളൊന്നും സഹോദരിയുടെ പ്രേമാന്ധമായ കണ്ണിന് കാണാന്‍ കഴിഞ്ഞില്ല എന്നുള്ളതല്ലേ സത്യം. മാത്രമല്ല, ഇന്ന് അയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. സഹോദരിക്ക് തോന്നുന്ന മനസാക്ഷിക്കുത്തൊന്നും അയാള്‍ക്ക് ഉള്ളതായി അറിയാന്‍ കഴിഞ്ഞിട്ടില്ല. ഒരിക്കല്‍ സ്‌നേഹിച്ച ആ മനുഷ്യന്‍ ജീവിതം കൈവിട്ടുപോകാതെ സൈ്വര്യമായി, സന്തോഷമായി ജീവിക്കുന്നുവെന്ന് അറിയുന്നത് ആശ്വാസകരമല്ലേ?
സഹോദരിയുടെ പ്രേമനൈരാശ്യം കൊണ്ട് ഒരു ജീവിതം തകര്‍ന്നുപോയാലല്ലേ പരിതപിക്കുകയും കുറ്റബോധം തോന്നുകയും ചെയ്യേണ്ടതായിട്ടുള്ളൂ.!
ദൈവകൃപയാല്‍ സഹോദരിക്ക് സമ്പന്നമായ ഒരു ജീവിതം കൈവന്ന സ്ഥിതിക്ക് അതിന് എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണത നല്കുവാനാണ് ശ്രദ്ധിക്കേണ്ടത്. കൈവന്ന ജീവിതം കൊണ്ട് ഈ ഭൂമിയിലെ ഹ്രസ്വമായ ജീവിതം ധന്യമാക്കുകയാണ് വേണ്ടത്. കാമുകന്റെ രൂപം മനസ്സില്‍ നിന്നും മാറ്റി സ്‌നേഹസമ്പന്നനായ ഭര്‍ത്താവിനെ, സ്വന്തം കുഞ്ഞിന്റെ അച്ഛനെ അവിടെ പ്രതിഷ്ഠിക്കുക! അത് സ്ഥിരപ്രതിഷ്ഠയാകട്ടെ. മറ്റൊരു സ്ത്രീയുടെ മനസ്സിലെ പ്രതിഷ്ഠ ഇളക്കാന്‍ നോക്കുന്നത് പാപമാണ്. അവരുടെ സൈ്വര്യത അവര്‍ക്ക് വിട്ടേക്കുക. സ്വന്തം ജീവിതത്തില്‍ സൈ്വര്യവും സന്തോഷവും വരുത്താന്‍ ശ്രമിക്കുക. ദൈവത്തില്‍ കൂടുതലായി ആശ്രയിക്കുക. പ്രാര്‍ത്ഥനക്കും ദൈവവചന വായനക്കും കൂടുതല്‍ സമയം കണ്ടെത്തുക. ഈ അശുഭ ചിന്തകളൊക്കെ അതോടെ മാറിക്കിട്ടും.