ഹൃദയം ഹൃദയത്തെ അറിയുമ്പോള്‍
പലരും അവിശ്വസനീയതയോടെയാണ് ആ വാര്‍ത്ത കേട്ടത്. രാജന്‍ സീമയെ വിവാഹം കഴിക്കാന്‍ പോകുന്നു. ഏതെങ്കിലുമൊരു രാജന്‍ ഏതെങ്കിലുമൊരു സീമയെ വിവാഹം കഴിക്കുന്നതില്‍ എന്താണ് അവിശ്വസനീയമായിട്ടുള്ളതെന്ന ചോദ്യം ഉയര്‍ന്നേക്കാം. അവിടെയാണ് ഇരുവരെക്കുറിച്ചും നിങ്ങള്‍ അറിയേണ്ടത്.
രാജന്‍ ബിരുദാനന്തരബിരുദധാരിയായ ഒരു ചെറുപ്പക്കാരനാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. രാജന്റെ മാതാപിതാക്കള്‍ അദ്ധ്യാപകരായിരുന്നു. സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലുള്ള കുടുംബം. സമൂഹത്തിനാകെ മാതൃകയായി ജീവിക്കുന്ന ഒരു കുടുംബം. രാജന്‍ നാട്ടിലെ പബ്ലിക്ക് ലൈബ്രറിയുടെ സെക്രട്ടറി കൂടിയാണ്. നാട്ടില്‍ എന്താവശ്യങ്ങളുണ്ടായാലും സജീവമായി ഇടപെടുന്ന ഒരു ചെറുപ്പക്കാരന്‍.
ഇനി സീമയെക്കുറിച്ച് പറയാം. സീമ ബി. കോം പാസ്സായ പെണ്‍കുട്ടിയാണ്. പാവപ്പെട്ട ഒരു വീട്ടിലെ അംഗം. മാത്രമല്ല ഒരു കാലിന് ചലനശേഷി ജന്മനാ ഇല്ലാത്തയാളാണ് സീമ. ഇപ്പോള്‍ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ താല്‍ക്കാലിക തസ്തികയില്‍ ജോലി ചെയ്യുന്നു.
രാജന്റെ വീട്ടില്‍ നിന്നും സീമയുടെ വീട്ടിലേക്ക് ഏറെ ദൂരമില്ല. ഇരുവരും ഒരേ സ്‌കൂളിലാണ് പഠിച്ചത്. രാജനെക്കാള്‍ രണ്ടുവയസ്സ് കുറവായിരുന്നു സീമയ്ക്ക്. കാണുമ്പോള്‍ അന്യോന്യം സംസാരിക്കും. അത്രമാത്രം.
രാജന് വിവാഹാലോചനകള്‍ വന്നുതുടങ്ങിയ സമയത്താണ് അവന്‍ തന്റെ മാതാപിതാക്കളുടെ മുന്നില്‍ വിഷയം അവതരിപ്പിച്ചത്. എനിക്ക് സീമയെ വിവാഹം കഴിച്ചാല്‍ കൊള്ളാമെന്നുണ്ട്.
രാജന്റെ മാതാപിതാക്കള്‍ ഞെട്ടിപ്പോയി. ഏകമകന്‍. വലിയ സ്വപ്നങ്ങളായിരുന്നു അവര്‍ക്ക് മകന്റെ വിവാഹത്തെക്കുറിച്ചുണ്ടായിരുന്നത്. എന്നാല്‍ ഭാവഭേദങ്ങളൊന്നും കൂടാതെ പിതാവ് രാജനോട് പറഞ്ഞു. നീ ഒന്നുകൂടി ഗൗരവമായി ആലോചിക്കണം. സീമയെ വിവാഹം കഴിച്ചാലുണ്ടാകാവുന്ന പ്രശ്‌നങ്ങളെക്കുറിച്ചൊക്കെ വിലയിരുത്തണം. അതിനുശേഷവും നിന്റെ തീരുമാനം ഇതുതന്നെയാണെങ്കില്‍ ആ വിവാഹം ഞങ്ങള്‍ നടത്തിത്തരാം.
