വിവാഹം പേടിസ്വപ്നമാകുമ്പോള്‍
സര്‍,
ഞാന്‍ ബിരുദധാരിയായ ഒരു പെണ്‍കുട്ടിയാണ്. ഒരു ക്രിസ്തീയ കുടുംബത്തിലാണ് ഞാന്‍ ജനിച്ചുവളര്‍ത്തപ്പെട്ടത്. എന്റെ മാതാപിതാക്കള്‍ തികഞ്ഞ ആത്മീയരും സഭയുടെ ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്നവരുമാണ്. ചെറുപ്പം മുതല്‍ തന്നെ അവരുടെ ശിക്ഷണത്തിലാണ് ഞാന്‍ വളര്‍ന്നുവന്നത്. കോളജില്‍ പഠിക്കുമ്പോള്‍ പോലും കര്‍ശനമായ അച്ചടക്കത്തിലാണ് മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയത്. ഞാന്‍ അവരുടെ ഏക മകളായതുകൊണ്ട് അവര്‍ക്ക് വളരെ കരുതലുണ്ടായിരുന്നു.കോളജില്‍ നിന്ന് വീട്ടിലെത്താന്‍ അല്പം താമസിച്ചാല്‍ അവര്‍ക്ക് ആകാംക്ഷയായി. ഞാന്‍ പുറത്തുപോകുമ്പോഴൊക്കെ പപ്പായോ മമ്മിയോ കൂടെയുണ്ടാകും. ഇപ്പോള്‍ എന്റെ വിവാഹം ഉറപ്പിച്ചിരിക്കുകായാണ് . വരന്‍ ഗള്‍ഫിലാണ്. എന്നാല്‍ വിവാഹത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് ഭയമാണ്. എന്റെ പപ്പായെയും മമ്മിയേയും വിട്ടുപോകുന്ന കാര്യം ഓര്‍ക്കാനേ വയ്യ. അവരുടേയും അവസ്ഥ ഇതുതന്നെ. ഞാന്‍ എന്തുചെയ്യണം. ക്രിസ്ത്യന്‍ ട്രിബ്യൂണിലൂടെ അങ്ങയുടെ വിദഗ്ദ്ധ ഉപദേശത്തിനായി ഞാന്‍ കാത്തിരിക്കുന്നു. ഷീന വയനാട്.
പ്രിയ സഹോദരി
മാതാപിതാക്കളെ ഉറ്റുസ്‌നേഹിക്കുന്ന മക്കള്‍ക്ക് പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് വിവാഹസമയത്ത് ഇത്തരമൊരു പ്രതിസന്ധി നേരിടേണ്ടിവരും. പ്രത്യേകിച്ച് ഷീനയുടെ കാര്യത്തില്‍ അത് അല്പംകൂടി ഗൗരവമേറിയതാണെന്നുമാത്രം. മാതാപിതാക്കളുടെ ഏകമകളായി വളര്‍ന്ന ഷീനയ്ക്ക് അവരെ പിരിയുമ്പോഴുണ്ടാകുന്ന ദുഃഖം സ്വാഭാവികമാണ്. എന്നാല്‍ ജീവിതത്തെ സംബന്ധിച്ച് അത് അനിവാര്യമാണെന്നത് മറന്നുപോകരുത്.
ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ നാം അഭിമുഖീകരിക്കേണ്ട നിരവധി സാഹചര്യങ്ങളുണ്ടാവും. അതില്‍ ഒന്നാണ് വിവാഹവും കുടുംബജീവിതവും. വിവാഹം എന്നത് ദൈവത്തിന്റെ പദ്ധതിയും ആശയവുമാണ്. ഏദെനില്‍ ആദാമിന് ഹൗവ്വയെ നല്കി ദൈവം കുടുംബജീവിതം എന്ന പ്രസ്ഥാനത്തിന് തുടക്കമിട്ടു. ദൈവത്താല്‍ ആരംഭിക്കപ്പെട്ടതെല്ലാം ഏറ്റവും മികച്ചതും സമ്പൂര്‍ണ്ണവുമാണ്. അതുകൊണ്ട് തന്നെ വിവാഹത്തെ സംബന്ധിച്ച് യാതൊരു ആശങ്കയുടേയും ആവശ്യമില്ല.ഈ ഒരു ബോധ്യം നമ്മുടെ ഹൃദയത്തില്‍ ഉണ്ടാകുമ്പോള്‍ നമ്മുടെ മറ്റെല്ലാ ആശങ്കകളും നീങ്ങിപ്പോകും.
