സ്വസ്ഥത കെടുത്തുന്ന ഭാര്യ
പ്രീയ സാര്‍,
ഈ കത്ത് എഴുതുന്നത് വളരെ വേദനയോടെയാണ്. വിവാഹം കഴിഞ്ഞ് 13വയസ്സുള്ള കുട്ടിയുടെ പിതാവും, തിരക്കുള്ള ഒരുബിസിനസ്സുകാരനുമാണ് ഞാന്‍. എന്റെ പ്രശ്‌നം എനിക്ക് യാതൊരു സ്വസ്ഥതയോ സമാധാനമോ എന്റെ കുടുംബത്തില്‍ നിന്ന് ലഭിക്കുന്നില്ല. ഞാന്‍ വിവാഹം കഴിച്ചത് ഉന്നത കുടുംബത്തില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയെയാണ്. എന്റെ സ്വസ്ഥതകെടുത്തുന്നതിന് പ്രധാനകാരണക്കാരി എന്റെ ഭാര്യയാണ്. അതിനുകാരണം എന്റെ ഭാര്യയുടെ ഉത്തരവാദിത്വമില്ലായ്മയും ഒന്നിനെക്കുറിച്ചും ഗൗരവമില്ലാത്തതുമാണ്. എന്തുപറഞ്ഞാലും അവളുടെ സ്വഭാവത്തില്‍ മാറ്റമില്ല. യാതൊരു വൈകാരിക സ്വഭാവവും പ്രകടിപ്പിക്കത്തുമില്ല. എന്റെ അടുക്കും ചിട്ടയുമെല്ലാം നഷ്ടപ്പെടുന്നു. വീട്ടില്‍ വരുമ്പോള്‍ എനിക്ക് ഭ്രാന്ത് പിടിക്കുകയാണ്. എന്റെ മോള്‍ക്ക് അവളുടെ അമ്മയുടെ അതേ പ്രകൃതമാണ്. എന്റെ ഭാര്യയുടെ വിഷയം മാതാപിതാക്കളോട് സംസാരിച്ചപ്പോള്‍ അവര്‍ വെറും നിസാരമായിട്ടാണ് ഇതിനെ കാണുന്നത്. ഇതിന് പരിഹാരം ലഭിച്ചില്ലെങ്കില്‍ ഒരു ഏകാന്തജീവിതം നയിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ദയവായി എത്രയും വേഗം ഒരു മറുപടി തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
റോണി, ഷാര്‍ജ
പ്രീയ റോണി,
താങ്കള്‍ എഴുതിയ കത്ത് വളരെ ശ്രദ്ധയോടെ വായിച്ചു. ഈ കത്തില്‍ നിന്നും മനസ്സിലാകുന്നത് താങ്കല്‍ വളരെ അടുക്കും ചിട്ടയുമുള്ള ആളാണെന്നാണ്, രണ്ടാമത് താങ്കള്‍ വളര്‍ന്നു വന്നതും ഭാര്യ വളര്‍ന്നു വന്നതും രണ്ട് വ്യത്യസ്ത കുടുംബങ്ങളിലാണ്. താങ്കള്‍ വളര്‍ന്നു വന്ന പശ്ചാത്തലവും അനുഭവിച്ച അഥവാ ആര്‍ജ്ജിച്ച അനുഭവങ്ങളോ ഭാര്യയ്ക്കുണ്ടായിരിക്കണമെന്നില്ല. അല്ലലില്ലാതെ വളര്‍ന്ന ഒരു പെണ്‍കുട്ടിയാണ് നിങ്ങളുടെ ഭാര്യ എന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. ചെറിയ പ്രായത്തില്‍ ഗൗരവമേറിയ വിഷയങ്ങളോ കുറവുകളോ അറിയാതെ വളര്‍ന്നു വന്ന അന്തരീക്ഷമായതുകൊണ്ട് വിഷയങ്ങളുടെ ഗൗരവം എന്തെന്ന് മനസ്സിലാക്കുവാന്‍ അവര്‍ക്ക് പ്രയാസമാകുന്നു. ഈ സാഹചര്യങ്ങള്‍ താങ്കളെ കോപിപ്പിക്കുകയും ഈ സാഹചര്യങ്ങള്‍ കുടുംബ ജീവിതത്തിലും ദൈനംദിന കാര്യങ്ങളിലും ഭാര്യയില്‍ നിന്ന് ലഭിക്കാതെ വരുമ്പോള്‍ കോപമുണ്ടാകുവാനും സ്വസ്ഥത കെടുവാനും കാരണമാകുന്നു.
