Federal Bank
Royal-Malabar
Silk Villagio
Lulu gold

സ്‌നേഹത്തില്‍ നിറയുന്ന കുടുംമ്പ ബന്ധങ്ങള്‍

വിവാഹദിനത്തില്‍ നമ്മുടെ മനസ്സുകളില്‍ എന്തെല്ലാം പ്രതീക്ഷകളാണ് നിറയുന്നത്. ഭാവിയെക്കുറിച്ച് നിരവധി സ്വപ്നങ്ങള്‍ നമ്മുടെ മനസ്സില്‍ നിറയും. എന്നെ കരുതാനും, സ്‌നേഹിക്കാനും, പങ്കുവയ്‌വക്കും എനിക്കുമാത്രം സ്വന്തമായൊരാള്‍ എന്ന ചിന്തയാകും നമ്മുടെ മനസ്സിലുയരുക.
പക്ഷെ ഹണിമൂണ്‍ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് നമ്മുടെ ശ്രദ്ധപതിയും. നാം പ്രതീക്ഷിക്കാത്ത പലതും സംഭവിക്കുകയും, പ്രതീക്ഷിച്ചതു പലതും സംഭവിക്കാതിരിക്കുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തെ എങ്ങനെ നേരിടാനാകും ? വിവാഹമോചനമാണോ പരിഹാരം ? അല്ല എന്ന് ആദ്യമെതന്നെ പറയട്ടെ. വിവാഹമോചനം കൊണ്ട് നിങ്ങളുടെ പ്രശ്‌നങ്ങളൊന്നും അവസാനിക്കുകയില്ല എന്നുമാത്രമല്ല പുതിയ ചില പ്രശ്‌നങ്ങള്‍ കൂടി ആരംഭിക്കുകയും ചെയ്യും.
ജീവിതത്തെ നേരിടേണ്ടത് എങ്ങനെ എന്ന തിരിച്ചറിവോടെയായിരിക്കണം വധൂവരന്‍മാര്‍ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കേണ്ടത്. അല്ലാത്തപക്ഷം ചെറിയ തിരിച്ചടികളുണ്ടാകുമ്പോള്‍ വേദനിക്കുവാനും നിലവിളിക്കുവാനും എല്ലാം അവസാനിച്ചു എന്നു ചിന്തിക്കുവാനും ഇടവരും.
എന്റെ അടുക്കല്‍ കൗണ്‍സിലിംഗിനായെത്തിയ ഒരു നവവധുവിന്റെ പ്രശ്‌നം ഭര്‍ത്താവിന്റെ സൗഹൃദങ്ങളായിരുന്നു. വിവാഹം കഴിഞ്ഞതാണ് എന്ന ചിന്തയൊന്നും കക്ഷിക്കില്ല. ഓഫീസ് വിട്ടാല്‍ കൂട്ടുകാരുമൊത്ത് ഒരു കറക്കവും കഴിഞ്ഞ് രാത്രിയാകുമ്പോഴാണ് വീട്ടിലെത്തുന്നത്. വീട്ടിലെത്തിയാലും മൊബൈല്‍ ഫോണില്‍നിന്നു ചെവിയെടുക്കാറില്ല. ഇനി ഭാര്യയോട് സംസാരിക്കുമ്പോഴാകട്ടെ കൂട്ടുകാരുടെ പ്രത്യേകിച്ച പെണ്‍കൂട്ടുകാരുടെ വിശേഷങ്ങളാണ് അധികവും പറയാനുള്ളത്. ഇത് കേട്ട് മടുത്ത് വിവാഹമോചനത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടാണ് പെണ്‍കുട്ടി വന്നത്.
ഞാന്‍ പെണ്‍കുട്ടിയുമായി സംസാരിച്ചു. അവള്‍ അധികം സംസാരിക്കുന്ന പ്രകൃതമല്ല. ഒരു അന്തര്‍മുഖത്വം അവളുടെ പെരുമാറ്റത്തിലുണ്ടായിരുന്നു. അതുതന്നെയാണ് അവരുടെ കുടുംബജീവിതത്തിലെ താളപ്പിഴകളുടെ പ്രധാനകാരണം എന്നെനിക്ക് തോന്നി. ഞാന്‍ പെണ്‍കുട്ടിയോട് പറഞ്ഞു. ഭര്‍ത്താവിന്റെ കൂട്ടുകാരെ മറക്കുക.
ഭര്‍ത്താവിന്റെ ഏറ്റവും നല്ല സുഹൃത്തായി മാറാന്‍ ശ്രമിക്കുക.
ഭര്‍ത്താവിന് ഒരു പക്ഷെ ഭാര്യയെക്കാള്‍ കൂടുതലായി മനസ്സുതുറക്കാന്‍ കഴിഞ്ഞത് കൂട്ടുകാരുടെ അടുത്തായിരിക്കാം. അല്ലെങ്കില്‍ കൂട്ടുകാരുമായി വിവാഹത്തിനുമുമ്പുള്ള സൗഹൃദം അതേ തീവ്രതയില്‍ തുടരുന്നതുമാകാം. ഏതായാലും ഭാര്യയ്ക്ക് ഇവിടെ പരമപ്രധാനമായ ഒരു റോള്‍ ഉണ്ട്. അത് ഒരു ആത്മമിത്രത്തിന്റേതാണ്. എന്തും തുറന്നുപറയാനും, പങ്കുവയ്ക്കാനും കഴിയുന്ന ഒരു ആത്മമിത്രത്തിന്റെ റോളിലേക്ക് ഭാര്യ ഉയരണം. കൂട്ടൂകാരെയെല്ലാം വിവാഹത്തോടെ ഉപേക്ഷിക്കണം എന്നല്ല ഇതിന്റെ അര്‍ത്ഥം. എന്നാല്‍ വിവാഹശേഷം അത്മമിത്രം പങ്കാളിതന്നെയായിരിക്കണം. എന്റെ ഭാര്യയെക്കാള്‍ വലുതായി ഈ ലോകത്തില്‍ മറ്റാരുമില്ലെന്ന തിരിച്ചറിവ് ഭര്‍ത്താവില്‍ ഉളവാക്കുവാനാകണം.