രാജന്‍ ഒന്നുകൂടി അതേപ്പറ്റി ഗൗരവമായി ചിന്തിക്കാമെന്ന് ഉറപ്പുനല്‍കി. അതിനുശേഷമാണ് ഒരു ഉപദേശം തേടി എന്നെ സന്ദര്‍ശിച്ചത്. രാജന്‍ വിഷയം അവതരിപ്പിച്ചപ്പോള്‍ത്തന്നെ ഞാന്‍ ഒരു കാര്യം വ്യക്തമായി ഓര്‍മ്മിപ്പിച്ചു.
”ഒരു പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ നമ്മെ അതിലേക്ക് നയിക്കേണ്ട വികാരം സഹതാപമോ, കരുണയോ അല്ല. ഒരു സാമൂഹികസേവനമല്ല വിവാഹം. വിവാഹജീവിതത്തിലേക്ക് പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ മനസ്സിലുണ്ടായിരിക്കേണ്ടത് നിറഞ്ഞ സ്‌നേഹമാണ്.”
കേവലം സഹതാപം കൊണ്ടല്ല താന്‍ സീമയെ വിവാഹം കഴിക്കാനാഗ്രഹിക്കുന്നതെന്ന് രാജന്‍ പറഞ്ഞു. സീമയെ തനിക്ക് ബാല്യം മുതല്‍ അറിയാം. അവളുടെ ഇച്ഛാശക്തിയും, ആകര്‍ഷകമായ വ്യക്തിത്വവും തന്നെ ആകര്‍ഷിച്ചിട്ടുണ്ട്. ശാരീരികമായ വൈകല്യങ്ങള്‍ തന്റെ മനസ്സിനെ യാതൊരു നിലയിലും സ്വാധീനിച്ചിട്ടില്ല. താനൊരു മഹാസേവനമാണ് ചെയ്യുന്നതെന്നൊന്നും തോന്നിയിട്ടില്ലെന്നും രാജന്‍ പറഞ്ഞു.
രാജന്റെ മനസ്സിലെ നന്മ ഞാന്‍ തിരിച്ചറിഞ്ഞു. വികലാംഗയായ ഒരു പെണ്‍കുട്ടിക്ക് ജീവിതം നല്‍കുന്നു എന്ന സേവനമനസ്സിനപ്പുറം രാജന്റെ ഹൃദയത്തിലുള്ള സ്‌നേഹം മനസ്സിലാക്കിയപ്പോള്‍ ഈ വിവാഹആലോചനയുമായി മുന്നോട്ട്‌പോകാനാണ് ഞാന്‍ ഉപദേശിച്ചത്.
രാജന്റെ ഉറച്ച തീരുമാനത്തിനുമുമ്പില്‍ അവന്റെ മാതാപിതാക്കളും സമ്മതം മൂളി. അപ്പോഴാണ് പുതിയൊരു എതിര്‍പ്പ്. അത് സീമയുടെ ഭാഗത്തുനിന്നായിരുന്നു. രാജനെപ്പോലൊരാള്‍ തന്നെ വിവാഹം കഴിച്ച് അയാളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കേണ്ട എന്നതായിരുന്നു സീമയുടെ നിലപാട്. ഈ തര്‍ക്കങ്ങള്‍ക്കിടയില്‍ സീമയെയും കൂട്ടി രാജന്‍ വീണ്ടും എന്റെ അടുത്തെത്തി.
ഞാന്‍ സീമയുമായി സംസാരിച്ചു. ഒരു മനുഷ്യനും അവനില്‍ത്തന്നെ പൂര്‍ണ്ണനല്ലെന്ന പ്രപഞ്ചസത്യം ഞാന്‍ സീമയെ ഓര്‍മ്മിപ്പിച്ചു. വിവാഹത്തിലൂടെ ഒരു സ്ത്രീയും പുരുഷനും ഒന്നായിച്ചേരുമ്പോഴാണ് അവിടെ പൂര്‍ണ്ണത രൂപം കൊള്ളുന്നത്. ശാരീരികമായ വൈകല്യങ്ങള്‍ക്കൊന്നും അവിടെ യാതൊരു പ്രസക്തിയുമില്ല. ഹൃദയങ്ങളുടെ കൂടിച്ചേരലാണത്. ഹൃദയം ഹൃദയത്തെ തിരിച്ചറിയുന്ന പ്രവര്‍ത്തനമാണത്.