വളരെ തിരക്കുള്ള ബിസിനസ്സ് ചെയ്യുന്നതിനാല്‍ അവിടെ നിന്നുള്ള മാനസിക സമ്മര്‍ദ്ദങ്ങളും കുടുംബത്തിലെ പ്രശ്‌നങ്ങളും കൂടുതല്‍ വഷളാക്കുന്നു. നിങ്ങളുടെ കത്തില്‍ നിന്നും ഞങ്ങള്‍ മനസ്സിലാക്കുന്നത് നിങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ വേഗതയേറിയ വ്യക്തിയാണെന്നാണ്. നിങ്ങള്‍ കാര്യങ്ങള്‍ പെട്ടെന്ന് നടക്കണമെന്നും അത് ഏറ്റവും ക്രമീകരിക്കപ്പെട്ടതാകണമെന്നും താങ്കള്‍ കരുതുന്നു. പക്ഷേ ക്ഷമക്കുറവ് മൂലം കോപം ഉണ്ടാവുകയും പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയും ചെയ്യുന്നു. നിങ്ങളുടെ ഭാര്യ നിഷ്‌കളങ്കയായ ഒരു സ്ത്രീയായിട്ടാണ് ഞങ്ങള്‍ കാണുന്നത്. കളവുകളോ മത്സരബുദ്ധിയോ ഇല്ലാത്തതുകൊണ്ട് വിഷയത്തിന്റെ ഗൗരവം ഇതുവരെ അവര്‍ക്ക് മനസിലായിട്ടുണ്ടാവില്ല. അവരുടെ പ്രശ്‌നം എന്തെന്ന് ഒരുമിച്ചിരുന്ന് ചര്‍ച്ചചെയ്യുവാനും അവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി അവരോട് സൗമ്യമായി പെരുമാറാനും താങ്കള്‍ക്ക് കഴിയണം. മാതാപിതാക്കളെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ഒരു പെണ്‍കുട്ടിയാണ് നിങ്ങളുടെ ഭാര്യ എന്ന് ഞങ്ങള്‍ കരുതുന്നു. അതേ സമയം ചില ഉത്തരവാദിത്വങ്ങള്‍ അവരെ ഏല്‍പിച്ചാല്‍ നിങ്ങളുടെ അതേ വേഗതയില്‍ അവര്‍ ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു. അത് പ്രയാസമാണ്. നിങ്ങള്‍ ഓടുന്ന അതേ വേഗതയില്‍ നിങ്ങളുടെ ഭാര്യയും വരണമെന്ന് പ്രതീക്ഷിക്കുന്നത് തെറ്റാണ്. ദൈവം നിങ്ങള്‍ക്ക് ഒരു ഉത്തമതുണയെയാണ് നല്കിയിരിക്കുന്നത്. രണ്ടുപേര്‍ക്കും ഒരുപോലെ വേഗതയാണെങ്കില്‍ കുടുംബത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവും. നിങ്ങളെ അനുസരിക്കുന്ന അംഗീകരിക്കുന്ന കീഴ്‌പ്പെടുന്ന സ്‌നേഹനിധിയായ ഭാര്യയെ നിങ്ങള്‍ക്ക് ലഭിച്ചെന്ന് വരില്ല. ആ സത്യം നിങ്ങള്‍ മനസിലാക്കി ചെറിയ ചെറിയ ഉത്തരവാദിത്വങ്ങള്‍ ഏല്‍പിച്ച് പോരായ്മകള്‍ പറഞ്ഞുകൊടുത്ത് ആദ്യം ചെയ്തുതുടങ്ങുമ്പോഴുണ്ടാകുന്ന കഷ്ടങ്ങളും നഷ്ടങ്ങളും സഹിക്കാന്‍ തയ്യാറായാല്‍ നിങ്ങളുടെ കുടുംബജീവിതം സന്തോഷകരമായി മാറും. അതിനുള്ള വേദി നിങ്ങള്‍ കൊടുക്കുക. കോപത്തോടെ കാര്യങ്ങള്‍ പറയാതെ സൗമ്യമായി കാര്യങ്ങള്‍ പറയുവാന്‍ കഴിയണം. മകളെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ തെറ്റാണ്. ആ കുഞ്ഞിനെ നല്ലരീതിയില്‍ അഭ്യസിപ്പിക്കേണ്ട ചുമതല നിങ്ങളുടേതാണ്. അതില്‍ നിന്നും ഒഴിഞ്ഞുമാറുവാനോ മറ്റുള്ളവരെ പഴിചാരുവാനോ ശ്രമിക്കരുത്. അങ്ങനെ ചെയ്യുമ്പോള്‍ ദൈവം ആഗ്രഹിക്കുന്ന സ്‌നേഹസമ്പന്നമായ ഒരു കുടുംബമായി നിങ്ങളുടേതും മാറും എന്നതില്‍ സംശയമില്ല. നിങ്ങള്‍ക്ക് ഈ പുതുവര്‍ഷത്തില്‍ ധന്യവും മനോഹരവും വിജയകരവുമായ ഒരു കുടുംബജീവിതം ഞങ്ങള്‍ ആശംസിക്കുന്നു.