ഇത് എങ്ങനെ സാധിക്കും. അതിന് ഒരേയൊരു മാര്‍ഗ്ഗമേയുള്ളു. അതാണ് സ്‌നേഹം.
നിങ്ങള്‍ക്ക് പങ്കാളിയോടുള്ള സ്‌നേഹം ഒരിക്കലും മൂടിവയ്ക്കരുത്. അത് നിറഞ്ഞുകവിഞ്ഞ് ഒഴുകട്ടെ. യഥാര്‍ത്ഥസ്‌നേഹത്തിന് ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളെയും പരിഹരിക്കാനുള്ള കരുത്തുണ്ട്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്ന് പറയുന്നതിനൊപ്പം അത് ജീവിതത്തിന്റെ സമസ്തമേഖലകളിലൂടെയും കാട്ടിക്കൊടുക്കുവാന്‍ പങ്കാളികള്‍ ഇരുവര്‍ക്കും ഉത്തരവാദിത്തമുണ്ട്.
പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോട്ടം നടത്താതെ അതിനെ ധൈര്യത്തോടെ അഭിമുഖീകരിക്കാന്‍ ഞാന്‍ പെണ്‍കുട്ടിയെ ഉപദേശിച്ചു. ഭര്‍ത്താവിന്റെ ഒരു മികച്ച ശ്രോതാവായി മാറുവാനും അദ്ദേഹവുമായി ഹൃദയം തുറന്ന് സംസാരിക്കുവാനും സ്‌നേഹത്തിന്റെയും കരുതലിന്റെയും ആഴം പെരുമാറ്റത്തിലൂടെ വെളിപ്പെടുത്തുവാനും നിര്‍ദ്ദേശിച്ചു.
ഫലം അത്ഭുതാവഹമായിരുന്നു. പിന്നീട് ഇരുവരെയും ഞാന്‍ ഒരു വിവാഹചടങ്ങില്‍ വച്ച് കണ്ടുമുട്ടി. എന്നെ കണ്ടപാടെ പെണ്‍കുട്ടി ഓടിവന്നു. ഭര്‍ത്താവിനെ എനിക്കുപരിചയപ്പെടുത്തി. ഇന്ന് ഇരുവരും ജീവിതപങ്കാളികള്‍ എന്നത് വാക്കിലും പെരുമാറ്റത്തിലും സാര്‍ത്ഥകമായി വെളിപ്പെടുത്തുന്നു.
സ്‌നേഹത്തിന് സാധിക്കാത്തത് എന്താണു ള്ളത് ? എത്ര കിരാതനായ മനുഷ്യന്റെ ജീവിതത്തിലും മാറ്റങ്ങള്‍ വരുത്തുവാന്‍ സ്‌നേഹപൂര്‍വ്വകമായ ഇടപെടലുകള്‍ക്ക് സാധിക്കും.
കുടുംബജീവിതത്തിന്റെയും എക്കാലത്തെയും ഏറ്റവും വലിയ വിജയമന്ത്രം എന്നത് സ്‌നേഹം തന്നെയാണ്. സ്‌നേഹം നിറഞ്ഞുകവിഞ്ഞ് ഒഴുകട്ടെ. അതിന്റെ സൗരഭ്യം ജീവിതങ്ങളില്‍ സന്തോഷത്തിന്റെ ഒരു പൂക്കാലം തന്നെ വിരിയിക്കും.
ഇനി പരമപ്രധാനമായ കാര്യം ഓര്‍മിപ്പിക്കട്ടെ. കുടുംബപ്രാര്‍ത്ഥനയ്ക്ക് നിങ്ങള്‍ ഒരിക്കലും മുടക്കം വരത്തരുത്. ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒരുമിച്ച് വസിക്കുന്നു. എന്ന മഹദ്‌വചനം മറന്നുപോകരുത്. നിങ്ങള്‍ക്കിരുവര്‍ക്കും അനുയോജ്യമായ സമയം നിശ്ചയിച്ച് കുടുംബപ്രാര്‍ത്ഥനകള്‍ ക്രമീകരിക്കുക. ആ സമയത്തിന് ഒരു കാരണവശാലും മുടക്കം വരത്തരുത്.
അപ്പോള്‍ തന്നെ നിങ്ങളുടെ ജീവിതത്തില്‍ നിന്നും പ്രശ്‌നങ്ങള്‍ അകന്നു പോകുന്നത് കാണുവാന്‍ സാധിക്കും. ദൈവത്തോട് ഒപ്പം പരസ്പരമുള്ള തുറന്ന ആശയ വിനിമയത്തിന് കുടുംബ പ്രാര്‍ത്ഥന അവസരമൊരുക്കുന്നു.

  • Trinity Group Inc
  • Anna Properties