ഇതുവരെ ഷീന മാതാപിതാക്കളോടൊപ്പമാണ് ജീവിച്ചത്. അവരുടെ സ്‌നേഹവാത്സല്യങ്ങള്‍ ആവോളം അനുഭവിക്കുവാന്‍ ഷീനയ്ക്ക് സാധിച്ചു. അവരേയും ആഴത്തില്‍ സ്‌നേഹിക്കുവാന്‍ ഷീനയ്ക്ക് കഴിഞ്ഞു. ഇനി വിവാഹജീവിതത്തിലേക്ക് ഷീന പ്രവേശിക്കുകയാണ്. എന്നാല്‍ ഇതോടെ കുടുംബവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കുന്നുവെന്ന് അര്‍ത്ഥമില്ല. പ്രത്യുത, ഷീജയുടെ മാതാപിതാക്കള്‍ക്ക് അവരെ സ്‌നേഹിക്കുവാന്‍ ഒരു മകനെക്കൂടി ലഭിക്കുകയാണ് ചെയ്യുന്നത്. ഇവിടെ വേര്‍പിരിയലുകളോ അകല്‍ച്ചകളോ ഇല്ല. മറിച്ച് കൂടുതല്‍ ആഴത്തിലുള്ള സ്‌നേഹബന്ധങ്ങള്‍ ഉടലെടുക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യം മനസ്സിലാക്കാനാകുമ്പോള്‍ സോഹദരിയുടെ മാതാപിതാക്കള്‍ക്ക് ആശ്വാസം കണ്ടെത്താനാകും.
ദൈവം ഷീനയ്ക്ക് സ്‌നേഹസമ്പന്നരായ മാതാപിതാക്കളെ നല്കി. ഇപ്പോഴിതാ സ്‌നേഹസമ്പന്നനായ ഒരു ഭര്‍ത്താവിനേയും ദൈവം സമ്മാനിക്കുന്നു. ദൈവം നല്കിയിരിക്കുന്ന ദാനങ്ങളെ അതിന്റെ അതിന്റെ എല്ലാ ബഹുമാനത്തോടും കൂടെ സ്വീകരിക്കേണ്ട ഉത്തരവാദിത്വം ഷീനയ്ക്കാണ്. ഇനിയുള്ള ജീവിതത്തില്‍ ഇതുവരെ പോകാത്ത വഴികളിലൂടെയാണ് സഹോദരിക്ക് യാത്ര ചെയ്യുവാനുള്ളത്. ഈ വഴികളില്‍ കാലിടറാതെ കരം പിടിച്ച് ഒപ്പം നടത്തുവാന്‍ ഒരു തക്ക തുണയെയാണ് ദൈവം താങ്കള്‍ക്ക് നല്കിയിരിക്കുന്നത്. ഇത് ദൈവത്തിന്റെ മനോഹരമായ സമ്മാനമാണ്.
നമ്മെ ഏറ്റവും നന്നായി അറിയാവുന്നത് ദൈവത്തിനാണ്. .നമ്മുടെ മുന്നോട്ടുള്ള ജീവിതത്തില്‍ നമുക്ക് ആവശ്യമായത് തക്ക സമയത്ത് ദൈവം നല്‍കും. സഹോദരിയുടെ ഇനിയുള്ള ജീവിതയാത്രയില്‍ തക്കതുണയായി ഒരാള്‍ ആവശഅയമാണന്ന് ദൈവം മനസ്സിലാക്കിയതുകൊണ്ടാണ് താങ്കള്‍ക്ക് ഒരു പങ്കാളിയെ ദൈവം നല്‍കിയിരിക്കുന്നത്.
ഇനി ജീവിതത്തിന്റെ പരിഗണനകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുവാന്‍ സഹോദരി തയ്യാറാകണം. ഭര്‍ത്താവിനെ ബഹുമാനിക്കുവാനും സ്‌നേഹിക്കുവാനും ഹൃദയം തുറന്ന് അംഗീകരിക്കുവാനുമുള്ള മനസ്സ് ഉണ്ടാകേണ്ടതുണ്ട്. ഇനി ഹൃദയം ഭര്‍ത്താവിനോടൊപ്പമാണ് യാത്ര ചെയ്യേണ്ടത്. അതിനായി മാനസികമായി തയ്യാറെടുക്കാനുള്ള ദിവസങ്ങളായി ഈ സമയത്തെ ഉപയോഗിക്കണം.
മാതാപിതാക്കളോടുള്ള ബഹുമാനവും ആദരവും നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇനിയുള്ള ജീവിതത്തില്‍ ശിരസ്ഥാനത്ത് ഭര്‍ത്താവുണ്ടായിരിക്കണം. ദൈവവചനം ഒരു ഭാര്യയെക്കുറിച്ച് ആഗ്രഹിക്കുന്നത് അതാണ്. അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും നാം തയ്യാറാകരുത്.
മാതാപിതാക്കളോടൊപ്പമുള്ള ജീവിതത്തില്‍ നാം ഏറെ സന്തോഷിക്കുകയും അത് ആസ്വദിക്കുകയുംചെയ്യുന്നു. എന്നാല്‍ പുതിയ ജീവിതത്തില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയാണ്. അവിടെ മകളായിട്ടല്ല ഭാര്യയായിട്ടാണ് നിങ്ങള്‍ ജീവിക്കേണ്ടത്. ഭാര്യ എന്ന നിലയില്‍ ഉള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ മുഖ്യ പരിഗണന നല്‍കിക്കൊണ്ട് മുന്നോട്ട് പോകുവാന്‍ ദൈവമായ കര്‍ത്താവ് ഷീനയെ സഹായിക്കട്ടെ.