മാത്രമല്ല ശാരീരികമായ പ്രശ്‌നങ്ങളൊക്കെ ആര്‍ക്കും എപ്പോഴും സംഭവിക്കാന്‍ സാധ്യതയുള്ളതാണ്. അതിനെ വലിയൊരു പ്രതിസന്ധിയായി കാണേണ്ടതില്ല. നാം കരുത്താര്‍ജ്ജിക്കാന്‍ ഈശ്വരന്‍ ഒരുക്കിയിരിക്കുന്ന പദ്ധതികളിലൊന്നായി അതിനെതിരിച്ചറിയുമ്പോള്‍ വൈകല്യങ്ങള്‍ അനുഗ്രഹമായി മാറും. ഇനി മുന്നോട്ട് രാജന് താങ്ങായി സീമയും, സീമയ്ക്ക് താങ്ങായി രാജനുമുണ്ടാകണം. ഞാന്‍ ഉപദേശിച്ചു.
മണിക്കൂറുകള്‍ നീണ്ട തുറന്ന സംഭാഷണത്തിനൊടുവില്‍ ഇരുവരും ഇനി മുന്നോട്ട് ഒരേ പാതയില്‍ കൂടി സഞ്ചരിക്കാന്‍ തീരുമാനിച്ചു. ഒരു നാട് മുഴുവന്‍ ഉല്‍സവമായി അവരുടെ വിവാഹം ഏറ്റുവാങ്ങി. അതിനിടെ അടുത്തുതന്നെയുള്ള ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ സീമയ്ക്ക് സ്ഥിരം ജോലിയും ലഭിച്ചു. ഇരുവരുടെയും ദാമ്പത്യജീവിതം നിറഞ്ഞ സന്തോഷത്തോടെ മുന്നോട്ട് നീങ്ങുന്നു.
സീമ ഇന്ന് തന്റെ പരിമിതികളെ ഓര്‍ത്ത് നിലവിളിക്കുന്നില്ല. സാധാരണ ആളുകളെപ്പോലെ എല്ലാക്കാര്യങ്ങളും തനിയെ ചെയ്യുന്നു. തന്റെ സ്‌കൂട്ടറില്‍ എല്ലാ ദിവസവും ജോലിക്ക് പോകുന്നു.
ഗൃഹജോലികളില്‍ അമ്മയെ സഹായിക്കുന്നു. രാജന്റെ ഏറ്റവും ചെറിയകാര്യങ്ങളില്‍പ്പോലും ശ്രദ്ധിക്കുന്നു. അന്ന് താന്‍ സീമയെ വിവാഹം കഴിക്കാനെടുത്ത തീരുമാനം നൂറുശതമാനം ശരിയായിരുന്നുവെന്ന് രാജന്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു. അത്രയേറെ സന്തോഷഭരിതമാണ് അവരുടെ ജീവിതം. മാത്രമല്ല ആദ്യം ഏതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും രാജന്റെ മാതാപിതാക്കള്‍ക്കും ഇന്ന് സീമ പ്രിയപ്പെട്ട മരുമകളായിക്കഴിഞ്ഞു
രാജന്റെയും സീമയുടെയും ജീവിതം നമുക്ക് നല്‍കുന്ന സന്ദേശവും ഇതുതന്നെയാണ്. നാം ആരും നമ്മില്‍ത്തന്നെ പൂര്‍ണ്ണരല്ല. എന്ന വിവാഹമെന്ന ദൈവിക പദ്ധതിയിലൂടെ പങ്കാളികള്‍ ഇരുവരും ഒന്നായിത്തീരുമ്പോഴാണ് അവിടെ പൂര്‍ണ്ണത പ്രായോഗികമാകുന്നത്. അതിന് മറ്റൊരു പരിമിതിയും തടസ്സമല്ല. ഹൃദയം ഹൃദയത്തെ അറിയണം എന്നുമാത്രം. ഹൃദയങ്ങള്‍ പരസ്പരം തിരിച്ചറിയുന്നിടത്ത് കരുത്തുറ്റ ഒരു ദാമ്പത്യബന്ധമുണ്ടാകുന്നു. മറ്റെല്ലാ ഘടകങ്ങളെക്കാളും അതിപ്രധാനമാണ് ഹൃദയങ്ങളുടെ ഐക്യത എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.